ADVERTISEMENT

ബ്രിട്ടനിലെ നോർതാംപ്ടൺഷയർ കൗണ്ടിയിൽ ധനികരുടെ ആവാസമേഖലയായിരുന്ന പട്ടണം കണ്ടെത്തി. ഇവിടത്തെ ഒരു കൃഷിയിടത്തിൽ നടത്തിയ ഖനനത്തിലായിരുന്നു അരമീറ്ററോളം താഴ്ചയിൽ സ്ഥിതി ചെയ്ത പട്ടണം കണ്ടെത്തിയത്. പുരാവസ്തു ഗവേക്ഷകർ നടത്തിയ തിരച്ചിലിലാണു പട്ടണം വെളിപ്പെട്ടത്. റോമൻ ജനതയായിരുന്നു ഇവിടെ താമസിച്ചതെന്നാണ് ഇവർ നൽകുന്ന വിവരം. പത്തുമീറ്ററോളം വീതിയിൽ റോമൻശൈലിയിൽ പണിത വഴിത്താരകളും ഗൃഹങ്ങളും വ്യാവസായിക കേന്ദ്രങ്ങളും നാലുകിണറുകളും നഗരത്തിലുണ്ട്. 300 റോമൻ നാണയങ്ങളും ഇതുവരെ കിട്ടിയിട്ടുണ്ട്. എൺപതിലധികം പുരാവസ്തു ഗവേഷകർ മേഖലയിൽ തമ്പടിച്ച് ഖനനം നടത്തിവരികയാണ്.

നോർതാംപ്ടൺഷയർ, ഓക്‌സ്ഫഡ്ഷയർ കൗണ്ടികളുടെ അതിർത്തിയിൽ ലണ്ടൻ-ബിർമിങ്ങാം നഗരങ്ങളെ ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയുടെ സമീപത്തായാണു ഗ്രാമം കണ്ടെത്തിയത്. ചരിത്രപരമായി പ്രാധാന്യമുള്ള ഇവിടെ നൂറിലധികം സൈറ്റുകളിൽ ഖനനങ്ങൾ പുരാവസ്തു ഗവേഷകർ നടത്തിയിരുന്നു. എന്നാൽ ഇത്രയും ചരിത്രപ്രാധാന്യമുള്ള കണ്ടെത്തൽ ഇതാദ്യമാണെന്നു പുരാവസ്തു ഗവേഷകർ പറയുന്നു.

കറുത്തമണ്ണിന്റെ സാന്നിധ്യം ഏറെയുള്ളതിനാൽ ബ്ലാക്ക്ഗ്രൗണ്ട്‌സ് എന്നറിയപ്പെടുന്ന മേഖല നൂറ്റാണ്ടുകളായി കാർഷികവൃത്തിക്ക് ഉപയോഗിക്കുന്നതാണ്. ഇതിന്റെ പ്രവർത്തനങ്ങൾക്കിടയിലാണു പട്ടണം മണ്ണിനുള്ളിൽ മറഞ്ഞുപോയത്. എന്നാൽ ഇവിടെ ഒരു പുരാതന നഗരം നിലനിന്നിരുന്നെന്ന അഭ്യൂഹം കാലങ്ങളായി ഉണ്ടായിരുന്നു. ഇതെത്തുടർന്നാണു ഗവേഷകർ ഇവിടെ ശക്തമായ ഖനനം നടത്താമെന്നു തീരുമാനിച്ചത്. ഒടുവിൽ പട്ടണം വെട്ടപ്പെടുക തന്നെ ചെയ്തു.

എഡി നാൽപത്തിമൂന്നാം വർഷത്തിൽ റോമാ സാമ്രാജ്യം ബ്രിട്ടനിലേക്ക് അധിനിവേശം നടത്തുമ്പോൾ ഇവിടം അത്ര പുരോഗതിയൊന്നും കൈവരിച്ചിട്ടില്ലാത്ത ഒരു ചെറിയ ഗ്രാമമായിരുന്നു. എന്നാൽ പിന്നീട് മൂന്നരനൂറ്റാണ്ടോളം നീണ്ട റോമൻ കാലഘട്ടത്തിൽ വലിയ പുരോഗതി പ്രാപിച്ച് ഈ ഗ്രാമം ഒരു നഗരമായി മാറി. കൃഷിക്കു പുറമേ അക്കാലത്തെ വ്യവസായങ്ങളും, ഇരുമ്പ് ആലകളും, ബ്രെഡ് ഉണ്ടാക്കുന്ന ബേക്കറികളും, കളിമൺപാത്ര നിർമാണവുമൊക്കെ ഈ നഗരത്തിൽ പച്ചപിടിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നു റോഡ് മാർഗവും അടുത്തുള്ള ചെർവെൽ നദിവഴി ജലമാർഗവും കച്ചവടവും ഇവിടെ ശക്തി പ്രാപിച്ചു. 

നൂറുകണക്കിന് ആളുകൾ ഇവിടെ അക്കാലത്ത് താമസിച്ചിരുന്നു. റോമൻ സംസ്‌കാരവും ജീവിതരീതിയുമായിരുന്നു പട്ടണവാസികൾ പിന്തുടർന്നിരുന്നത്. ജനങ്ങൾ ഉപയോഗിച്ച വിലകൂടിയ ആഭരണങ്ങളും റോമൻ മുദ്രകളുള്ള ത്രാസുകളും അതീവ നൈപുണ്യമേറിയ തൊഴിലാളികൾ തയാർ ചെയ്ത മൺപാത്രങ്ങളും കണ്ടെത്തിയത് പട്ടണവാസികളുടെ ഉയർന്ന സാമ്പത്തികസ്ഥിതിയുടെ തെളിവാണെന്നു പുരാവസ്തു ഗവേഷകർ പറയുന്നു. കൈവിലങ്ങുകളും ചങ്ങലകളും കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രിമിനലുകൾക്കായി ഉപയോഗിച്ചിരുന്നവയാകാം. അല്ലെങ്കിൽ അടിമസമ്പ്രദായത്തിന്റെ അവശേഷിപ്പുകളാകാം.

English Summary : Roman town over 2000 years old unearthed in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com