ADVERTISEMENT

കയറാൻ വളരെയെളുപ്പം എന്നാൽ ലക്ഷ്യസ്ഥാനത്തെത്താനോ അല്ലെങ്കിൽ തിരിച്ചിറങ്ങാനോ വളരെ ദുഷ്‌കരം, ഇതാണു ലാബിറിന്ത്. കുട്ടികളുടെ മാസികകളിലും ചില ഗെയിമുകളിലും നമ്മൾ ലാബിറിന്തുകൾ അടിസ്ഥാനമാക്കിയുള്ള കളികൾ കണ്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാബിറിന്ത് ഗ്രീക്ക് ഐതിഹ്യത്തിലെ മിനോട്ടോർ എന്ന ഭീകരജീവിയുമായി ബന്ധപ്പെട്ടതാണ്. മനുഷ്യരെ തിന്നുന്ന ഒരു ജീവിയായിരുന്നു മിനോട്ടോർ.

 

ഗ്രീക്ക് രാജ്യമായ ക്രീറ്റിലെ രാജാവായിരുന്നു മിനോസ്. സമുദ്രത്തിന്റെ ദേവനായ പൊസീഡണിന്റെ അനുഗ്രഹപ്രകാരം മിനോസിന് ഒരു വെളുത്ത കാളയെ കിട്ടി. എന്നാൽ മുൻനിശ്ചയിച്ചതു പ്രകാരം കാളയെ പൊസീഡണിനു ബലി കൊടുക്കാൻ മിനോസ് തയാറായില്ല. മറിച്ച് അയാൾ അതിനെ സ്വന്തമാക്കി. ഇതു പൊസീഡൺ ദേവനെ കോപിപ്പിക്കുകയും മിനോട്ടോർ എന്ന ഭീകരജീവി മിനോസിന്റെ കൊട്ടാരത്തിൽ ജനിക്കുകയും ചെയ്തു. കാളയുടെ തലയും മനുഷ്യന്റെ ഉടലുമായിരുന്നു മിനോട്ടോറിന്.

 

മനുഷ്യനെ ഭക്ഷിക്കുമെന്നതിനാൽ തീർത്തും അപകടകാരിയായ മിനോട്ടോറിനെ സൂക്ഷിക്കാനായി വളരെ സങ്കീർണമായ ഘടനയുള്ള ഒരു കെട്ടിടം നിർമിക്കാൻ മിനോസ് ശിൽപിയായ ഡീഡലസിനോട് ആവശ്യപ്പെട്ടു. അതുപ്രകാരം ഡീഡലസ് നിർമിച്ചതാണ് മനുഷ്യനെ ചുറ്റിക്കുന്ന ലാബിറിന്ത്. ഇതിന്റെ നിർമാണത്തിനു ശേഷം രഹസ്യം പുറത്തുപോകാതിരിക്കാനായി ഡീഡലസിനെ തടവറയിലുമാക്കി.

 

എന്നാൽ പ്രശ്‌നം തീർന്നില്ല. മിനോട്ടോറിനു ഭക്ഷിക്കാൻ ആളുകൾ വേണം. ക്രീറ്റിലുള്ളവരെ ഈ ഭീകരജീവിക്കായി ബലികൊടുക്കാൻ മിനോസ് തയാറായിരുന്നില്ല. ഇതിന് അയാൾ ഒരു പോംവഴി കണ്ടെത്തി. യുദ്ധത്തിലൂടെ തങ്ങൾ അധീനമാക്കിയ ആതൻസ് രാജ്യത്തു നിന്ന് കൗമാരപ്രായം കഴിഞ്ഞ 7 ആൺകുട്ടികളെയും 7 പെൺകുട്ടികളെയും മാസം തോറും അയയ്ക്കണമെന്ന് ഒരുടമ്പടി വച്ചു. സാമന്തരായതിനാൽ ഇത് അനുസരിക്കാതെ ആതൻസിനു തരമുണ്ടായിരുന്നില്ല. അവിടെ നിന്ന് എല്ലാ മാസവും ചെറുപ്പക്കാർ വന്നുകൊണ്ടിരുന്നു. ഇവരെ മിനോസ് ലാബിറിന്തിലേക്കു തള്ളിവിട്ടു. മിനോട്ടോർ ഇവരെ പിടിച്ചുതിന്നുകയും ചെയ്തു.

 

അക്കാലത്ത് ഏഗസായിരുന്നു ആതൻസിന്റെ രാജാവ്. അദ്ദേഹത്തിന്റെ മകനായിരുന്നു ധീരനായ തെസ്യൂസ്. ഈ ദുർനടപടി അവസാനിപ്പിക്കണമെന്ന് തെസ്യൂസ് തീരുമാനിക്കുകയും അടുത്ത തവണ അയയ്ക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിൽ തന്നെയും അയയ്ക്കണമെന്ന് പിതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും ഏഗസ് പിന്നീട് വഴങ്ങി. കറുത്ത പായകളുള്ള ഒരു കപ്പലിൽ തെസ്യൂസ് യാത്രയായി. താൻ ജീവനോടെ തിരികെയെത്തിയാൽ കപ്പലിന്റെ പായകൾ മാറ്റി വെളുത്തവ കെട്ടുമെന്ന് പിതാവിനോട് തെസ്യൂസ്  പറഞ്ഞു.

 

ക്രീറ്റിലെത്തിയ തെസ്യൂസിനെ സഹായിക്കാൻ മിനോസിന്റെ മകൾ അരിയാഡ്‌നെ തയാറായി. ഒരു വാളും നൂൽക്കെട്ടും അവൾ അവനു നൽകി. നൂൽ ശരീരത്തു ബന്ധിച്ചു കൊണ്ടു വേണം ലാബിറിന്തിനുള്ളിൽ കയറാനെന്ന് അവൾ അവനെ ഉപദേശിച്ചു. തെസ്യൂസ് അപ്രകാരം ചെയ്തു. ലാബിറിന്തിനുള്ളിൽ കടന്ന അവൻ മിനോട്ടോറിനെ ഒരു ഘോരയുദ്ധത്തിനു ശേഷം കൊലപ്പെടുത്തി. പിന്നീട് നൂലു പിന്തുടർന്നു മടങ്ങിയെത്തി. ആതൻസിലേക്കു മടങ്ങുകയും ചെയ്തു.

 

എന്നാൽ ധൃതിക്കിടയിൽ തെസ്യൂസ് ഒരു കാര്യം മറന്നു. കപ്പലിന്റെ കറുത്ത പായ മാറ്റി വെളുത്തത് സ്ഥാപിക്കുന്നതായിരുന്നു അത്. ദൂരെ നിന്നു കപ്പൽ വരുന്നത് കണ്ട ഏഗസ് അതിന്റെ പായ കറുത്തിരിക്കുന്നതായി കണ്ട് തന്റെ മകൻ മിനോട്ടോറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നു കരുതി. ദുഖത്താൽ ആ പിതാവ് കടലിൽ ചാടി ആത്മഹത്യ ചെയ്തു. പിൽക്കാലത്ത് തെസ്യൂസ് ആതൻസിന്റെ രാജാവായി.

 

ഈ കഥ സത്യമാകാൻ യാതൊരു സാധ്യതയുമില്ല. എന്നാലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മേഖലയിൽ പര്യവേക്ഷണം നടത്തിയ ആർതർ ഇവാൻസ് എന്ന പര്യവേക്ഷണത്തിൽ പുരാതന ക്രീറ്റിൽ സ്ഥിതി ചെയ്ത ക്‌നോസോസിൽ ഒരു കൊട്ടാരവും ലാബിറിന്ത് പോലുള്ള ഘടനയും കണ്ടെത്തി. ഇതു മിനോസിന്റെ കൊട്ടാരമാണെന്ന് ഇവാൻസ് വാദിച്ചെങ്കിലും ഇന്നും ഇത് അംഗീകരിക്കാൻ ചരിത്രകാരൻമാർ തയാറായിട്ടില്ല.

 

English Summary : The mythical Labyrinth of the Minotaur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com