ADVERTISEMENT

ലോകത്ത് ഒട്ടേറെ രാജ്യങ്ങളുണ്ട്. അക്കൂട്ടത്തിലൊരു രാജ്യമാണ് അർജന്റീനയെങ്കിലും ലോകം മുഴുവൻ അതു പ്രശസ്തമാകാൻ കാരണം ഫുട്ബോളാണ്. 1986ൽ ഡിയഗോ മറഡോണയെന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പുയർത്തിയതോടെ അർജന്റീനയും ലോകമനസ്സുകളിൽ സ്ഥാനം പിടിച്ചു. വെള്ളയിൽ നീലവരകളുള്ള അർജന്റീനയുടെ കുപ്പായം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാം. മറഡോണയ്ക്ക് മുൻപും ശേഷവുമായി ഒട്ടേറെ ഇതിഹാസ താരങ്ങൾ ഈ രാജ്യത്തു ജനിച്ചു. ആൽഫ്രഡോ സ്റ്റെഫാനോ, മരിയോ കെംപസ്, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ലയണൽ മെസി....പട്ടിക നീളുന്നു.

സൗദി അറേബ്യയ്ക്കെതിരെ ഗോൾ നേടിയ മെസ്സിയുടെ ആഹ്ലാദം. Photo: Twitter@FIFAWorldCup
സൗദി അറേബ്യയ്ക്കെതിരെ ഗോൾ നേടിയ മെസ്സിയുടെ ആഹ്ലാദം. Photo: Twitter@FIFAWorldCup

എങ്ങനെയാണ് അർജന്റീനയ്ക്ക് ആ പേരു  കിട്ടിയത്? അതിനു നമ്മൾക്ക് ചിരപരിചിതമായ വെള്ളിയുമായി ചെറിയ ബന്ധമുണ്ട്.

 

ലാറ്റിൻ ഭാഷയിൽ വെള്ളിലോഹത്തിനു പറയുന്ന പേര് അർജന്റം എന്നാണ്. അർജന്റം എന്ന വാക്കിൽ നിന്നാണ് ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്തിനു സ്വന്തം പേരു ലഭിച്ചത്. അർജന്റീനയിലേക്കെത്തിയ സ്പാനിഷ് കൊളോണിയൽ യാത്രികരിൽ നിന്നാണ് ഈ പേര് വന്നത്. അർജന്റീന മുൻപ് സ്പെയിന്റെ കോളനിയായിരുന്നു. അവിടത്തെ ദേശീയ ഭാഷ സ്പാനിഷാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് സ്പെയിനിൽ ഒരു കഥ പ്രചരിച്ചിരുന്നു. ലാറ്റിൻ അമേരിക്കയിൽ, വെള്ളി കൊണ്ട് സമ്പുഷ്ടമായ ഒരു രാജ്യമുണ്ടെന്നതായിരുന്നു അത്. അക്കാലത്ത് ചില സാഹസികർ അലക്സിയോ ഗാർഷ്യയുടെ നേതൃത്വത്തിൽ ഈ നാടു തേടി ലാറ്റിൻ അമേരിക്കയുടെ തെക്കുഭാഗത്തേക്ക് എത്തി. വെള്ളിയിൽ നിർമിച്ച അനേകം വസ്തുക്കൾ ഗോത്രവർഗക്കാരിൽ നിന്നു കരസ്ഥമാക്കാൻ ഗാർഷ്യയ്ക്കു സാധിച്ചെങ്കിലും ഗോത്രവിഭാഗക്കാരുടെ അമ്പേറ്റു മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

 

ഗാർഷ്യയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ കൂട്ടാളികൾ വെള്ളിയാഭരണങ്ങളുമായി പോയി. സീയറ ഡെൽ പ്ലാറ്റ എന്ന വെള്ളിനിറഞ്ഞ ഒരു നാടുണ്ടെന്നും അങ്ങോട്ടേക്കു നയിക്കുന്ന വെള്ളി ഒഴുകുന്ന ഒരു നദിയുണ്ടെന്നുമുള്ള കഥ പ്രചരിച്ചു. ആ നദിക്ക് റയോ ഡെലാ പ്ലാറ്റ അല്ലെങ്കിൽ റിവർപ്ലേറ്റ് എന്ന പേരുമിട്ടു. ഇന്നും അർജന്റീനയിലെ പ്രശസ്തമായ ഒരു നദിയാണ് റിവർപ്ലേറ്റ്.

 

1536ൽ ഒരു ഇറ്റാലിയൻ മാപ്പിലാണ് അർജന്റീന എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. 1602ൽ സ്പെയിനിൽ പ്രസിദ്ധീകരിച്ച മാർട്ടിൻ ഡെൽ ബാർകോ സെന്റനീറയുടെ കവിതയിൽ അർജന്റീനയെന്ന പേരുണ്ട്.

1816ൽ അർജന്റീന സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ബ്യൂനസ് ഐറിസാണ് അർജന്റീനയുടെ തലസ്ഥാനം. കാറ്റിന്റെ നഗരമെന്നാണ് ഈ പേരിനർഥം. ബ്യൂനസ് ഐറിസ് കഴിഞ്ഞാൽ കൊർഡോബ, റൊസാരിയോ എന്നിവയാണ് ജനസംഖ്യ കൊണ്ട് രണ്ടും മൂന്നും സ്ഥാനത്തു നിൽക്കുന്ന അർജന്റീനിയൻ നഗരങ്ങൾ. 

 

Content summary : Interesting facts about Argentina and football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com