ADVERTISEMENT

‌കേരളത്തിൽ അങ്ങോളമിങ്ങോളം റസ്റ്ററന്റുകളിൽ ലഭിക്കുന്ന ഒരു അറേബ്യൻ വേരുകളുള്ള വിഭവമാണ് മന്തി അഥവാ കുഴിമന്തി. യെമൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മന്തി വളരെ പ്രശസ്തമായിരുന്നു. യെമനിലെ തെക്കൻ മേഖലയായ ഹദ്രമോട്ടിൽ നിന്നാണ് മന്തി ഉടലെടുത്തത്. യെമനിൽ വളരെപ്പഴയ സാംസ്കാരിക മേഖലയായ ഇവിടത്തെ ആളുകൾ ഹദ്രാമികളെന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരി, സമയമെടുത്തു വേവിച്ച ഇറച്ചി, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്താണ് യെമനിലെ ആളുകൾ ഈ വിഭവം വികസിപ്പിച്ചെടുത്തത്. ഹദ്രമോട്ടിലെ ഭക്ഷണവൈവിധ്യം പ്രശസ്തമാണ്.

 

ഈർപ്പമുള്ളത് എന്നർഥം വരുന്ന നാഡ എന്ന വാക്കിൽ നിന്നാണു മന്തിക്ക് ആ പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു. മന്തിയി‍ൽ തയാർ ചെയ്യുന്ന ഇറച്ചിക്ക് ഈർപ്പമുള്ളതാണ് ഇതിനു കാരണം.

മട്ടൺ, ചിക്കൻ തുടങ്ങിയ ഇറച്ചികൾ മന്തിയിൽ ഉപയോഗിക്കാറുണ്ട്. ഇതിനോടൊപ്പം ചേർക്കുന്ന സുഗന്ധദ്രവ്യങ്ങൾക്ക് ഹവായ്ജ് എന്നാണ് യെമനിൽ പറയുന്നത്. ഭൂമിക്കടിയിലേക്കു കുഴിച്ച കുഴികളിൽ ഇറക്കിവച്ച്, തന്തൂരി അടുപ്പിനോട് സാമ്യമുള്ള അടുപ്പുകളിലാണു മന്തി തയാർ ചെയ്യുന്നത്. 

 

യെമനിൽ നിന്ന് ഗൾഫ്മേഖലയിലെ മിക്ക രാജ്യങ്ങളിലേക്കും മന്തി കടന്നു ചെന്നു. ഇന്ത്യയിലേക്ക് പ്രവാസികൾ വഴിയാണ് മന്തി എത്തിയത്. കേരളമുൾപ്പെടെ രാജ്യത്ത് പലയിടങ്ങളിലും മന്തിക്ക് ഒട്ടേറെ ആരാധകരുമുണ്ടായി.

ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷണരീതിയിൽ നിന്നു വിഭിന്നമാണ് യെമനിലെ രീതികൾ. ടാബൂൺ എന്നുവിളിക്കുന്ന തന്തൂരി അടുപ്പ് വകഭേദങ്ങൾ യെമനിൽ മിക്ക അടുക്കളകളിലുമുണ്ട്. 

 

മന്തി കൂടാതെ മറ്റനേകം വിഭവങ്ങളും യെമനിൽ നിന്നുണ്ടായിട്ടുണ്ട്. പ്രഭാതഭക്ഷണമായ ഫാറ്റൂത്ത്, മുത്തബ്ബാഖ്, ഷാക്‌ഷൂക തുടങ്ങിയവയെല്ലാം പ്രശസ്തമാണ്. മറ്റുള്ള അയൽരാജ്യങ്ങൾ രാത്രി ഭക്ഷണത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നിടത്തു യെമനിൽ ഉച്ചഭക്ഷണത്തിനാണു പ്രാധാന്യം. അസീദ്, ഫഹ്സ. ഹനീത്, കബ്സ, ഷാഫുത് തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ഉച്ചഭക്ഷണത്തിന് യെമനികൾ കഴിക്കാറുണ്ട്. സാൽറ്റ എന്ന ഒരുതരം സൂപ്പാണ് യെമന്റെ ദേശീയഭക്ഷണമായി അറിയപ്പെടുന്നത്.

 

Content Summary : Origin of Kuzhimanthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com