ADVERTISEMENT

വടക്കൻ സ്‌പെയിനിൽ പ്രാചീന റോമൻ നാണയങ്ങളുടെ ഒരു അപൂർവവും പ്രാചീനവുമായ നിധി കണ്ടെത്തി. ഇതു കണ്ടെത്തിയത് നിധിവേട്ടക്കാരോ, പുരാവസ്തു ഗവേഷകരോ സർക്കാർ അധികൃതരോ ഒന്നുമല്ല. ബാഡ്ജർ എന്നറിയപ്പെടുന്ന തുരപ്പൻ കരടി വിഭാഗത്തിൽപെടുന്ന ഒരു ജീവിയാണ് അമൂല്യമായ ഈ നിധി വെളിച്ചത്തു കൊണ്ടുവന്നത്. സ്‌പെയിനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള പ്രാചീന റോമൻ നാണയങ്ങളുടെ ശേഖരത്തിൽ ഏറ്റവും വലുതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതർപറയുന്നു.

 

സ്‌പെയിനിലെ അസ്റ്റൂറിയാസ് എന്ന മേഖലയിലെ ഗ്രാഡോ എന്ന പട്ടണത്തിലാണു സംഭവം നടന്നത്. ഫിലോമിന എന്നു പേരുള്ള ഒരു പ്രളയം കഴിഞ്ഞവർഷം ഈ മേഖലയിൽ ഉടലെടുത്തിരുന്നു. ഇതെത്തുടർന്ന് കനത്ത മഞ്ഞുവീഴ്ചയും ഇവിടെ സംഭവിച്ചു. പ്രകൃതിദുരന്തങ്ങൾ സംഭവിച്ചതിനാൽ മേഖലയിൽ താമസമാക്കിയ ജീവജാലങ്ങൾക്ക് ഭക്ഷണ ദൗർലഭ്യം കലശലായി അനുഭവപ്പെട്ടു തുടങ്ങി.

 

ഈയവസ്ഥയിൽ വിശന്നു വലഞ്ഞാണു തുരപ്പൻകരടി ഭക്ഷണം തേടിയിറങ്ങിയത്. തന്റെ മാളത്തിനു സമീപമുള്ള ഓരോ സ്ഥലങ്ങളിലും അരിച്ചുപെറുക്കി അന്വേഷണം നടത്തിയെങ്കിലും തുരപ്പൻകരടിക്ക് ഭക്ഷണം മാത്രം ലഭിച്ചില്ല. അപ്പോഴാണു മണ്ണിൽ പൊട്ടിയതുപോലെയുള്ള ഒരു ഭാഗം ജീവിയുടെ ശ്രദ്ധയിൽ പെട്ടത്. അങ്ങോട്ടേക്കു ചെന്നു തന്റെ കാലുകൾ പൊട്ടലിലേക്ക് കയറ്റി ദ്വാരം വലുതാക്കി നോക്കിയ തുരപ്പൻകരടിക്കു കിട്ടിയത് കുറേ നാണയങ്ങൾ. നാണയങ്ങൾ കൊണ്ട് അതിനെന്താകാനാണ്. ഇതിൽ കുറച്ചെടുത്ത് തന്റെ മാളത്തിനു സമീപം നിക്ഷേപിച്ച ശേഷം അതു സ്ഥലം വിട്ടു.

 

പിന്നീട് യാദൃശ്ചികമായി രണ്ട് പുരാവസ്തു ഗവേഷകർ ആ വഴി വരുകയും നാണയങ്ങൾ അവരുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. ഇതെത്തുടർന്ന് മേഖലയിൽ ആകമാനം ഇവർ അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയപ്പോഴാണു കൂടുതൽ നാണയങ്ങൾ ഇവരുടെ ശ്രദ്ധയിൽ വരുന്നത്.209 നാണയങ്ങൾ ഈവിധം ഇവർക്ക് ഇവിടെ നിന്നു ലഭിച്ചു. മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലുമായി നിർമിച്ച നാണയങ്ങളാണ് ഇവയെന്നാണു ഗവേഷകർ പറയുന്നത്. ഇന്നത്തെ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഈസ്താംബുൾ നഗരം, ഗ്രീസിലെ തെസ്സലോനിക്കി തുടങ്ങിയിടങ്ങളിൽ നിന്നുള്ളവയാണത്രേ ഈ നാണയങ്ങൾ.

ഗ്രാഡോയിൽ നിന്നു നേരത്തെയും ഇത്തരം നാണയങ്ങൾ കണ്ടെത്തിയിരുന്നു. 1930 കളിൽ ഗ്രാഡോയിലെ ഒരു വനമേഖലയിൽ നിന്നു 14 സ്വർണനാണയങ്ങൾ ലഭിച്ചു. പ്രസിദ്ധ റോമൻ ചക്രവർത്തിയായ കോൺസ്റ്റാന്‌റിൻ ഒന്നാമന്റെ കാലത്തുള്ളവയായിരുന്നു ഇവ. പ്രദേശത്ത് ഇനിയും ഒട്ടേറെ നിധികളുണ്ടാകുമെന്ന് പുരാവസ്തു ഗവേഷകർ സംശയിക്കുന്നു. അതിനാൽ ഇവിടെ കൂടുതൽ പര്യവേക്ഷണം നടത്താൻ ഒരുങ്ങുകയാണ് ഇവർ. 

ഇതെല്ലാം ഒപ്പിച്ച തുരപ്പൻ കരടി എവിടെപ്പോയി? ആർക്കും ഒരറിവുമില്ല.

 

English Summary : Hungry Badger thought to have found Roman treasure in Spain

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com