ADVERTISEMENT

പണ്ട് ഗൃഹപാഠം ചെയ്തുകൊണ്ടിരുന്ന ഹോംവർക് ബുക് ലേലത്തിൽ വിറ്റ പെനിസിൽവേനിയ സർവകലാശാലയിലെ പഴയ വിദ്യാർഥിയായ ബ്രയാൻ തോമസിനു ലഭിച്ചത് 5 ലക്ഷം രൂപ. ഇതു കേട്ടിട്ട് അലമാരയും മറ്റും പരതി പഴയ ഹോംവർക് ബുക് കണ്ടെത്തി ലേലം ചെയ്തു ലക്ഷാധിപതിയാകാൻ നോക്കേണ്ട, കിട്ടില്ല. ബ്രയാൻ തോമസിന്റെ ബുക്കിനു പൊന്നും വില നേടിക്കൊടുത്തത് അതിലെ ഒപ്പുകളാണ്. ആ ഒപ്പിട്ടത് ആരെന്നോ? സ്പേസ് എക്സ്, ടെസ്‌ല തുടങ്ങിയ കമ്പനികളുടെ അധിപനും ശതകോടീശ്വരനുമായ സാക്ഷാൽ ഇലോൺ മസ്ക്.

 

ബ്രയാൻ പഠിച്ചിരുന്ന പെൻസിൽവേനിയ സർവകലാശാലയുടെ കീഴിലുള്ള വാർട്ടൺ ബിസിനസ് സ്കൂളിൽ ടീച്ചിങ് അസിസ്റ്റന്റായിരുന്നു അക്കാലത്ത് മസ്ക്. 1995ലാണ് ഈ സംഭവം. അന്ന് സംരംഭകത്വത്തെപ്പറ്റിയുള്ള കോഴ്സിൽ ബ്രയാൻ തോമസിന്റെ സഹ അധ്യാപകനായി മസ്ക് വന്നു. ബ്രയാന്റെ അസൈൻമെന്റുകൾ നോക്കി മാർക്കിട്ടത് ഇലോൺ മസ്കാണ്.

 

നല്ല ഒരധ്യാപകനായിരുന്നു മസ്കെന്ന് ബ്രയാൻ തോമസ് പറയുന്നു. വിശദമായി അസൈൻമെന്റുകൾ നോക്കുകയും മാർക്കുകൾ കൃത്യമായി അടയാളപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. മാർക്ക് കുറച്ചിടത്ത് അതു കുറയ്ക്കാനുണ്ടായ കാര്യങ്ങളും മസ്ക് അടയാളപ്പെടുത്തിയിട്ടുണ്ട്. എത്ര മാർക്ക് ലഭിച്ചെന്ന‌് എഴുതിയ ശേഷം തന്റെ ഒപ്പും ബുക്കിൽ ഇട്ടിട്ടുണ്ട്. ഈ ഒപ്പാണ് അ‍ഞ്ച് ലക്ഷം രൂപ മൂല്യം ബുക്കിനുണ്ടാക്കിക്കൊടുത്തത്.

 

ബ്രയാൻ തോമസ് പിന്നീട് ഇതെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണു വസ്തുത. മാർക്ക് തരാൻ നല്ല മടിയുള്ളയാളായിരുന്നു മസ്കെന്നു മാത്രം ബ്രയാൻ ഓർക്കുന്നു. കോഴ്സിലെ മറ്റു ബുക്കുകളൊക്കെ കളഞ്ഞെങ്കിലും ഇത് ബ്രയാൻ അലമാരയിൽ സൂക്ഷിച്ചുവച്ചു. അത് മസ്കിനോടുള്ള ഇഷ്ടം നിമിത്തമല്ലായിരുന്നു. മറിച്ച് കോഴ്സിന്റെ പ്രധാന അധ്യാപകനായ മൈലി ബാസിനോടുള്ള ബഹുമാനം കൊണ്ടായിരുന്നു. ഏതായാലും സൂക്ഷിച്ചുവച്ചത് കാര്യമായി. 5 ലക്ഷം രൂപ വന്ന വഴി തുറന്നത് ആ ബുക്കാണ്.

 

ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്ക് അവിടെ സ്കൂൾ പഠനത്തിനു ശേഷം 1989ൽ അദ്ദേഹം കാനഡയിലേക്കു ഡിഗ്രി പഠിക്കാനെത്തി.തുടർന്ന് 1992ൽ തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്ക് സമൂഹമാധ്യമങ്ങളിലും മറ്റും അനേകം ആരാധകരുള്ള ഒരു സെലിബ്രിറ്റി കൂടിയാണ്.

 

English Summary : Paper graded Elon Musk University of Pennsylvania student 1995 sells in auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com