ADVERTISEMENT

ഏറെ ശ്രദ്ധേയമായ ഒരു ബഹിരാകാശ ദൗത്യമായിരുന്നു കഴിഞ്ഞ ഡിസംബർ 25നു നടന്ന ജെയിംസ് വെബ് ടെലിസ്കോപ്പിന്റേത്. നമ്മൾ ഉൾപ്പെടുന്ന അനന്തകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും മറ്റനേകമനേകം വസ്തുക്കളും നിറഞ്ഞ പ്രപഞ്ചമെന്ന മഹാസമസ്യയെക്കുറിച്ച് മാനവരാശിക്ക് വിലയേറിയ വിവരങ്ങൾ നൽകുന്ന ദൗത്യമായിട്ടാണ് ജെയിംസ് വെബ് കണക്കാക്കപ്പെടുന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥം ലക്ഷ്യം വച്ചുള്ള യാത്രയിലാണ് ടെലിസ്കോപ് ഇപ്പോൾ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം 4 മടങ്ങ് അകലമാണ് ഇത്. 

 

ഒറിഗാമി രീതിയിൽ മടക്കിയാണ് ടെലിസ്കോപ്പിനെ ബഹിരാകാശത്തെത്തിച്ചത്. എന്നാൽ ഇപ്പോൾ ഇതാ ഒരു സന്തോഷവാർത്ത. ഈ ടെലിസ്കോപ് അതിന്റെ ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള സൺഷീൽഡ് പൂർണമായും വിടർത്തിയെന്നതാണ് ഇത്. 5 മടക്കുകളായി സ്ഥിതി ചെയ്ത ഇതു വിടർത്തേണ്ടത് ടെലിസ്കോപ്പിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായിരുന്നു. ടെലിസ്കോപ്പിന്റെ ഏറ്റവും നിർണായകവും, അപകടം സംഭവിക്കാൻ സാധ്യതയുള്ള ഘട്ടവും ഇതായിരുന്നു. എന്നാൽ ഇതു പൂർത്തീകരിച്ചിരിക്കുന്നു.ആയിരക്കണക്കിന് എൻജിനീയർമാരാണ് ഭൂമിയിൽ ഇരുന്ന് ഈ പ്രക്രിയ പൂർത്തീകരിച്ചത്. ഇനി ആഴ്ചകൾ നീണ്ട യാത്രയ്ക്കു ശേഷം ജെയിംസ് വെബ് ലക്ഷ്യസ്ഥാനത്തെത്തുമെന്നു ശാസ്ത്രജ്ഞർ പറയുന്നു.

 

ബഹിരാകാശത്ത് ഹബ്ബിൾ എന്നൊരു ടെലിസ്കോപ്പുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം. ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്നതാണു ജയിംസ് വെബ് ടെലിസ്കോപ് . ലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശേഷിയേറിയ ടെലിസ്കോപ്പാണ് ജയിംസ് വെബ്. 31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്. ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.

 

7000 കിലോ ഭാരം, 1000 കോടി യുഎസ് ഡോളർ ചെലവ്, 10 വർഷം കാലാവധി എന്നിവയുള്ള ജയിംസ് വെബിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.6 മീറ്ററാണ്. ഒട്ടേറെ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണു ടെലിസ്കോപ് ബഹിരാകാശമണയുന്നത്. ഇതിൽ പ്രധാനം1350 കോടി വർഷം മുൻപുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതാണ്. സൂര്യനിൽ നിന്നുള്ള പ്രകാശം എട്ടുമിനിറ്റെടുത്താണു ഭൂമിയിൽ വരുന്നതെന്നറിയാമല്ലോ. എട്ടുമിനിറ്റിനു മുൻപുള്ള സൂര്യനെയാണു നാം കാണുന്നതെന്ന് അർഥം. ഇതു പോലെ ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന നക്ഷത്രങ്ങളുടെയും മറ്റുമൊക്കെ പ്രകാശം പിടിച്ചെടുത്ത് പ്രപഞ്ചത്തിന്റെ ആദ്യകാലഘടനയെക്കുറിച്ച് ടെലിസ്കോപ്പിനു വിവരങ്ങൾ തരാൻ സാധിക്കും.

 

ഇതു കൂടാതെ പ്രപഞ്ചത്തിൽ നമുക്ക് ഇനിയും പിടിതരാത്ത തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം, മറ്റു ഗ്രഹങ്ങളിലെയും പുറംഗ്രഹങ്ങളിലെയും കാലാവസ്ഥ, ജീവൻ നിലനിൽക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക,നെപ്റ്റ്യൂൺ, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം എന്നീ ലക്ഷ്യങ്ങളും ടെലിസ്കോപ്പിനുണ്ട്.ഇനിയും സങ്കീർണമായ ഘട്ടങ്ങൾ ടെലിസ്കോപ്പിനെ കാത്ത് ഇരിക്കുന്നുണ്ട്. ഇവയിലൊന്ന് പരാജയപ്പെട്ടാൽ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ഒരു തരത്തിലും തകരാർ പരിഹരിക്കാൻ കഴിയില്ല. 

 

English Summary : James Webb Space Telescope: Sun shield is fully deployed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com