ഗിസയിലെ പിരമിഡിൽ 9 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള നിഗൂഢ ഇടനാഴി!

great-pyramid-of-gizas-hidden-chamber-revealed
Representative image. Photo Credits: itR/ istock.com, Twitter
SHARE

ഈജിപ്തിലെ ഗിസ പിരമിഡിനുള്ളിൽ 9 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള നിഗൂഢ ഇടനാഴി കണ്ടെത്തി പര്യവേക്ഷകർ. 4500 വർഷം പഴക്കമുള്ള പിരമിഡിന്റെ പ്രധാന പ്രവേശനകവാടത്തിനു സമീപത്തായാണു ഇടനാഴി കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെയും പുരാവസ്തു ഗവേഷകരുടെയും പ്രിയപ്പെട്ട രാജ്യമാണ് ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ മനുഷ്യരാശിക്കു നൽകിയവയാണ്. പിരമിഡുകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണു ഗിസയിലേത്. ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ എന്ന് ഇതറിയപ്പെടുന്നു.

ഈജിപ്തിൽ ബിസി 2551 മുതൽ 2528 വരെ അധികാരത്തിലിരുന്ന ഫറവോയായിരുന്ന കുഫുവിന്റെ അന്ത്യവിശ്രമകേന്ദ്രം എന്ന നിലയ്ക്കാണ് ഇതു നിർമിച്ചത്. പൗരാണിക ഈജിപ്തിൽ നിർമിച്ചവയിൽ വച്ച് ഏറ്റവും വലുപ്പമുള്ള പിരമിഡാണ് ഗിസയിലേത്. പുരാതന കാലത്തെ ഏഴ് അത്ഭുതങ്ങളിൽ ഇന്നും നില നിൽക്കുന്ന ഒരേയൊരു അത്ഭുതവും ഈ പിരമിഡാണ്. ഗിസ പിരമിഡിനെക്കുറിച്ച് ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിലൊന്നാണ് രഹസ്യ അറ ഇതിനുള്ളിൽ ഉണ്ടായിരുന്നെന്ന സംശയം. ഇത് അറതന്നെയോ എന്ന് ഉറപ്പിക്കാൻ വിദഗ്ധർക്കു കഴിഞ്ഞിരുന്നില്ല. പിരമിഡിനുള്ളിലെ പൊത്തുകളോ പൊള്ളയായ ഭാഗമോ ആണ് ഇവയെന്നും സംശയിക്കപ്പെട്ടിരുന്നു.

1960 മുതൽ തന്നെ ഗിസ പിരമിഡിലെ ഘടനകൾ പരിശോധിക്കാനും വിലയിരുത്താനും ശാസ്ത്രജ്ഞർ വിവിധ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു. 2016-17 കാലഘട്ടത്തിൽ നടത്തിയ സ്‌കാൻ പിരമിഡ്  എന്ന സർവേയാണ് ഇതിനുള്ളിൽ വലിയ ഒരു പൊള്ളയായ ഭാഗമുണ്ടെന്നു കണ്ടെത്തി സ്ഥിതീകരിച്ചത് . ഈ ഗവേഷണഫലം നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചരിത്ര കണ്ടെത്തലായിട്ടാണു ഇതു കണക്കാക്കപ്പെടുന്നത്.

പിന്നീട് മ്യൂയോൺ ടോമോഗ്രഫി എന്ന അതിനൂതന സാങ്കേതികവിദ്യയുപയോഗിച്ച് എക്‌സ്‌പ്ലോർ ദ ഗ്രേറ്റ് പിരമിഡ് എന്ന പുതിയ ദൗത്യം ഗിസയിലെ പിരമിഡ് പരിശോധിച്ചു്. പ്രപഞ്ചത്തിൽ നിന്നുള്ള അതീവ ഊർജ രശ്മികളായ കോസ്മിക് കിരണങ്ങൾ ഭൂമിയിൽ പതിക്കുമ്പോഴാണു മ്യൂയോണുകളുണ്ടാകുന്നത്. ഇവയുടെ തോത് ഉപയോഗിച്ചുള്ള ഇമേജിങ് വിദ്യയാണു മ്യൂയോൺ ടോമോഗ്രഫി. ഇതുപയോഗിച്ച് ഇമേജിങ് ചെയ്യുമ്പോൾ മറ്റ് രീതികളെക്കാൾ 100 മടങ്ങ് മിഴിവോടെ ഘടന വെളിവാക്കപ്പെടും. പിന്നീട് അൾട്രാസൗണ്ട്, റഡാർ പരിശോധനകളും നടത്തി. ഒടുവിൽ ഇടനാഴിയുടെ മിഴിവുറ്റ ചിത്രം ലഭിച്ചു.

എന്താകാം ഈ ഇടനാഴി എന്നതു സംബന്ധിച്ച് ഇപ്പോൾ തന്നെ വിവിധ വാദങ്ങളുണ്ട്. ചക്രവർത്തിയുടെ കല്ലറ ഇവിടെയാകാം എന്നതാണ് ശാസ്ത്രജ്ഞരെ ഏറ്റവും കുടുതൽ ആഹ്ലാദിപ്പിച്ചേക്കാവുന്ന വാദം. എന്നാൽ ചിലപ്പോൾ ഇതു വെറുതെ ഘടനാപരമായ ഒരു ശൂന്യത മാത്രമാകാനും മതി. ഇതിനു സമീപത്തായി തന്നെ ശൂന്യമായ ഒരു ചെറിയ പൊള്ളഭാഗവുമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. പ്രാചീന ഈജിപ്തിലെ നാലാം സാമ്രാജ്യത്തിലെ രണ്ടാമത്തെ ഫറവോയായിരുന്നു ഖുഫു. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ താരതമ്യേന കുറവാണ്. നാലാം സാമ്രാജ്യത്തിന്റെ സ്ഥാപകനായ സ്‌നെഫ്‌റുവിന്റെ പുത്രനാണു ഖുഫു.  നാലു ഭാര്യമാരും 12 മക്കളും ഖുഫുവിനുണ്ടായിരുന്നു. ഗിസയിലെ പിരമിഡ് കൂടാതെ ഹാഥോർ, ബാസ്റ്റസ്റ്റ് എന്നീ ദേവകൾക്കായി ക്ഷേത്രങ്ങളും ഖുഫു നിർമിച്ചിരുന്നു.

Content Summary : Great Pyramid of Giza's hidden chamber revealed

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA