ADVERTISEMENT

ഓക്‌സ്ഫഡ് ഡിക്ഷ്ണറി 2022ലെ വാക്കായി തിരഞ്ഞെടുത്തത് ഗോബ്ലിൻ മോഡ് എന്ന പ്രയോഗമാണ്. അലസരും സ്വന്തം കാര്യം നോക്കുന്നവരുമായി ആളുകൾ മാറുന്നതിനെയാണ് ഗോബ്ലിൻ മോഡ് എന്ന പ്രയോഗം അർഥമാക്കുന്നത്. ലോക്ഡൗൺ സമയത്ത് ഈ പ്രയോഗം വളരെയേറെ ഉപയോഗിക്കപ്പെട്ടിരുന്നു. ദീർഘകാലം ലോക്ഡൗണിന്റെ ഭാഗമായി വീട്ടിലിരുന്ന മനുഷ്യർ സാമൂഹികമായ ക്രമങ്ങളോട് പ്രതിപത്തിപുലർത്താത്തതും ഈ പ്രയോഗത്തിന്റെ അർഥത്തിൽ വന്ന സംഗതിയാണ്. ഈ വർഷം ഫെബ്രുവരിയിൽ ഒരു മാസികയിൽ പ്രത്യക്ഷപ്പെട്ട ഗോബ്ലിൻ മോഡിനെ താമസിയാതെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

 

ഓക്സ്ഫഡ് ഡിക്ഷ്ണറി എല്ലാവർഷവും ഒരു വാക്ക് വേഡ് ഓഫ് ദ ഇയർ എന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാത്തവണയും പ്രശസ്തരായ നിഘണ്ടു വിദഗ്ധരടങ്ങിയ ഒരു പാനൽ വാക്കു തീരുമാനിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ 3 വാക്കുകൾ പാനൽ മുന്നോട്ടുവച്ചു. പൊതുജനങ്ങൾക്ക് ഇവയിൽ വോട്ടു ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു.ഗോബ്ലിൻ മോഡിനു പുറമേ മെറ്റാവേഴ്സ്, ഐ സ്റ്റാൻഡ് വിത് എന്ന ഹാഷ്ടാഗ് എന്നിവയായിരുന്നു ഇവ. ഡിസംബർ 2 വരെ വോട്ടു ചെയ്യാൻ സമയവും നൽകിയിരുന്നു.

 

മെറ്റാവേഴ്സ് ലോകം ഉറ്റുനോക്കുന്ന, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു വെർച്വൽ ലോകമാണ്. അടുത്തിടെയായി ട്വിറ്ററിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി ആളുകൾ ഉപയോഗിക്കുന്ന ഹാഷ്ടാഗാണ് ഐ സ്റ്റാൻഡ് വിത്. ലോകത്ത് പല ഡിക്ഷ്ണറികളും വേഡ് ഓഫ് ദ ഇയർ പ്രസിദ്ധീകരിക്കാറുണ്ട്. ഓക്സ്ഫഡ് കൂടാതെ മിറിയം വെബ്സ്റ്റർ, കോളിൻസ്, കേംബ്രിജ് തുടങ്ങിയവയൊക്കെ ഇതിൽപെടും. 2004ലാണ് ആദ്യമായി ഓക്സ്ഫഡ് വേഡ് ഓഫ് ദ ഇയർ പ്രസിദ്ധീകരിച്ചത്. ഷാവ് എന്ന വാക്കാണ് അന്നു തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനിലെ ചിലയിടങ്ങളിൽ യുവാക്കൾക്കിടയിൽ പ്രചരിക്കുന്ന ഹിപ്പി സംസ്‌കാരം പോലുള്ള ഒരു ജീവിത രീതിയാണ് ഷാവ്.

 

തൊട്ടടുത്ത വർഷം ലോകത്തിന്റെ പ്രിയപ്പെട്ട വേഡ്ഗെയിമായ സുഡോക്കു വേഡ് ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. കാർബൺ ഫുട്പ്രിന്റ്, പോസ്റ്റ് ട്രൂത്ത്, ടോക്സിക്, സെൽഫി തുടങ്ങിയ വാക്കുകളും തുടർ വർഷങ്ങളിൽ ഇടം നേടി. കഴിഞ്ഞ വർഷം വാക്സ് എന്ന വാക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. വാക്സീൻ എന്നതിന്റെ ചുരുക്കപ്പേരാണ് വാക്സ്. കോവിഡ് കൊടികുത്തിനിന്ന അക്കാലത്ത് ഈ വാക്കല്ലാതെ മറ്റെന്തു തിരഞ്ഞെടുക്കാൻ.

 

Content Summary : Oxford word of the year -2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com