ആദിമകാല ചൈനയിൽ പോരാളികൾ ധരിച്ചിരുന്ന പടച്ചട്ട വളരെ പ്രശസ്തമായിരുന്നു. ലോകത്ത് മറ്റിടങ്ങളിൽ ലോഹപ്പടച്ചട്ടകൾ നിലനിന്നിരുന്ന അക്കാലത്ത് ചൈനയിൽ പടച്ചട്ടകൾ നിർമിച്ചത് പേപ്പർകൊണ്ടാണ്. ചൈനയിൽ രണ്ടായിരം വർഷം മുൻപ് കിഴക്കൻ ഹാൻ കാലഘട്ടത്തിലാണു പേപ്പർ കണ്ടുപിടിച്ചത്. കൈ ലുൻ എന്ന ചൈനീസ് വ്യക്തിയാണ് ഈ കണ്ടെത്തലിനു പിന്നിലെന്നാണു കരുതപ്പെടുന്നത്.
ചരിത്രകാലം മുതൽ തന്നെ വിവിധ വസ്തുക്കൾ ഉപയോഗിച്ച് തങ്ങളുടെ സൈനികരുടെ സുരക്ഷയ്ക്കായി പടച്ചട്ടകൾ നിർമിക്കാൻ ചൈനയിൽ ശ്രമമുണ്ടായിരുന്നു. ആമത്തോടുകൾ മുതൽ വെങ്കലം, കല്ല്, ലെതർ, സ്റ്റീൽ തുടങ്ങിയ ഒരുപാട് വസ്തുക്കൾ ചൈനക്കാർ ഇതിനായി ഉപയോഗിച്ചിരുന്നു.
എഡി 618 മുതൽ 907 വരെയുള്ള കാലയളവിൽ ചൈനയിലുണ്ടായിരുന്ന ടാങ് രാജവംശത്തിന്റെ കാലത്താണ് പേപ്പർ പടച്ചട്ടകൾ ഉപയോഗിച്ചത്. ഷാങ് സുഡിങ് എന്ന വ്യക്തിയാണ് ഇവ വികസിപ്പിച്ചത്. ഹെഡോങ് എന്ന പ്രവിശ്യയുടെ ഗവർണർ അക്കാലത്ത് ആയിരക്കണക്കിനു പേരടങ്ങുന്ന ഒരു സൈന്യത്തിന് ഇത്തരം പടച്ചട്ടകൾ നൽകിയിരുന്നു. ചിലപ്പോഴൊക്കെ പട്ടുതുണിയും ഇതിനൊപ്പം ഉപയോഗിച്ചിരുന്നു. പേപ്പറുകൾ മടക്കി തുണികൊണ്ടുള്ള പൗച്ചുകൾക്കുള്ളിലേക്കു കയറ്റിയാണ് പേപ്പർ പടച്ചട്ട നിർമിച്ചിരുന്നത്.
പലപ്പോഴും ലോഹനിർമിത പടച്ചട്ടകളേക്കാൾ കരുത്ത് പേപ്പർ പടച്ചട്ടകൾ കാണിച്ചിരുന്നത്രേ.അമ്പുകളെയും വാളുകളെയും ഫലപ്രദമായി ഇതു പ്രതിരോധിച്ചിരുന്നു.
Content Summary : Ancient Chinese paper armor was tougher than steel