ADVERTISEMENT

നമ്മുടെ സൗരയൂഥത്തിനുമപ്പുറം വിദൂരതയിൽ ഒരു ചുവന്ന ഭീമൻ നക്ഷത്രം പൊട്ടിത്തെറിച്ച് മരിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരിട്ടുകണ്ട് ശാസ്ത്രജ്ഞർ. ഭൂമിയിൽ നിന്നു 12 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന എൻജിസി 5731 എന്ന താരാപഥത്തിലെ നക്ഷത്രമാണു പൊട്ടിത്തെറിച്ചത്. ഇപ്പോൾ കണ്ടെങ്കിലും 12 കോടി വർഷം മുൻപാണ് ഈ പൊട്ടിത്തെറി നടന്നതെന്നു സാരം. ഭൂമിയിൽ ആധുനിക മനുഷ്യവംശമുണ്ടായിട്ട് പോലും രണ്ടു ലക്ഷം വർഷങ്ങളെ ആയിട്ടുള്ളൂ. വളരെ പ്രാചീനമായ പൊട്ടിത്തെറിയാണ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് ഇപ്പോൾ കണ്ടിരിക്കുന്നത്

 

നക്ഷത്രങ്ങളുടെ പരിണാമദശയിലെ ഒരു വിഭാഗമാണു ചുവന്നഭീമൻ. നക്ഷത്രങ്ങൾക്ക് പ്രധാനമായും ഏഴുജീവകാലഘട്ടങ്ങളുണ്ട്. നെബുലയെന്ന വലിയ വാതകപടലത്തിൽ നിന്നാണ് നക്ഷത്രങ്ങൾ ഉദ്ഭവിക്കുന്നത്. ഓറിയോൺ സ്റ്റാർ സിസ്റ്റം എന്ന നക്ഷത്രസംവിധാനം ഇതിന് ഉദാഹരണം. തുടർന്ന് പ്രോട്ടോസ്റ്റാർ എന്ന അടുത്ത അവസ്ഥയിലേക്കു നക്ഷത്രം എത്തും.  ഇതിനു ശേഷമാണ് ടി-ടോറി സ്റ്റാർ എന്ന അവസ്ഥ. 10 കോടി വർഷത്തോളം ഈ അവസ്ഥ നിലനിൽക്കും. പിന്നീടാണ് മെയിൻ സീക്വൻസ് സ്റ്റാർ എന്ന ഘട്ടം. നമ്മുടെ സൂര്യൻ ഉൾപ്പെടെ പ്രപഞ്ചത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങളും ഈ വിഭാഗത്തിൽ വരുന്നതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. പിന്നീടാണു റെഡ് ജയന്റ് അഥവാ ചുവന്ന ഭീമൻ എന്ന ഘട്ടം. ഈ ഘട്ടത്തിൽ നക്ഷത്രത്തിന്റെ വലുപ്പം ക്രമത്തിലധികം വർധിക്കും.

 

തുടർന്ന് സൂര്യനെപ്പോലെയുള്ള ചെറിയ നക്ഷത്രങ്ങൾ വെള്ളക്കുള്ളൻ അതു കഴിഞ്ഞു കറുത്തകുള്ളൻ എന്നീ അവസ്ഥകളിലേക്കെത്തും. പിണ്ഡമേറിയ നക്ഷത്രങ്ങൾ സൂപ്പർനോവ വിസ്‌ഫോടനങ്ങൾക്കു വഴിവയ്ക്കുകയും തുടർന്ന് ഇതു ന്യൂട്രോൺ സ്റ്റാർ ഘട്ടത്തിൽ എത്തിച്ചേരുകയും ചെയ്യപ്പെടും. ഇതിൽ തന്നെ അസാമാന്യമായ പിണ്ഡമുള്ള നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി രൂപാന്തരപ്പെടും. പ്രശസ്തമായ ബീറ്റൽഗൂസ് എന്ന നക്ഷത്രത്തെപ്പറ്റി ചിലരെങ്കിലും കേട്ടുകാണും. ഇതൊരു ചുവന്നഭീമൻ നക്ഷത്രമാണ്. ഇതുപോലെയുള്ള, നമ്മുടെ സൂര്യനെക്കാൾ 10 ഇരട്ടി വലുപ്പമുള്ള ഒരു നക്ഷത്രമാണ് എൻജിസി 5731 താരാപഥത്തിൽ പൊട്ടിത്തെറിച്ചിരിക്കുന്നത്.

 

ചില നക്ഷത്രങ്ങൾ വളരെ സ്‌ഫോടനാത്മകമായ രീതിയിൽ പൊട്ടിത്തെറിച്ചായിരിക്കും സൂപ്പർനോവയോ ന്യൂട്രോൺ നക്ഷത്രമോ ആയിമാറുന്നത്. നക്ഷത്രത്തിലെ ഹീലിയവും ഹൈഡ്രജനും എരിഞ്ഞു തീർന്നതിനു ശേഷം വൻപൊട്ടിത്തെറിയാണു ഇപ്പോൾ കണ്ടിരിക്കുന്നത്. ഇത് ചുവന്ന ഭീമൻ നക്ഷത്രങ്ങളിൽ സംഭവിക്കുന്നത് അപൂർവകാഴ്ചയാണ്. ഹവായിയിൽ സ്ഥിതി ചെയ്യുന്ന പാൻ സ്റ്റാർസ് എന്ന ടെലിസ്‌കോപ്പുപയോഗിച്ചാണു പൊട്ടിത്തെറി ദൃശ്യങ്ങൾ ശാസ്ത്രജ്ഞർ കണ്ടത്. പൊട്ടിത്തെറിക്കു 3 മാസം മുൻപ് തന്നെ ഇതെക്കുറിച്ചുള്ള സൂചനകൾ നക്ഷത്രം തന്നിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. അസാധാരണമായ അളവിൽ തെളിമയേറിയ വികിരണങ്ങൾ നക്ഷത്രത്തിൽ നിന്നു പുറപ്പെട്ടു.

 

English Summary : Red giant dying star explodes, astronomers watch it in real-time 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com