ADVERTISEMENT

ചന്ദ്രൻ... ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം. സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും വലുപ്പത്തിൽ സ്ഥിരം കാണാനാകുന്ന ബഹിരാകാശ വസ്തുവും ചന്ദ്രനാണ്. നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ ആദ്യഘട്ടം മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെ ചന്ദ്രനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാണ്. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന നാസയുടെ മഹാദൗത്യമാണ് ആർട്ടിമിസ്.

ഒട്ടേറെ കെട്ടുകഥകളും ഗൂഢവാദങ്ങളുമൊക്കെ ചന്ദ്രനെ സംബന്ധിച്ചുണ്ട്. നാസ അരനൂറ്റാണ്ടു മുൻപ് നടത്തിയ അപ്പോളോ ദൗത്യങ്ങൾ ( ഈ ദൗത്യങ്ങളിലാണ് ആദ്യമായി മനുഷ്യർ ചന്ദ്രനിലെത്തിയത്) പോലും നടന്നിട്ടില്ലെന്ന് വാദിക്കുന്നവരുണ്ട്. ഇത് സ്ഥാപിക്കാനായി പലവിധ വാദങ്ങളും അവർ ഉയർത്തിയിട്ടുണ്ട്. എന്നാൽ ഈ വാദങ്ങൾക്കൊന്നും ശാസ്ത്രീയമായ പിൻബലമില്ലെന്ന് പല തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. 

 

ചന്ദ്രനെക്കുറിച്ചുള്ള കെട്ടുകഥകളിലും വ്യാജസിദ്ധാന്തങ്ങളിലും ഏറ്റവും പ്രശസ്തമായ ഒരു ഏടാണ് ഹോളോ മൂൺ തിയറി. ചന്ദ്രൻ അകംപൊള്ളയായ ഒരു ഗോളമാണെന്നാണ് ഈ സിദ്ധാന്തം പ്രസ്താവിക്കുന്നത്. പൊള്ളയായ ചന്ദ്രന്റെ ഉള്ളിൽ അന്യഗ്രഹജീവികളുടെ വാസസ്ഥലങ്ങളാണത്രേ. ഇവിടെയിരുന്ന് ഇവർ ഭൂമിയെ നിരീക്ഷിക്കുകയാണെന്നാണ് സിദ്ധാന്തം പറയുന്നത്.

 

1901ലാണ് ഈ സിദ്ധാന്തത്തിനു വിത്തുപാകിയ സംഭവം നടന്നത്. വിഖ്യാത എഴുത്തുകാരനായ എച്ച്ജി വെൽസ് എഴുതിയ ഫസ്റ്റ് മെൻ ഇൻ ദ മൂൺ എന്ന നോവലിലാണ് ഇതിന് ആസ്പദമായ പ്രമേയം. സെലനൈറ്റ്‌സ് എന്നറിയപ്പെടുന്ന വലിയ ഉറുമ്പുപോലുള്ള അന്യഗ്രഹജീവികൾ ജീവിക്കുന്നയിടമാണ് ചന്ദ്രന്റെ ഉൾവശമെന്നായിരുന്നു നോവൽ പറഞ്ഞത്. പിൽക്കാലത്ത് എഡ്ഗാർ റൈസ് ബറോസ്, ഐസക് അസിമോവ് തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരും സമാനമായ പ്രമേയങ്ങൾ തങ്ങളുടെ കൃതികളിൽ അവതരിപ്പിച്ചു.

 

അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രനിലെത്തിയ യാത്രികർ, ചന്ദ്രനിൽ ഉടലെടുക്കുന്ന വിവിധ കമ്പനങ്ങൾ അളന്നിരുന്നു. ഇവ അളവിൽ വളരെക്കൂടുതലാണെന്നായിരുന്നു അവരുടെ അഭിപ്രായം. അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി വലിയ ഭാരമുള്ള റോക്കറ്റ് ഭാഗങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയതിനു ശേഷം ഒട്ടേറെ കമ്പനങ്ങൾ ഉടലെടുത്തിരുന്നു. അപ്പോളോ യാത്രികരുടെ ഭാഷയിൽ പറഞ്ഞാൽ മണിമുഴങ്ങുന്നതുപോലെയുള്ള കമ്പനങ്ങൾ ചന്ദ്രനിൽ സംഭവിച്ചിരുന്നത്രേ. ഇവ ഒട്ടേറെ സമയം നീണ്ടുനിന്നു, ഇതും ദുരൂഹതാ സിദ്ധാന്തത്തിന് ആക്കം കൂട്ടി. ചന്ദ്രൻ പൊള്ളയായതിനാലാണ് ഇങ്ങനെ കമ്പനങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്ന് ദുരൂഹതാ വാദക്കാർ പറഞ്ഞുപരത്തി.

 

1970ൽ  രണ്ട് സോവിയറ്റ് ജ്യോതിശാസ്ത്രജ്ഞർ ഇതെല്ലാം ആസ്പദമാക്കി ദുരൂഹതാ വാദമുയർത്തി. ചന്ദ്രൻ പൊള്ളയായ ഗോളമാണെന്നും കൃത്രിമമായി നിർമിക്കപ്പെട്ടതാണെന്നും ചന്ദ്രനുള്ളിൽ അന്യഗ്രഹജീവികളുടെ വാസസ്ഥലമുണ്ടെന്നുമൊക്കെ ഇവർ പ്രസ്താവിച്ചു. അടുത്തിടെ ഹോളോ മൂൺ സിദ്ധാന്തം അടിസ്ഥാനപ്പെടുത്തി മൂൺഫാൾ എന്ന ഹോളിവുഡ് ചിത്രവും ഇറങ്ങി.  എന്നാൽ ഈ വാദങ്ങൾക്കൊന്നും ശാസ്ത്രീയമായ യാതൊരു സാധൂകരണങ്ങളുമില്ല. ഭൂമിയിൽ വെള്ളമുള്ളതിനാൽ ഒരുപാട് ശക്തമായ ആഘാതങ്ങളൊക്കെ ഉപരിതലം പിടിച്ചെടുക്കും. എന്നാൽ ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യമില്ലാത്തതിനാൽ കമ്പനങ്ങൾ നീണ്ടുനിൽക്കും- ഇതാണ് ചന്ദ്രനിലെ മണിമുഴക്കം സംബന്ധിച്ച് ശാസ്ത്രലോകത്തിന്‌റെ വിശദീകരണം. 

 

Content Summary : Hollow moon theory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com