ADVERTISEMENT

പ്രാചീനമായ ബുദ്ധ ദേവാലയം പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ നിന്നു കണ്ടെത്തി. ഇറ്റലിയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള പുരാവസ്തുഗവേഷകരുടെ സംയുക്ത സംഘമാണു കണ്ടെത്തലിനു പിന്നിൽ. പഴയകാലത്ത് ബുദ്ധിസ്റ്റ് സ്വാധീനം പ്രബലമായിരുന്ന ഗാന്ധാര മേഖലയിൽപ്പെട്ട സ്ഥലത്തു നിന്നാണ് ദേവാലയത്തിന്റെ ശേഷിപ്പുകൾ ലഭിച്ചതെന്ന് പുരാവസ്തുഗവേഷകർ പറയുന്നു. രണ്ടായിരത്തോളം വർഷം ദേവാലയത്തിനു കണക്കാക്കുന്നു.

 

ബിസി രണ്ടാം നൂറ്റാണ്ടിലാണ് ഈ ദേവാലയം നിലനിന്നതെന്നു കരുതുന്നു. ബിസി മൂന്നാം നൂറ്റാണ്ടു മുതൽ നിലനിന്ന ഒരു പഴയ ബുദ്ധ ദേവാലയം പരിഷ്കരിച്ചാണ് ഇതു നിർമിച്ചതെന്നും അഭ്യൂഹമുണ്ട്. ലോകത്ത് കണ്ടെത്തെപ്പെട്ടവയിൽ ഏറ്റവും പഴക്കമുള്ള ബുദ്ധ ആരാധനാലയങ്ങളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്.

 

2000-year-old-buddhist-complex-found-in-pakistan

പാക്കിസ്ഥാനി നഗരമായ ബാരിക്കോട്ടിനു സമീപമാണ് ഇപ്പോൾ ശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. പത്തടിയോളം ഉയരമുള്ള ഒരു പ്ലാറ്റ്ഫോമാണു ശേഷിപ്പുകളിൽ പ്രധാനം. ഒരു വലിയ സ്തൂപം വഹിക്കാനാണ് ഇത് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. ഇതു കൂടാതെ ദേവാലയ സമുച്ചയത്തിൽ നിന്നും ഒരു ചെറിയ സ്തൂപം, ബുദ്ധ സന്യാസിമാരുടെ വിശ്രമമുറി, മറ്റുമുറികൾ, പ്രാചീനമായ പാത തുടങ്ങിയവയുടെ അവശേഷിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

റേഡിയോ കാർബൺ ഡേറ്റിങ് ഉപയോഗിച്ച് ദേവാലയത്തിന്റെ കൃത്യമായ പഴക്കം നിർണയിക്കാൻ ഒരുങ്ങുകയാണു ഗവേഷകർ. 1955 മുതൽ സ്വാത് താഴ്‌വരയിൽ ഇറ്റാലിയൻ പുരാവസ്തു ഗവേഷകർ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 1984 മുതലാണ് ഇവർ ബാരിക്കോട്ട് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങിയത്. ആയിരക്കണക്കിനു പൗരാണിക വസ്തുക്കൾ ഇവരുടെ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചാരനിറത്തിലുള്ള കല്ലുകൊണ്ട് നിർമിച്ച ബുദ്ധശിരസ്സ് ഇക്കൂട്ടത്തിൽ പ്രശസ്തിനേടിയ വസ്തുവാണ്. 

 

ബസീറ, ബെയ്റ എന്ന പേരുകളിലാണ് പൗരാണിക നഗരമായ ബാരികോട്ട് ഗ്രീക്ക് എഴുത്തുകളിൽ കാണപ്പെടുന്നത്. വജ്രയുടെ നഗരം എന്നായിരുന്നു ഇതു വിശേഷിപ്പിക്കപ്പെട്ടത്. ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു രാജാവാണു വജ്ര. പിൽക്കാലത്തും സ്വാത് താഴ്‌വരയിൽ ബുദ്ധിസ്റ്റ് സ്വാധീനം പ്രകടമായിരുന്നു എഡി 30 മുതൽ 400 വരെയുള്ള കാലയളവിൽ മേഖല ഭരിച്ച കുശാൻ സാമ്രാജ്യത്തിനു കീഴിൽ ബുദ്ധമതാനുഷ്ഠാനങ്ങളും കലയും ഇവിടെ ശക്തമായിരുന്നു.

English Summary : 2000 year old Buddhist complex found in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com