വേട്ടയാടാൻ തലയ്ക്കുമുകളിൽ ഹിറ്റ്ലർ: രക്ഷപ്പെട്ടത് മൂന്നരലക്ഷം സൈനികർ

battle-of-dunkirk-and-adolf-hitler
Representative image. Photo Credits: Everett Collections/ Shutterstock.com
SHARE

ഒട്ടേറെ പോരാട്ടങ്ങളും ദൗത്യങ്ങളും സാഹസികതകളും നിറഞ്ഞതായിരുന്നു രണ്ടാം ലോകമഹായുദ്ധകാലം. ഇക്കൂട്ടത്തിലെ വളരെ സാഹസികമായ ഒരു കപ്പൽ രക്ഷാദൗത്യമാണ് ഡൺകിർക്ക്. ഈ വർഷം ഈ ചരിത്രദൗത്യം 83–ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ഡൺകിർക്ക് ദൗത്യത്തിൽ ബ്രിട്ടിഷ് നാവികസേനാംഗങ്ങൾ മരണത്തെ മുന്നിൽകണ്ടാണ് മുന്നോട്ടുപോയത്. അവരുടെ ശത്രു സാക്ഷാൽ അഡോൾഫ് ഹിറ്റ്ലറായിരുന്നു.

വടക്കൻ ഫ്രാൻസിലെ ഒരു ചെറിയ കടൽത്തീര പട്ടണമായിരുന്നു ഡൺകിർക്ക്, ബെൽജിയം–ഫ്രാൻസ് അതിർത്തിക്കു സമീപം. ഇംഗ്ലണ്ടിനോട് വെറും 34 കിലോമീറ്റർ കടൽദൂരമാണ് ഈ പട്ടണത്തിനുണ്ടായിരുന്നത്. 1940 മേയ് 10, നാത്​സി ജർമനി നെതർലൻഡ്സ്, ലക്സംബർഗ്, ബെൽജിയം എന്നീ രാജ്യങ്ങളെ ആക്രമിച്ചു. ടാങ്കുകളുപയോഗിച്ചുള്ള ആ ആക്രമണത്തിൽ 3 രാജ്യങ്ങളും കീഴടങ്ങി. അടുത്തതായി ഫ്രാൻസിനെ ആക്രമിക്കാനായിരുന്നു ജർമനിയുടെ പ്ലാൻ. ബ്രിട്ടൻ നയിക്കുന്ന സഖ്യശക്തികളിലെ ഒരംഗമായിരുന്നു ഫ്രാൻസ്. ഏതുനിമിഷവും നാത്​സികൾ തങ്ങളെ ആക്രമിക്കാമെന്നു ഫ്രാൻസ് കണക്കുകൂട്ടി.

മാഗിനോട്ട് മേഖല എന്ന മേഖല വഴിയാകും നാത്​സികൾ എത്തുകയെന്ന വിലയിരുത്തലിൽ അവിടത്തെ സൈനിക മുന്നൊരുക്കങ്ങൾ ഫ്രാൻസ് കൂട്ടി. എന്നാൽ നാത്​സികൾ ഫ്രാൻസിന്റെ വടക്കൻ, തെക്കൻ മേഖലകളെ കീറിമുറിച്ചുകൊണ്ട് മറ്റൊരു വഴിയിലൂടെയാണ് എത്തിയത്. വരുന്ന വഴിയിലുള്ള ആശയവിനിമയ, ഗതാഗത സംവിധാനങ്ങളെല്ലാം  അവർ തകർത്തെറിഞ്ഞു. ഡൺകിർക്ക് ഉൾപ്പെടുന്ന ഫ്രാൻസിന്റെ ഉത്തരമേഖല പൂർണമായും ഒറ്റപ്പെട്ടു.

ബ്രിട്ടനിൽ നിന്നുള്ള 2 ലക്ഷം സൈനികരുൾപ്പെടെ വൻ സൈനികവിന്യാസം ആ സമയം ഡൺകിർക്കിലുണ്ടായിരുന്നു. ബ്രിട്ടിഷ് സൈനികരെ കപ്പലുകൾ ഉപയോഗിച്ച് കടൽമാർഗം കൊണ്ടുവരാമെന്ന് ബ്രിട്ടിഷ് സൈന്യം സർക്കാരിനോട് പറ‍ഞ്ഞു. എന്നാൽ കടലിൽ ഒറ്റപ്പെട്ട നാവിക വ്യൂഹത്തെ ജർമൻ യുദ്ധവിമാങ്ങൾ തീർത്തുകളയുമെന്ന പേടി ശക്തമായിരുന്നു. ആ സമയത്താണു വിൻസ്റ്റൻ ചർച്ചിൽ പ്രധാനമന്ത്രിയായത്. കടൽ വഴിയുള്ള രക്ഷാദൗത്യത്തിന് ചർച്ചിൽ ഉടനടി അംഗീകാരം നൽകി.

ഹിറ്റ്ലറിനും ഡൺകിർക്കിലെ സേനാവിന്യാസത്തിന്റെ കരുത്തിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ടു ദിവസത്തേക്ക് ഡൺകിർക്ക് ആക്രമിക്കുന്നത് നിർത്തിവയ്ക്കാൻ അയാൾ സേനയ്ക്ക് നിർദേശം നൽകി. ആസമയം ഡൺകിർക്കിനു വെറും കിലോമീറ്ററുകൾ അകലെയായിരുന്നു ജർമൻ സേന. ഹിറ്റ്ലർ നൽകിയ ഈ ഇടവേള സഖ്യശക്തികൾക്ക് നാവിക രക്ഷാ ദൗത്യത്തിനു തയാറെടുക്കാൻ സമയം നൽകി.

മേയ് 26നു വൈകുന്നേരത്തോടെ ഡൺകിർക്കിൽ നിന്നുള്ള രക്ഷാദൗത്യം ബ്രിട്ടൻ തുടങ്ങി. ജർമൻ വ്യോമസേനയുടെ ആക്രമണങ്ങൾ അതിജീവിച്ചുകൊണ്ടാണ് ആദ്യഘട്ടം തുടങ്ങിയത്. ജർമൻ യുദ്ധവിമാനങ്ങൾ ഹാർബറിലെത്തുന്നത് തടയാൻ ബ്രിട്ടിഷ് വ്യോമസേനാവിഭാഗങ്ങൾ കിണഞ്ഞു പരിശ്രമിച്ചു.

212127712

മേയ് 27നു 7500 പേരെ ഡൺകിർക്കിൽ നിന്നു രക്ഷപ്പെടുത്താൻ മാത്രമേ ആദ്യഘട്ടത്തിൽ സാധിച്ചുള്ളൂ. തൊട്ടടുത്ത ദിവസം 10000 പേർ കൂടി രക്ഷപ്പെട്ടു. തീരെ ആഴം കുറഞ്ഞ കടൽത്തിട്ടയായതിനാൽ ബ്രിട്ടന്റെ വലിയ കപ്പലുകൾക്ക് ഡൺകിർക്കിലേക്ക് എത്താൻ സാധ്യമായിരുന്നില്ല. വലിയ കപ്പലുകൾ ഉൾ‌ക്കടലിൽ നങ്കൂരമിട്ടു കിടന്നു. ചെറിയ ബോട്ടുകളിലും മത്സ്യബന്ധന നൗകകളിലുമൊക്കെയായി സൈനികർ ഡൺകിർക്കിൽ നിന്ന് ഇവയിലേക്കു ചെന്നുകയറി. ഇവരുമായി കപ്പലുകൾ തിരിച്ച് ബ്രിട്ടിഷ് തീരത്തേക്കു യാത്ര തിരിച്ചു. ഏതുനിമിഷവും എത്താവുന്ന ജർമൻ യുദ്ധവിമാനങ്ങളെ പേടിച്ചായിരുന്നു ഈ യാത്ര.

കൂടിപ്പോയാൽ അരലക്ഷം സൈനികരെ മാത്രം രക്ഷിക്കാൻ കഴിയും എന്നായിരുന്നു ചർച്ചിൽ കണക്കുകൂട്ടിയത്. എന്നാൽ ഭാഗ്യം ബ്രിട്ടനൊപ്പം നിന്നു. മേയ് 30ഓടെ രണ്ടു ലക്ഷം ബ്രിട്ടിഷ്, ഒന്നരലക്ഷം ഫ്രഞ്ച് സൈനികർ ഉൾപ്പെടെ മൂന്നരലക്ഷം പേരെ ഡൺകിർക്കിൽ നിന്നു രക്ഷിച്ചു. ഡൺകിർക്കിലെ രക്ഷാദൗത്യം വിജയമായത് ബ്രിട്ടനു വലിയ ആത്മവിശ്വാസം നൽകി. എന്നാൽ ഡൺകിർക്ക് രക്ഷാദൗത്യം ജർമൻ സേനയ്ക്ക് ഫ്രാൻസിലെ കാര്യങ്ങൾ എളുപ്പമാക്കി. പറയത്തക്ക പ്രതിരോധമില്ലാത്തതിനാൽ അവർക്കു മുന്നിൽ ഫ്രാൻസ് ജൂൺ‌ 14നു കീഴടങ്ങി. പിന്നീട് നാലുവർഷത്തോളം ഫ്രാൻസ് ജർമനിയുടെ അധീനതയിലായിരുന്നു.

Content Summary : Battle of Dunkirk and Adolf Hitler

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA