മണികൾ അഥവാ ബെല്ലുകൾ പല ആരാധനാലയങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. ഇതുവരെ നിർമിക്കപ്പെട്ട മണികളിൽ ഏറ്റവും വലുതും ഭാരമുള്ളതുമായിരുന്നു മ്യാൻമറിലെ ധമ്മസേഡി ഗ്രേറ്റ് ബെൽ. ചില ചരിത്രകാല സംഭവങ്ങൾക്കൊപ്പം നദിയുടെ അടിയാഴങ്ങളിലേക്കു മറഞ്ഞ ഈ വമ്പൻ മണി കണ്ടെത്താനായി പല പര്യവേക്ഷണങ്ങൾ നടന്നു. ഇന്നും ഇതു കണ്ടുപിടിക്കാൻ ശ്രമങ്ങളുണ്ട്.വെങ്കലത്തിൽ നിർമിച്ച ഈ മണി 1484ൽ ബർമീസ് രാജാവായ ധമ്മസേഡിയാണു പണികഴിപ്പിച്ചത്. മൂന്നു ലക്ഷം കിലോയോളം ഭാരമുണ്ടായിരുന്ന ഇത് ബർമയിലെ പ്രധാനനഗരമായ യാംഗോണിലെ ഡാഗോണിൽ സ്ഥിതി ചെയ്യുന്ന ശ്വേഡഗോൺ പഗോഡയിലേക്കു നൽകപ്പെട്ടു. വെങ്കലത്തിനു പുറമേ സ്വർണം, വെള്ളി എന്നിവയും ഇതിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരുന്നു.

16ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാർ ബർമയിലെത്തി. അക്കൂട്ടത്തിൽ വന്നയൊരു സാഹസികനായിരുന്നു ഫിലിപ് ഡി ബ്രിട്ടോ ഇ നികോട്ടി. ഇദ്ദേഹം പിന്നീട് ബർമയിൽ പലയിടങ്ങളിലും തന്റെ അധികാരം സ്ഥാപിച്ചു. 1608ൽ ഡി ബ്രിട്ടോയും സംഘവും ഈ ധമ്മസേഡി മണി അഴിച്ചുമാറ്റുകയും വലിയ ചങ്ങാടത്തിലേറ്റി ബർമയിലെ സിറിയാം എന്ന തുറമുഖത്തെത്തിക്കാൻ നദിയിലൂടെ യാത്ര തുടങ്ങുകയും ചെയ്തു. അവിടെവച്ച് ഇതുരുക്കി പീരങ്കികൾ പണികഴിപ്പിക്കാനായിരുന്നു ഡി ബ്രിട്ടോയുടെ പദ്ധതി. എന്നാൽ ബാഗോ, യാംഗോൺ എന്നീ നദികൾ സന്ധിക്കുന്ന മങ്കി പോയിന്റെ എന്ന സ്ഥലത്തുവച്ചു ചങ്ങാടം തകർന്നു. മണി നദിയുടെ ആഴങ്ങളിലേക്ക് മറഞ്ഞു.
ഇതെത്തുടർന്ന് ഇതു കണ്ടെത്താനായി വിവിധ പര്യവേക്ഷകരും സംഘടനകളും ശ്രമിച്ചിട്ടുണ്ട്. മ്യാൻമറിലെ മിലിട്ടറി ഭരണകൂടം തന്നെ ഇതിനായി പദ്ധതി രൂപീകരിക്കുകയും വിദേശ പര്യവേക്ഷകരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ നദിയുടെ ആഴമേറിയ ഭാഗമായതിനാലും ഇവിടെ ധാരാളം കപ്പൽചേതങ്ങൾ നടന്നതിന്റെ അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നതിനാലും പര്യവേക്ഷണം കഠിനമാണ്. പോരാത്തതിന് ചെളിനിറഞ്ഞ അടിവെള്ളവും മണി എവിടെയാണെന്നു കണ്ടെത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. ധമ്മസേഡി ബെൽ ഇന്നും ഒരു പിടികിട്ടാ നിധിയായി അവശേഷിക്കുകയാണ്. ഇനിയും വെട്ടപ്പെടാത്ത ഈ മണിക്ക് വലിയ ശക്തികളുണ്ടെന്നാണ് തദ്ദേശീയ ജനങ്ങളുടെ വിശ്വാസം.
ഇന്ന് ലോകത്തിലുള്ള ഏറ്റവും വലിയ മണി മോസ്‌കോവിലെ ക്രെംലിനിലുള്ള സാർ ബെല്ലാണ്. രണ്ടുലക്ഷത്തിലധികം കിലോ ഭാരമുള്ള (200 ടണ്ണിലധികം) ഈ മണി ഇവാൻ, മിഖായേൽ മോട്ടോറിൻ എന്ന ശിൽപികൾ 1730ൽ ആണ് നിർമിച്ചത്.614 മീറ്റർ പൊക്കമുള്ള ഈ മണി അന്ന ലോനോവ്‌ന എന്ന സാർ ചക്രവർത്തിനിയുടെ കാലത്താണു പണികഴിപ്പിച്ചത്.
എന്നാൽ നിർമാണസമയത്ത് ക്രെംലിനിൽ ഒരു അഗ്നിബാധ ഉടലെടുത്തു. ഇതിന്റെ ഫലമായി മണിയെ താങ്ങിനിർത്തിയിരുന്ന തടിച്ചട്ടക്കൂടിന് തീപിടിച്ചു. ഇതു കെടുത്താനായി ക്രെംലിനിലെ സുരക്ഷാ ഉദ്യോഗസ്ഥർ ബെല്ലിലേക്ക് ഉൾപ്പെടെ വെള്ളം കോരിയൊഴിച്ചു. മൂശയിൽ നിന്ന് എടുത്തുവച്ച് ബെല്ലിന്റെ ലോഹനിർമിതി തണുത്തുവരുന്നതേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് അതിലേക്കു വെള്ളം വീണപ്പോൾ മണിയുടെ ലോഹനിർമിതിയിൽ പൊട്ടലുകൾ വരികയും ഇതിൽ നിന്നു വലിയൊരു കഷണം ഇളകി വീഴുകയും ചെയ്തു.

ഇതുമൂലം ബെൽ ഉപയോഗശൂന്യമായി കിടന്നു. പിന്നീട് ഇതൊരു പീഠത്തിലേക്ക് മാറ്റി സംരക്ഷിച്ചു. ഉപയോഗയോഗ്യമായിരുന്നെങ്കിൽ ഈ മണിയിലെ അടിയൊച്ച 60 കിലോമീറ്റർ വരെ ദൂരത്തു കേൾക്കാൻ കഴിഞ്ഞേനെയെന്ന് വിദഗ്ധർ പറയുന്നു. ഇന്നത്തെ കാലത്ത് ഉപയോഗത്തിലുള്ള ഏറ്റവും വലിയ മണി മ്യാൻമറിലാണ്. 92 ടൺ ഭാരമുള്ള മിൻഗുൻ ബെൽ എന്ന മണിയാണ് ഇത്. 16 അടി, എട്ടിഞ്ച് വ്യാസമുള്ള ഈ മണി മ്യാൻമറിലെ മാൻഡലേയിൽ സ്ഥിതി ചെയ്യുന്നു. 1782-1819ൽ ബർമ ഭരിച്ച ബോധവ്പായ രാജാവാണ് ഈ മണി പണികഴിപ്പിച്ചത്.
English Summary :Great Bell of Dhammazedi