കൈയിൽ ഒന്നരക്കോടി രൂപ എടുക്കാനുണ്ടോ? എങ്കിൽ സ്കോട്‌ലൻഡിലെ ബാർലോക്കോ എന്ന ദ്വീപ് വാങ്ങാം. സ്കോട്ലൻഡിന്റെ തെക്കൻ തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വിദൂരവും ആൾതാമസമില്ലാത്തതുമായ ദ്വീപാണ് ബാൽലൊക്കോ. 25 ഏക്കറോളം വിസ്തീർണം വരുന്ന ഈ ദ്വീപിൽ കെട്ടിടങ്ങളോ മറ്റു നിർമിതികളോ ഇല്ല. ദ്വീപിനുള്ളിൽ ഒരു കുളമുണ്ട്. അതേ പോലെ, ദ്വീപിന്റെ തീരം വെള്ളാരങ്കല്ലുകൾ നിറഞ്ഞ ഒരു ബീച്ചാണ്. ഇവിടേക്ക് ബോട്ടിലെത്താനും സാധിക്കും.
ഗാൽബ്രൈത് ഗ്രൂപ്പ് എന്ന കമ്പനിയാണ് ദ്വീപിന്റെ വിൽപന സംബന്ധിച്ച പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഈ ദ്വീപിന് ഏറ്റവും അടുത്തുള്ള പട്ടണം 12 കിലോമീറ്റർ അകലെയാണ്. റോഡിൽ ഒരുമണിക്കൂർ സഞ്ചരിച്ചാലേ അടുത്തുള്ള തീവണ്ടി സ്റ്റേഷനിൽ എത്താൻ സാധിക്കുകയുള്ളൂ. ധാരാളം സസ്യങ്ങൾ വളർന്നുനിൽക്കുന്നതിനാൽ ദ്വീപിലെമ്പാടും നല്ല പച്ചപ്പാണ്. ഒട്ടേറെ കടൽപ്പക്ഷികളും ഇവിടെ വസിക്കുന്നുണ്ട്.
മനുഷ്യവാസമില്ലെങ്കിലും ധാരാളം വന്യജീവികൾ ഈ ദ്വീപിനെ വീടാക്കിയിട്ടുണ്ട്. റോക്ക് സീ ലാവൻഡർ, സുഗന്ധ ഓർക്കിഡ് തുടങ്ങിയ അപൂർവ സസ്യങ്ങളും ഇവിടെ തളിർക്കുന്നു.
Content Summary : Private Island is ready to be sold