ADVERTISEMENT

ഭാഗ്യം വരുന്ന വഴി പ്രവചിക്കാൻ ഒക്കില്ല. ചിലപ്പോൾ വെറുതെ നടന്നാൽ മതി, അത് ഭാഗ്യവാനെ തേടിയെത്തും. അത്തരമൊരു സംഭവമാണ് ബ്രിട്ടനിലെ ഡേവോൺ മേഖലയിലുള്ള ഹെമിയോക്കിൽ നടന്നത്. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളുമൊക്കെ മൂലം ബോറടിച്ചിരുന്ന കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ഒരു ദിനത്തിലാണു ബ്രിട്ടിഷുകാരനായ ലേ മല്ലോറി ഒരു മെറ്റൽ ഡിറ്റക്ടറുമായി തന്റെ പാടത്തേക്ക് ഇറങ്ങിയത്. വിനോദത്തിനായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നത് പലരുടെയും ഇഷ്ട ഹോബിയാണ്. മല്ലോറിക്കും ഇതിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവ് മൂലം കഴിഞ്ഞ പത്തുവർഷമായി നടന്നിരുന്നില്ല. എന്നാൽ ആ ദിനത്തിൽ പാടത്തും പറമ്പിലുമൊക്കെ ഒന്നു ചുറ്റിയടിക്കാൻ തന്നെ മലോറി ഉറപ്പിച്ചു.

അങ്ങനെ നടക്കുന്നതിനിടെ മെറ്റൽ ഡിറ്റക്ടർ ബീപ്പടിച്ചു. പണ്ടുകാലത്തു കിട്ടിയിട്ടുള്ളതുപോലെ ഇരുമ്പു വസ്തുക്കളോ ആണികളോ ഉപയോഗശൂന്യമില്ലാത്ത സ്‌ക്രൂവോ അങ്ങനെയെന്തെങ്കിലുമായിരിക്കും ബീപ്പിനു കാരണമെന്ന് മലോറിക്ക് തോന്നി. എങ്കിലും ബീപ്പടിച്ച സ്ഥലം ഒന്നു കുഴിച്ചുനോക്കാൻ അദ്ദേഹം തീരുമാനിച്ചു.

 

മൺകോരിയുമായെത്തി അവിടെ കുഴിച്ചു തുടങ്ങിയ മലോറി പത്തു സെന്റീമീറ്ററോളം കുഴിച്ചുചെന്നപ്പോൾ അദ്ഭുതപ്പെട്ടുപോയി. മഞ്ഞനിറത്തിൽ ഒരു നാണയമായിരുന്നു ബീപ്പിനു കാരണമായത്. ഔത്സുക്യത്തോടെ മലോറി ആ നാണയം കൈയിലെടുത്തു. തുടച്ചപ്പോൾ അതു വെട്ടിത്തിളങ്ങി. ഒരു സ്വർണനാണയമാണ് തന്നെത്തേടി എത്തിയിരിക്കുന്നതെന്ന് മലോറിക്ക് മനസ്സിലായി. എന്നാൽ വെറുമൊരു സ്വർണനാണയമായിരുന്നില്ല അതെന്ന് അദ്ദേഹം സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

 

ബ്രിട്ടനിലെ മധ്യകാലഘട്ടത്തിൽ എഡി 1257ൽ നിർമിച്ച നാണയമായിരുന്നു അത്. ഹെന്റി മൂന്നാമൻ രാജാവിന്റെ ഭരണകാലത്ത് നിർമിച്ചത്. ഹെന്റി മൂന്നാമൻ സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രം ആലേഖനം ചെയ്ത ഈ നാണയം അപൂർവങ്ങളിൽ അപൂർവമാണ്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നാണയം വീണ്ടും കിട്ടുന്നത്. ഇതുവരെ ഇത്തരം നാണയങ്ങളിൽ എട്ടെണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ എന്നതിനാൽ അമൂല്യനാണയമായാണ് ഇതു കണക്കാക്കപ്പെടുന്നത്. മ്യൂസിയങ്ങളിലാണ് ഇവ സൂക്ഷിക്കപ്പെടുന്നത്.തുടർന്ന് ഇപ്പോൾ നാണയം ലേലത്തിൽ വച്ചപ്പോഴാണ് ബ്രിട്ടനിൽ നിന്നു തന്നെയുള്ള ഒരു പുരാവസ്തു സ്‌നേഹി ആറരക്കോടി രൂപയോളം വൻതുക നൽകി നാണയം സ്വന്തമാക്കിയത്.

 

1207 ഒക്ടോബറിൽ ജനിച്ച ഹെന്റി 1272 നവംബറിൽ തന്‌റെ 65ാം വയസ്സിലാണു മരിച്ചത്. ഉദാരമനസ്‌കനും സംസ്‌കാരസമ്പന്നനുമെന്നു കീർത്തികേട്ട ഈ രാജാവിന്റെ ഭരണകാലം പക്ഷേ പ്രക്ഷുബ്ധമായിരുന്നു. പ്രായോഗികമല്ലാത്ത കാര്യങ്ങൾ നടത്താൻ നോക്കി പരാജയപ്പെട്ട രാജാവെന്നാണു ബ്രിട്ടിഷ് ചരിത്രകാരൻമാർ ഹെന്റി മൂന്നാമനെ വിലയിരുത്തുന്നത്.

English Summary :  A man found one of England's earliest gold coins in a field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com