ADVERTISEMENT

 

ലോകത്തിൽ പല രാസവസ്തുക്കളും വിഷമയമാണ്. ചിലത് നേരിയ തോതിലും ചിലത് ഉയർന്ന തോതിലും. സസ്യങ്ങളിലും ജീവികളിലും വിഷം വഹിക്കുന്നവയുണ്ട്.  വിഷം മനുഷ്യന്റെ ആദിമകാല ചരിത്രത്തിൽ പോലും കടന്നുവരാറുണ്ട്. പല ക്ലാസിക് കൃതികളിൽ പോലും വിഷത്തെക്കുറിച്ച് പരാമർശിക്കുന്നത് ഇതിനു തെളിവ്. ആദിമമനുഷ്യർ വേട്ടയിലും യുദ്ധത്തിലും വിഷം പുരട്ടിയ ആയുധങ്ങൾ ഉപയോഗിച്ചിരുന്നു.

പണ്ടു കാലത്തെ രാജാക്കൻമാർ ശത്രുക്കൾ തങ്ങൾക്ക് വിഷം നൽകാനുള്ള സാധ്യതയെക്കുറിച്ച് ബോധവാൻമാരായിരുന്നു. പല രാജാക്കൻമാരും ഇക്കാരണത്താൽ തന്നെ ഇതിനുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിച്ചിരുന്നു. അവർ ഭക്ഷണം കഴിക്കുന്നതിനു മുൻപ് വിഷമുണ്ടോയെന്ന് പരിശോധിക്കാനായി പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിരുന്നു.

ഇക്കാര്യത്തിൽ വളരെ പ്രശസ്തനാണ് പുരാതന അനറ്റോളിയയിൽ 114 ബിസി മുതൽ ഭരിച്ചിരുന്ന മിത്രിഡേറ്റ്സ് ആറാമൻ ചക്രവർത്തി. തന്നെ ആരെങ്കിലും വിഷം നൽകി കൊലപ്പെടുത്തുമെന്ന് അദ്ദേഹം പേടിച്ചിരുന്നു. അതിനാൽ തന്നെ വിഷത്തിനെതിരെയുള്ള പ്രതിവിഷം നിർമിക്കാൻ അദ്ദേഹം ശ്രമങ്ങൾ തുടർന്നു. ആ ശ്രമം ഒട്ടേറെ പ്രതിവിഷങ്ങളുടെ സൃഷ്ടിക്കു കാരണമായി.

ഇന്ത്യയിൽ മൗര്യസാമ്രാജ്യം കെട്ടിപ്പടുത്ത ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തിക്കു വിഷത്തിൽ നിന്നു പ്രതിരോധമേകാനായി അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ചാണക്യൻ ചെറിയ അളവിൽ വിഷം നൽകിയിരുന്നെന്ന് കരുതപ്പെട്ടിരുന്നു.

ആദിമകാലത്തെ വിഷപ്രയോഗത്തെ പറ്റിപ്പറയുമ്പോൾ ചരിത്രകാരൻമാർക്ക് മറക്കാനൊക്കാത്ത വ്യക്തിയാണ് ലോക്കസ്റ്റ. റോമാസാമ്രാജ്യത്തിന്റെ ഏറ്റവും പ്രക്ഷുബ്ധമായ ചില ചരിത്രസന്ദർഭങ്ങളിൽ ലോക്കസ്റ്റയുടെ സാന്നിധ്യമുള്ളതായി കാണാം. റോമിലെ ഏറ്റവും വിവാദ ചക്രവർത്തിയായ നീറോയുടെ സ്ഥാനാരോഹണം മുതൽ ലോക്കസ്റ്റയെയും ചിത്രതത്തിൽ കാണാം.

റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗൗൽ (ഇന്നത്തെ ഫ്രാൻസ്) ആയിരുന്നു ലോക്കസ്റ്റയുടെ സ്വദേശം. ചെറുപ്പം മുതൽ തന്നെ ഒറ്റമൂലികളിലും പച്ചമരുന്നുകളിലും അപാരമായ അറിവ് നേടിയ ലോക്കസ്റ്റ വിഷപ്രയോഗത്തിൽ അതിനിപുണയായിരുന്നു. റോമിലെ ചില ധനികരുടെയും പ്രഭുക്കൻമാരുടെയുമൊക്കെ ശത്രുക്കളെ ഒതുക്കാനായി ലോക്കസ്റ്റ വിഷപ്രയോഗം നടത്തിവന്നു. ഇവർ തയാറാക്കുന്ന വിഷക്കൂട്ടിനെ പ്രതിരോധിക്കാനാകാതെ പലരും മരിച്ചു. ഇടയ്ക്ക് ലോക്കസ്റ്റ ജയിലിലുമായി.

എഡി 54. റോമിലെ ക്ലോഡിയസ് ചക്രവർത്തിയുടെ നാലാം ഭാര്യയായ അഗ്രിപ്പിന ഒരു പദ്ധതി തയാറാക്കുകയായിരുന്നു. ക്ലോഡിയസിനെ വധിച്ച് തന്റെ മുൻവിവാഹത്തിലെ പുത്രനായ നീറോയെ ചക്രവർത്തിയായി വാഴിക്കാനായിരുന്നു ആ പദ്ധതി.

സർവ സൈന്യങ്ങളുടെയും അധിപനും ശക്തമായ കാവൽവൃന്ദമുള്ളയാളുമായിരുന്ന ക്ലോഡിയസിനെ കൊല്ലുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതിനായി അഗ്രിപ്പിന ലോക്കസ്റ്റയെ നിയോഗിച്ചു. തന്നെ ആരും വിഷം തന്നു കൊല്ലാതിരിക്കാനായി ഭക്ഷണം കഴിച്ചുപരിശോധിക്കാൻ ഒട്ടേറെ ജീവനക്കാരെ ക്ലോഡിയസ് ഏർപ്പാട് ചെയ്തിരുന്നു. എന്നാൽ തന്ത്രപരമായി പ്രത്യേക കൂണിൽ വിഷം ചേർത്തു നൽകി ലോക്കസ്റ്റ ക്ലോഡിയസിനെ വധിക്കുക തന്നെ ചെയ്തു.

പിന്നീട് നീറോ തന്നെ നേരിട്ട് ലോക്കസ്റ്റയെ സമീപിച്ചു. ക്ലോഡിയസിന്റെ പുത്രനും അധികാരവഴിയിൽ തനിക്കു തടസ്സവുമായ ബ്രിട്ടാനിക്കസിനെ കൊല്ലാനുള്ള ദൗത്യമേൽപിക്കാനായിരുന്നു ഇത്. വീഞ്ഞിൽ രൂക്ഷമായ വിഷം കലർത്തിനൽകി ഈ ലക്ഷ്യവും ലോക്കസ്റ്റ സാധിച്ചു. അവർ നീറോയുടെ പ്രീതിക്കു പാത്രമായി മാറി. പിന്നീടുള്ള നീറോയുടെ ഭരണകാലത്ത് ലോക്കസ്റ്റയ്ക്ക് സമ്പത്തും അധികാരവും വന്നുചേർന്നു.

പക്ഷേ അധികനാൾ അതുനീണ്ടില്ല. ഭരണത്തിൽ വലിയ വിമർശനം നേരിട്ട നീറോ ഒടുവിൽ ആത്മഹത്യ ചെയ്തു. ലോക്കസ്റ്റയെ നേരത്തെ തന്നെ നോട്ടമിട്ടിരുന്ന റോമൻ സെനറ്റ് അവർക്കു നേരെ തിരിഞ്ഞു. കൈയാമവും ചങ്ങലയും ധരിപ്പിച്ച് അവരെ നഗരത്തിലൂടെ നടത്തിച്ചതിനു ശേഷം അവരെ വധിച്ചു.

English Summary: Famous Poisoning Death Cases in History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com