ജപ്പാനിൽ ഫുട്‌ബോളിനെ വളർത്തിയ പതിനൊന്നുകാരൻ; ക്യാപ്റ്റൻ സുബാസ

captain-tsubasa-an-anime-series-changed-football-in-japan
ജർമനിക്കെതിരായ മത്സരത്തിലെ വിജയം ആഘോഷിക്കുന്ന ജപ്പാൻ താരങ്ങൾ (ഫിഫ ലോകകപ്പ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ത്രില്ലടിപ്പിക്കുന്ന രണ്ട് വിജയങ്ങളുടെ സന്തോഷത്തിരയിലാണ് ജപ്പാൻ. ഏതെങ്കിലും രണ്ട് കളി ജയിച്ചല്ല ജപ്പാൻ പ്രീക്വാർട്ടറിലേക്കു പോകുന്നത്. ലോകഫുട്‌ബോളിലെ വൻശക്തികളായ ജർമനിയെയും സ്‌പെയിനെയുമാണ് ജാപ്പനീസ് കരുത്ത് അട്ടിമറിച്ചിടുന്നത്. 1921ലാണ് ജപ്പാന്റെ ദേശീയ ഫുട്‌ബോൾ ടീം രൂപീകരിച്ചത്. എന്നാൽ ലോക ഫുട്‌ബോൾ ഭൂപടത്തിൽ ജപ്പാൻ ഒരു ശക്തിയായി ഉയർന്നുവരാൻ തുടങ്ങിയിട്ട് അധികകാലമൊന്നുമായില്ല. തൊണ്ണൂറുകളിലാണ് രാജ്യത്തെ ആഭ്യന്തര ലീഗ് പോലും ശക്തി പ്രാപിക്കുന്നത്.

സുമോഗുസ്തിയും ആയോധനകലകളും ബേസ്‌ബോളും ബാസ്‌ക്കറ്റ്‌ബോളുമൊക്കെ അരങ്ങുവാണ ജാപ്പനീസ് കായികമേഖലയിലേക്ക് ഫുട്‌ബോൾ ഒരു വൻമരം പോലെ വളർന്നുപന്തലിച്ചു. അതിനു കാരണക്കാരായവരിൽ നിരവധിപേരുണ്ട്. എന്നാൽ ഒരാളുടെ പങ്ക് വളരെ നിർണായകമാണ്. അയാളാണ് ക്യാപ്റ്റൻ സുബാസ അഥവാ ഒലിവർ ആറ്റം. ഒരു പതിനൊന്നുവയസ്സുകാരൻ കുട്ടി. പ്രത്യേകതയെന്തെന്നാൽ, ക്യാപ്റ്റൻ സുബാസ ഒരു യഥാർഥ വ്യക്തിയല്ല. ഒരു കഥാപാത്രമാണ്. മാംഗ എന്ന ജപ്പാനിലെ ചിത്രകഥാരീതിയിൽ തയാറാക്കിയ കഥകളിലെ കഥാപാത്രം. ജപ്പാനു ലോക ഫുട്‌ബോൾ കിരീടം നേടിക്കൊടുക്കണമെന്ന് മനസ്സിലിട്ടുകൊണ്ടു നടക്കുന്ന കിടുക്കാച്ചി ഫുട്‌ബോൾ പ്ലെയറാണു കക്ഷി.

captain-tsubasa-an-anime-series-changed-football-in-japan
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

ജപ്പാനിലെ കാർട്ടൂണിസ്റ്റായ യോച്ചി തകാഹാഷിയുടെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രമാണ് ക്യാപ്റ്റൻ സുബാസ. സുബാസ ഊസോരയെന്നാണു മുഴുവൻ പേര്. തകാഹാഷി തന്റെ സ്‌കൂൾകാലം മുതൽ തന്നെ ഈ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാൽ അക്കാലത്തൊന്നും ജപ്പാനിൽ ഫുട്‌ബോളിനത്ര വേരോട്ടമുണ്ടായിരുന്നില്ല. ഒരു ബേസ്‌ബോൾ താരമായി സുബാസയെ അവതരിപ്പിക്കാനാണു തകാഹാഷി ആദ്യം ആലോചിച്ചത്.

1978ൽ അർജന്‌റീനയിൽ ലോകകപ്പ് നടന്നു. ആ ടൂർണമെന്റ് ജപ്പാനിൽ ലൈവായി ടെലിവിഷനിൽ കാണിച്ചിരുന്നു. ഈ ലോകകപ്പ് കണ്ടതും അതിലെ കമനീയമായ മത്സരങ്ങളും തകാഹാഷിയുടെ ചിന്തയിൽ മാറ്റം വരുത്തി. സുബാസ ഫുട്‌ബോൾ കളിക്കാരനായി അവതരിപ്പിക്കപ്പെട്ടു. മിഡ്ഫീൽഡറാണു സുബാസ, ചിലപ്പോഴൊക്കെ സ്‌ട്രൈക്കറുമാകും. സുബാസ കളിക്കുന്ന കളികളൊന്നും തന്നെ ജപ്പാൻ തോൽക്കാറില്ലെന്ന രീതിയിലാണു കഥാപാത്രം എത്തിയത്. 1981 മുതൽ തുടർച്ചയായി 7 വർഷം ഈ കോമിക് പ്രസിദ്ധീകരിച്ചു. ലക്ഷക്കണക്കിന് ആരാധകരെയും നേടി.

പിൽക്കാലത്ത് സുബാസയും വളർന്നു, ജപ്പാനിൽ ഫുട്‌ബോളും വളർന്നു. ഒട്ടേറെ ചിത്രകഥകൾ സുബാസയെ വച്ചുണ്ടായി, കൂടാതെ അനിമേഷനുകളും 4 ചലച്ചിത്രങ്ങളും  14 വിഡിയോഗെയിമുകളുമൊക്കെ ഈ കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി വന്നു. ജപ്പാനിൽ ഫുട്‌ബോളിന്റെ ജനപ്രിയത കൂട്ടിയതിൽ ഈ കഥാപാത്രത്തിനു വലിയൊരു പങ്കുണ്ട്. സുബാസയുടെ കഥയിൽ സ്വാധീനിക്കപ്പെട്ട് ഒട്ടേറെ കുട്ടികളും യുവാക്കളും ഫുട്‌ബോളിനെ സീരിയസായി സമീപിക്കാൻ തുടങ്ങി. ജപ്പാന്റെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡറായ ഹിദെതോഷി നകാതയൊക്കെ ഇങ്ങനെ വന്നവരാണ്.

ജപ്പാനിൽ മാത്രമല്ല യൂറോപ്പിലും സുബാസയുടെ കഥ വിവർത്തനം ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഒലിവർ ആറ്റം എന്നായിരുന്നു അവിടെ സുബാസയുടെ പേര്. സ്‌പെയിനിന്റെ ഇതിഹാസ സ്‌ട്രൈക്കർമാരിലൊരാളായ ഫെർണാണ്ടോ ടോറസ് മുടങ്ങാതെ സുബാസയെ വായിച്ചിരുന്നു. തനിക്ക് ഒരു ഫുട്‌ബോളറാകാൻ പ്രോത്സാഹനം തന്നതിൽ സുബാസയുടെ പങ്ക് വളരെ വലുതാണെന്ന് ടോറസ് പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞു.

ഇവർ മാത്രമല്ല, സിനദീൻ സിദാൻ, തീയറി ഒന്റി, അലക്‌സാൻഡ്രോ ഡെൽപിയറോ തുടങ്ങി ഫുട്‌ബോൾ ലോകത്തെ പല ഐതിഹാസിക താരങ്ങളും സുബാസയുടെ ആരാധകരായിരുന്നു.

Content Summary : Captain Tsubasa - An anime series changed football in Japan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS