ADVERTISEMENT

ലോകം കോവിഡിന്റെ പിടിയിൽ നിന്നു രക്ഷനേടുമെന്ന ശുഭപ്രതീക്ഷകൾക്കിടയിലാണ് ഈ വർഷത്തെ ശിശുദിനം എത്തുന്നത്. എന്നാൽ ലോകത്താകമാനം കുട്ടികളുടെ സ്ഥിതിയിൽ ആശങ്കാവഹമായ കാര്യങ്ങൾ ഉടലെടുക്കുന്നുണ്ടെന്ന് യൂനിസെഫ് പുറത്തിറക്കിയ 2021ലെ റിപ്പോർട്ട് പറയുന്നു. കോവിഡും തുടർന്നുണ്ടായ ലോക്ഡൗൺ, സ്‌കൂളിൽ പോകാനൊക്കാത്ത അവസ്ഥ എന്നിവയെല്ലാം കാരണം ഒറ്റപ്പെടൽ അനുഭവിച്ചത് മുതിർന്നവരെക്കാൾ കുട്ടികളെ ബാധിച്ചെന്നും സംഘടന മുന്നറിയിപ്പു നൽകുന്നു. ലോകത്ത് പല രാജ്യങ്ങളിലും രാഷ്ട്രീയസ്ഥിതിയും സാമ്പത്തിക സ്ഥിതിയും ശോചനീയമായതും കുട്ടികളെ ബാധിക്കുന്നുണ്ട്.

 

സമീപകാലത്ത് ഏറ്റവും ശ്രദ്ധ വേണ്ട പ്രതിസന്ധി ഇന്ത്യയുടെ സമീപരാജ്യമായ അഫ്ഗാനിസ്ഥാനിൽ ഉടലെടുക്കുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രാജ്യത്തെ ഭരണം താലിബാൻ പിടിച്ചടക്കിയതിനെത്തുടർന്നുണ്ടായ സ്ഥിതിഗതികൾ കുട്ടികളെ ഏറെ ബാധിച്ചിട്ടുണ്ട്. രാജ്യത്ത് 32 ലക്ഷത്തോളം കുട്ടികൾ 2021 അവസാനിക്കുന്നതോടെ കടുത്ത പോഷകാഹാരക്കുറവ് നേരിട്ടേക്കാമെന്നും ഇവരിൽ 10 ലക്ഷം പേരിൽ സ്ഥിതി മാരകമായേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനൽകുന്നു. അടുത്തിടെ നദികളിൽ വെള്ളം കുറഞ്ഞതു മൂലമുണ്ടായ വരൾച്ചയിലും മറ്റും അഫ്ഗാനിൽ ക്ഷാമവും ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമാണ്. പകർച്ചവ്യാധികളും രാജ്യത്തെ കുട്ടികളെ അപകടാവസ്ഥയിലാക്കുന്നു. പൊങ്ങൻപനി അവിടെ പടർന്നുപിടിക്കുകയാണെന്നും ഇതുവരെ 24000 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. താലിബാൻ മുന്നേറ്റത്തെ തുടർന്ന് രാജ്യത്ത് ഉടലെടുത്ത കൂട്ടപ്പലായനത്തിൽ ആയിരക്കണക്കിന് കുട്ടികൾ മറ്റു രാജ്യങ്ങളിലെത്തി. എന്നാൽ ഇവരുടെ രക്ഷിതാക്കൾ അഫ്ഗാനിൽ തന്നെയാണ്. രക്ഷിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥരായി ജീവിക്കുകയാണ് ഇവരിൽ പലരും. യുഎസിൽ മാത്രം ഇത്തരം 1300 അഫ്ഗാൻ കുട്ടികളുണ്ടെന്നാണു കണക്ക്.

 

പല ആഫ്രിക്കൻ രാജ്യങ്ങളിലും കുട്ടികളുടെ സ്ഥിതി അതീവ ഗുരുതരമാണ്. ആഭ്യന്തരയുദ്ധങ്ങൾ കടുക്കുന്ന ആഫ്രിക്കയിലെ സഹേൽ മേഖലയിൽ കുട്ടികളെ ഭീകര സംഘടനകളും സായുധ സംഘടനകളും റിക്രൂട്ട് ചെയ്യുകയും അവരെ യുദ്ധത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിൽ ആദ്യം ഉടലെടുത്ത ക്ഷാമമെന്ന നിലയിൽ ശ്രദ്ധനേടിയ പ്രതിസന്ധി നടമാടുന്ന മഡഗാസ്‌കറിൽ കുട്ടികളുടെ സ്ഥിതി അതീവരൂക്ഷമാണ്. പലരും ഭക്ഷണം പോലും കഴിക്കാതെ എല്ലും തോലുമായ അവസ്ഥയിലാണെന്ന് ഇവിടങ്ങളിലുള്ള യുഎൻ സഹായ സംഘടനാപ്രവർത്തകർ പറയുന്നു. ശക്തമായ ടിഗ്രൈ ആഭ്യന്തരയുദ്ധം നടക്കുന്ന ഇത്യോപ്യയിൽ ഒരുലക്ഷം കുട്ടികൾ പട്ടിണിമരണത്തിന്റെ വക്കിലാണെന്ന് യുഎൻ പറയുന്നു. സൈന്യവും ടിഗ്രൈ വിമതരും തമ്മിൽ നടക്കുന്ന ആക്രമണത്തിൽപ്പെട്ടും ഒട്ടേറെ കുട്ടികൾ മരിക്കുന്നുണ്ട്.

 

യൂറോപ്പിലും മറ്റും അഭയാർഥികളായെത്തുന്ന കുട്ടികളുടെ സ്ഥിതിഗതികൾ വിലയിരുത്തണമെന്നും യൂനിസെഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രവേശനത്തിലും മറ്റും പ്രതിസന്ധി ഉടലെടുക്കുന്നതിനാൽ കുട്ടികളുൾപ്പെടെ അതിർത്തികളിലും മറ്റും കെട്ടിക്കിടക്കുന്നുണ്ട്. ഇവരുടെ സ്ഥിതി ശോചനീയമാണ്. അമേരിക്കൻ വൻകരകളിലും പ്രതിസന്ധിയുണ്ട്. തെക്കൻ, മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പലായനം ശക്തമാകുകയും അതിർത്തികളിൽ രക്ഷിതാക്കളില്ലാതെയെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയുമാണ്. ഉത്തരകൊറിയയിലും ആശങ്കാകരമാണ് കാര്യങ്ങൾ. രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമം ഉടലെടുക്കുന്നതിനെ എങ്ങനെ നേരിടുമെന്ന് അറിയാതെ വിചിത്രമാർഗങ്ങൾക്കു പിന്നാലെ പോകുകയാണ് സർക്കാർ. ഇവിടത്തെ കുട്ടികൾ നിർബന്ധിത തൊഴിലിനും മറ്റും വിധേയമാക്കപ്പെടുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

 

English Summary : Child refugees and migrants around the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com