മരുഭൂമിയുടെ മരുപ്രദേശങ്ങളിൽ നൈൽ നദി ദാനം നൽകിയ മനോഹര രാജ്യം. അതാണ് ഈജിപ്ത്. ഈജിപ്തെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരിക മരുഭൂമിയുടെ പശ്ചാത്തലത്തിൽ ഉയർന്നു നിൽക്കുന്ന പിരമിഡുകളാണ്. മരിച്ചവരെ പ്രത്യേക പ്രക്രിയയിലൂടെ മമ്മിയാക്കി സൂക്ഷിക്കുന്ന രീതിയും പുരാതന ഈജിപ്തിലുണ്ടായിരുന്നു. ലോക ചരിത്രത്തിൽ ഇതുവരെ അറിയപ്പെടാതിരുന്ന ഒരു ഈജിപ്ഷ്യൻ റാണിയുടെ പിരമിഡ് കണ്ടെടുത്തിരിക്കുകയാണ് പര്യവേക്ഷകർ. നീത് എന്നാണ് ഈ റാണിയുടെ പേര്.
ഇതോടൊപ്പം തന്നെ കുറേയെറെ മൃതപേടകങ്ങളും മമ്മികളെയും കലാമൂല്യമുള്ള വസ്തുക്കളെയും കണ്ടെത്തി. ദുരൂഹതയ്ക്കു മേമ്പൊടിയേകാനെന്നവണ്ണം പരസ്പരം ബന്ധിക്കപ്പെട്ട കുറേയേറെ തുരങ്കങ്ങളും പര്യവേക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ പ്രശസ്തമായ മേഖലയാണ് ഗിസ. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പിരമിഡ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഗിസയിലെ സഖാറയിൽ നിന്നാണു പുതിയ കണ്ടെത്തൽ. ഈജിപ്തിന്റെ ഇന്നത്തെ തലസ്ഥാനമായ കയ്റോ നഗരത്തിൽ നിന്നു 32 കിലോമീറ്റർ മാറിയാണ് സഖാറ സ്ഥിതി ചെയ്യുന്നത്.
1333 ബിസി മുതൽ 1323 ബിസി വരെയുള്ള പത്തുവർഷകാലയളവിൽ ഈജിപ്ത് ഭരിച്ചിരുന്ന തൂത്തൻ ഖാമുൻ ചക്രവർത്തിയുടെ സൈന്യാധിപരോ അല്ലെങ്കിൽ ഉപദേഷ്ടാക്കളോ ഒക്കെയാകാം മരണശേഷം മമ്മികളായി ഇവിടെ അടക്കിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു. ഈജിപ്തിലെ ആറാം നൂറ്റാണ്ടിലെ ആദ്യ രാജാവായ ടെറ്റിയുടെ പിരമിഡും സമീപത്തുണ്ട്. ഈജിപ്തിന്റെ പുതിയ രാജവംശ സമയത്ത് ടെറ്റിയെ ദൈവമായി കരുതി ജനങ്ങൾ ആരാധിച്ചിരുന്നു. അതിനാൽ തന്നെ ടെറ്റിയുടെ പിരമിഡിനു സമീപം അന്ത്യവിശ്രമം കൊള്ളാനും ആളുകൾ ആഗ്രഹിച്ചിരുന്നു. സഖാറയിൽ ഇപ്പോൾ കണ്ടെത്തിയ മമ്മികളിൽ അധികവും പുതിയ ജവംശകാലത്തെയാണ്. ബിസി ആറാം നൂറ്റാണ്ടു മുതൽ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള കാലയളവിലാണ് പുതിയ രാജവംശം നിലകൊണ്ടത്.
ഈ കാലഘട്ടത്തിൽ നിന്നുള്ള മൃതപേടകങ്ങളെയോ മമ്മികളെയോ സഖാറയിൽ നിന്ന് അധികം കണ്ടെത്തിയിട്ടില്ലാത്തതാണ് പുതിയ അപൂർവതയ്ക്കു കാരണം. ഈ മമ്മികൾ നല്ല നിലയിലാണ് ഇപ്പോഴും കാണപ്പെടുന്നത്. പുതിയ രാജവംശകാലത്ത് മമ്മിയാക്കൽ പ്രക്രിയ വളരെ വികസിച്ചിരുന്നു എന്നതാണ് ഇതിനു കാരണം.
Content Summary : Pyramid of queen Neith found in Egypt