ADVERTISEMENT

ജുറാസിക് പാർക്ക് സിനിമകൾ കണ്ടിട്ടില്ലേ. അതുപോലെ ഒരു സന്ദർഭത്തിൽ പെട്ടാൽ എന്തു ചെയ്യും? നമ്മളെ നോക്കി വരുന്ന ഘടാഘടിയനായ ദിനോസർ. എന്തു ചെയ്യും. ഇടിച്ചു തോൽപിക്കാമെന്നു വച്ചാൽ ദിനോസറിന് ഒടുക്കത്തെ ശക്തിയാണ്. പിന്നെ ചെയ്യാൻ ഒന്നേയുള്ളൂ. ഓട്ടം....

അതേ എത്രയും പെട്ടെന്ന് ഓടി രക്ഷപ്പെടുക. ജുറാസിക് പാർക്കിലെ പ്രധാന വില്ലൻ ദിനോസർ ടി.റെക്‌സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ടൈറാനോസറസ് റെക്‌സാണ്. അതിയാനു വലിയ വേഗമൊന്നുമില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. അതുകൊണ്ട് സുഖമായി ഓടി രക്ഷപ്പെടാം. എന്നാൽ ടി.റെക്‌സിനു പകരം സ്‌പെയിനെ ലാ റോജയിൽ പഴയ ദിനോസർ കാലഘട്ടത്തിൽ എത്തിയിരുന്നെങ്കിൽ യാതൊരു രക്ഷയും നമുക്കുണ്ടാവില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഇവിടെ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഒരു സംഗതിയുണ്ട്. പണ്ട് ലാറോജയിൽ ജീവിച്ചിരുന്ന ഒരു ദിനോസറിന് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുമായിരുന്നത്രേ. ലോകത്തിലെ ഏറ്റവും വലിയ ഓട്ടക്കാരനായ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗമാണ് ഇത്. ചുരുക്കം പറഞ്ഞാൽ നമ്മളെത്ര ഓടിയാലും ഈ ഭീകരൻ നമ്മളെ പിടികൂടും. ആളൊരു മാംസഭോജിയുമാണ്. അപ്പോൾ നമ്മുടെ കഥ തീർന്നെന്നു തന്നെ സാരം.

 

മുന്തിരിക്കൃഷിക്കു പേരുകേട്ട മേഖലയാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്ന സ്‌പെയിനിലെ ലാ റോജ. ഇവിടെ കണ്ടെത്തിയ ദിനോസർ കാൽപ്പാടുകൾ വിലയിരുത്തിയാണു ശാസ്ത്രജ്ഞർ പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്. ഇവിടെ ജീവിച്ചിരുന്ന രണ്ടു കാലുകളും അവയിൽ മൂന്നു വീതം കാൽവിരലുകളുമുള്ള ദിനോസറാണ് ഓട്ടക്കാരൻ. 145 ദശലക്ഷം വർഷങ്ങൾക്കു മുൻപായിരുന്നത്രേ ഇവ സ്‌പെയിനിൽ അധിവസിച്ചിരുന്നത്.

സെക്കൻഡിൽ 10.44 മീറ്റർ ഓടാൻ ഈ ജീവിക്കു ശേഷിയുണ്ടായിരുന്നു. ശരാശരി മനുഷ്യന് സെക്കൻഡിൽ 5 മീറ്റർ ഓടാനേ ശേഷിയുള്ളൂ. ജന്തുലോകത്തെ ഏറ്റവും വേഗക്കാരനായ ചീറ്റപ്പുലിക്ക് സെക്കൻഡിൽ 36 മീറ്റർ ഓടാൻ കഴിവുണ്ട്.

 

വേഗം കണക്കാക്കിയിട്ടുണ്ടെങ്കിലും ഇത് ഏതുതരം ദിനോസറാണെന്നു കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫോസിലുകളുടെ അഭാവം മൂലമാണിത്. എന്നാൽ ആദിമ സ്‌പെയിനിൽ അധിവസിച്ചിരുന്ന ദിനോസറുകളുടെ തരം പരിഗണിച്ച് കർച്ചാറോഡോണ്ടോസോറിഡ്‌സ്, സ്പിനോസോറിഡ്‌സ് തുടങ്ങിയവയിലേതെങ്കിലും വംശത്തിൽ ഉൾപ്പെട്ടതാകാം ഇവയെന്നാണു കരുതപ്പെടുന്നത്.

 

കർച്ചാറോഡോണ്ടോസോറിഡ് വിഭാഗത്തിൽ തന്നെ ചെറുതും വലുതുമായ ഒട്ടേറെ ദിനോസർ ഉപവിഭാഗങ്ങൾ അടങ്ങിയിട്ടുണ്ട്. നമുക്കെല്ലാം അറിയാവുന്ന ദിനോസറായ ടി. റെക്‌സുമായി രൂപത്തിൽ നല്ല സാമ്യമുള്ളവയാണ് ഇവ. ഇവയിൽപ്പെട്ട ഏറ്റവും വലുപ്പമുള്ളവയ്ക്ക് 14 മീറ്റർ വരെയൊക്കെ നീളമുണ്ടായിരുന്നു.എന്നാൽ ടി.റെക്‌സുകൾ ഭൂമിയിൽ ആധിപത്യം നേടാൻ തുടങ്ങിയതോടെ ഇവ പതിയ അസ്തമിക്കാൻ തുടങ്ങിയെന്നാണു ശാസ്ത്രജ്ഞരുടെ പഠനം.

 

എങ്കിലും നമ്മൾ ഇവയുടെ മുന്നിൽ പെട്ടാൽ എന്തു ചെയ്യും? പേടിക്കേണ്ട, ചിന്തിച്ചു തലപുണ്ണാക്കുകയും വേണ്ട. എല്ലാത്തരം ദിനോസറുകളും വംശനാശം വന്നു ഭൂമിയിൽ നിന്ന് എന്നേ മറഞ്ഞു. ഇവരുടെ ശേഷിക്കുന്ന പിൻമുറക്കാരെ നമുക്കറിയാം. പക്ഷേ അവരത്ര അപകടകാരികളല്ല. ആരാണെന്നോ അവ? നമുക്ക് പരിചിതരായ പക്ഷികൾ തന്നെ.

 

English Summary : Scientists discover dinosaur that may have run faster than Usain Bolt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com