ADVERTISEMENT

ഫുട്ബോൾ, കാപ്പിക്കൃഷി, ആമസോൺ മഴക്കാടുകൾ തുടങ്ങിയവയിലൂടെ ലോകപ്രശസ്തമായ രാജ്യമാണ് ബ്രസീൽ. യുഎസിൽ ഇടയ്ക്കിടെ അന്യഗ്രഹപേടകങ്ങൾ കണ്ടെന്നും മറ്റും വലിയ കോലാഹലങ്ങളിറങ്ങാറുണ്ട്. ബ്രസീലിലും ഇങ്ങനത്തെ സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമാണ് വർഗീഞ്ഞ യുഎഫ്ഒ കേസ്. 1996ൽ ആണ് ഇതു സംഭവിക്കുന്നത്. ആ വർഷം ജനുവരി 20ന് ബ്രസീലിലെ വർഗീഞ്ഞയിൽ നടക്കാനിറങ്ങിയ ലിലിയാനെ, വാൽക്വിറ എന്നീ സഹോദരിമാരും അവരുടെ കൂട്ടുകാരിയായ കാറ്റിയ സേവ്യറും ഒരു ദുരൂഹ ജീവിയെ കണ്ടതാണ് ഈ സംഭവത്തിനാധാരം. ആ ജീവി ഒരു അന്യഗ്രഹജീവിയാണെന്ന മട്ടിൽ താമസിയാതെ പ്രചാരണമുണ്ടായി.

 

തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറായിസ് സംസ്ഥാനത്തെ ഒരു പട്ടണമാണ് വർഗീഞ്ഞ. അന്നേദിവസം നല്ല മഴയും കാറ്റുമുണ്ടായിരുന്നു. പട്ടണത്തിലെ തിരക്കിൽ നിന്ന് വീട്ടിലേക്ക് എളുപ്പം എത്താനായി വ്യഗ്രതപ്പെട്ടാണ് ആ പെൺകുട്ടികൾ നടന്നത്. ഇതിനായി നേരെയുള്ള റോഡ് വിട്ട് ഒരു കുറുക്കുവഴിയിലേക്കു കയറിയിട്ട് അവർ വേഗം നടന്നു. പെട്ടെന്നാണ് അവർ ആ കാഴ്ച കണ്ടത്. റോഡിൽ വീണു കിടക്കുകയാണ് ഒരു വിചിത്ര സത്വം. അവരെ കണ്ടതോടെ അത് എഴുന്നേറ്റു വഴിമുടക്കി നിന്നു .ഇരുകാലുകളിൽ അത് മനുഷ്യനെ പോലെ ഉയർന്നു നിൽക്കുന്നു. വലിയ ചുവന്ന തലകൾ അതിനുണ്ടായിരുന്നു. ഇംഗ്ലിഷ് അക്ഷരം വിയുടെ ആകൃതിയിലുള്ള കാലുകളും. മുഴകൾ പോലെ മൂന്ന് വളർച്ചകൾ അതിന്റെ തലയിൽ ഉയർന്നു നിന്നു. തവിട്ടുനിറവും എണ്ണമയവുമുള്ള ത്വക്കായിരുന്നു അതിനുണ്ടായിരുന്നത്.

 

ഈ കാഴ്ച കണ്ട് ബ്രസീലിയൻ യുവതികൾ നടുങ്ങിപ്പോയി. അടുത്തെങ്ങും ആരുമില്ല. ആ ഭീകരസത്വം തങ്ങളെ തന്നെ നോക്കി നിൽക്കുകയാണെന്ന് അവർക്ക് തോന്നി. അതു തങ്ങളെ തട്ടിയെടുത്തേക്കുമെന്നുപോലും അവർ ഭയന്നു. ആകെ അവശനും പരവശനുമായതു പോലെ അതു നിന്ന് ആടുന്നുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ രൂക്ഷമായ ഗന്ധവും പ്രദേശത്ത് ഉയരുന്നത് ആ യുവതികൾ അറിഞ്ഞു. ആ വിചിത്രരൂപിയായ ജീവിയും അവരെ നോക്കി നിൽക്കുകയായിരുന്നു. അതു തങ്ങളെ പിടിക്കാനായി ആയുന്നതു പോലെ യുവതികൾക്കു തോന്നി. സർവശക്തിയും സമാഹരിച്ച് അവർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ യുവതികൾ ഇക്കഥ അവിടെ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഒരു മുതിർന്ന സ്ത്രീ ഇക്കഥ കേട്ട് സംഭവസ്ഥലത്തേക്കു പോയി.എന്നാൽ അവിടെ ആ ജീവിയെ കണ്ടില്ല. പ്രദേശത്ത് ദുർഗന്ധം അപ്പോഴും ശക്തമായുണ്ടായിരുന്നു. അമോണിയ വാതകത്തിന്റേതെന്ന പോലെ എരിയുന്ന ഒരു മണമാണ് തനിക്ക് അനുഭവപ്പെട്ടതെന്നാണ് ആ മുതിർന്ന സ്ത്രീ അതെക്കുറിച്ച് പിന്നീട് പറഞ്ഞത്. 

 

പെൺകുട്ടികൾ കണ്ട വിചിത്ര സത്വത്തിന്റെ കഥ വീട്ടുകാർ കുടുംബാംഗങ്ങളോടും അയൽക്കാരോടും പരിചയക്കാരോടും പറഞ്ഞു. അവർ മറ്റുള്ളവരോട് പറഞ്ഞു. താമസിയാതെ വർഗീഞ്ഞ മുഴുവൻ കഥ പാട്ടായി. ഇതെത്തുടർന്ന് വലിയ അഭ്യൂഹങ്ങൾ പ്രദേശവാസികൾക്കിടയിൽ ഉടലെടുത്തു.  ലാറ്റിൻ അമേരിക്കൻ മേഖലകളിൽ ചുപ്പകാബ്ര എന്നൊരു വിചിത്രജീവിയെപ്പറ്റിയുള്ള കെട്ടുകഥകളുണ്ട്. മൃഗങ്ങളെ, പ്രത്യേകിച്ചും ആടുകളെ ആക്രമിച്ച് അവയുടെ രക്തം കുടിക്കുന്ന ഒരു വിചിത്രജീവി. ഇങ്ങനെയൊരു ജീവിയുണ്ടെന്ന് ഒരിടത്തും ഒരുകാലത്തും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും ചില സമൂഹങ്ങൾ ഇവയുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഇത്തരം ചുപ്പാകാബ്രകളെയാകാം യുവതികൾ കണ്ടെന്നതും അതല്ല അന്യഗ്രഹജീവികളെയാണ് കണ്ടതെന്നും പ്രചരണം കനത്തു.

 

യുവതികൾ കണ്ട സംഭവം നടന്ന് 2 ദിവസം പിന്നിട്ട ശേഷം അതിലെ പോലെ മറ്റൊരു ജീവിയെയും റോഡരികിൽ കണ്ടെന്നും ഇതിനെ ബ്രസീലിയൻ മിലിട്ടറി സേനാംഗങ്ങൾ വന്നെടുത്തുകൊണ്ടു പോയെന്നും പ്രചാരണമുണ്ടായി. ഇതിനിടെ വർഗീഞ്ഞയിൽ ഫാം നടത്തുന്ന ഒറാലിന, യൂറികോ ഡി ഫ്രെയ്റ്റാസ് എന്നീ ദമ്പതികൾ തങ്ങളുടെ ഫാമിനു മുകളിൽ 40 മിനിറ്റോളം ഒരു പറക്കുംതളിക വട്ടമിട്ടു പറന്നെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തി.  ഇതെത്തുടർന്ന് ബ്രസീലിയൻ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. ആ അന്വേഷണം 14 വർഷത്തോളം നീണ്ടു നിന്നു. ഒടുവിൽ, യുവതികൾ കണ്ടത് ജീവികളെയൊന്നുമല്ലെന്നും മറിച്ച് മാനസിക പ്രശ്നങ്ങളുള്ള മുടീഞ്ഞോ എന്ന വ്യക്തിയെയാണെന്നും 2010ൽ സേന അറിയിച്ചു.എന്നാൽ മിലിട്ടറിയുടെ വെളിപ്പെടുത്തൽ വന്നതൊന്നും വർഗീഞ്ഞയിലെ ദുരൂഹതയ്ക്ക് അവസാനമേകിയില്ല. അന്യഗ്രഹജീവികൾ സന്ദർശിച്ചെന്നു പറയപ്പെടുന്ന പല നഗരങ്ങളും പിന്നീട് വലിയ ടൂറിസ്റ്റ് സങ്കേതങ്ങളായി മാറാറുണ്ട്.ഇന്ന് അത്തരത്തിലൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് സങ്കേതമായി വർഗീഞ്ഞ മാറിക്കഴി‍ഞ്ഞു.

 

Content summary : 1996 UFO Case The Varginha, Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com