ഈ വെള്ളം കുടിച്ചാൽ യുവത്വം; സുഗന്ധദ്രവ്യങ്ങൾ മണക്കുന്ന കൊല്ലത്തെ അദ്ഭുതക്കിണർ!

mythical-fountain-of-youth
Representative image. Photo Credits:pixelfusion3d/ istock.com
SHARE

എൺപതാം വയസ്സിൽ ജനിച്ച് പതിനെട്ടാം വയസ്സിലേക്ക് എത്താൻ സാധിച്ചിരുന്നെങ്കിൽ ജീവിതം എത്ര സന്തോഷപ്രദമായിരുന്നേനേ– വിഖ്യാത അമേരിക്കൻ മാർക് ട്വെയിൻ ഒരിക്കൽ പറഞ്ഞ വാചകം. നിത്യയുവത്വം പ്രാചീന കാലം മുതൽ ആളുകൾ ആഗ്രഹിച്ചിരുന്നു. ആൽക്കെമിസ്റ്റുകൾ ഇതിനായി രാസമരുന്നുകൾ കണ്ടുപിടിക്കാൻ ശ്രമിച്ചു. എന്നാൽ പര്യവേക്ഷകർ ഒരു അപൂർവമായ ജലധാര തേടി യാത്രയായി. ഈ ജലധാരയുടെ പേരാണ് ‘ഫൗണ്ടൻ ഓഫ് യൂത്ത്’. ലോകമെമ്പാടും ഇതിനായി വൻതോതിലുള്ള തിരച്ചിലുകൾ നടന്നെങ്കിലും ഇതൊരിക്കലും കണ്ടെത്തപ്പെട്ടിട്ടില്ല.

പലസംസ്കാരങ്ങളിൽ ഫൗണ്ടൻ ഓഫ് യൂത്തിനെപ്പറ്റി പരാമർശങ്ങളുണ്ട്. യുവത്വം നൽകുന്നു എന്നതിനുപരി, മാറാരോഗങ്ങൾ പോലും മാറ്റുന്ന അദ്ഭുത ജലധാരയായിട്ടാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ചിലപ്പോൾ അരുവി, ചിലപ്പോൾ വെള്ളച്ചാട്ടം, ചിലപ്പോൾ കിണർ, ചിലപ്പോൾ കുളം എന്നിങ്ങനെ പല രീതികളിൽ ഈ ജലധാരയെ വിവരിച്ചിരിക്കുന്നു.

ഗ്രീക്ക് ചരിത്രകാരനായ ഹെറോ‍ഡോട്ടസ് 425 ബിസിയിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ നടത്തിയ ഒരു പരാമർശമാണ് ഫൗണ്ടൻ ഓഫ് യൂത്തിനെ യൂറോപ്പിൽ പ്രശസ്തമാക്കിയത്. പേർഷ്യൻ ചാരൻമാർ മക്രോബിയൻസ് എന്ന ജനവിഭാഗത്തെ സന്ദർശിച്ചത്രേ. ഇന്നത്തെ ഇത്യോപ്യ, സൊമാലിയ തുടങ്ങിയ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് മക്രോബിയൻമാരുടെ രാജ്യം.

അവിടെയെത്തിയ പേർഷ്യക്കാർ അമ്പരന്നു പോയി. മക്രോബിയൻമാരിൽ പലരും 120 വയസ്സുവരെയൊക്കെ ജീവിക്കുന്നതാണ് അവരെ അദ്ഭുതപ്പെടുത്തിയത്. ഇതിന്റെ കാരണം അന്വേഷിച്ച പേർഷ്യക്കാരെ മക്രോബിയൻമാരുടെ രാജാവ് ഒരു ജലധാരയിലേക്കു കൊണ്ടുപോയി. അതിൽ കുളിക്കുന്നവരുടെയൊക്കെ ചുളിഞ്ഞ തൊലികൾ നിവർന്ന് അവരെല്ലാം സുന്ദരരായി മാറി.

ഹെറോഡോട്ടസ് ഇതു ഭാവനയിൽകണ്ടെഴുതിയതാണെന്നാണ് പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നത്.

mythical-fountain-of-youth
Representative image. Photo Credits: Pabitra Chakraborty/ istock.com

എന്നാൽ ഈ വിവരണം ഫൗണ്ടൻ ഓഫ് യൂത്തിനു വേണ്ടിയുള്ള അന്വേഷണത്തെ ത്വരിതപ്പെടുത്തി. ഇത്യോപ്യൻ തീരത്തേക്ക് നാവിക പര്യവേക്ഷണങ്ങൾ നടന്നു. എന്നാൽ അവിടെയൊന്നും ഇത്തരമൊരു ജലധാര കണ്ടെത്താൻ ആർക്കും സാധിച്ചില്ല. അലക്സാണ്ടർ ചക്രവർത്തിയുമായി ബന്ധപ്പെട്ടും ഇത്തരം കുറച്ച് ഐതിഹ്യങ്ങളുണ്ട്. തന്റെ ജൈത്രയാത്രയ്ക്കിടെ മധുരിക്കുന്ന വെള്ളമുള്ള ഒരു നദിയുടെ സമീപം അലക്സാണ്ടർ എത്തിയത്രേ. ഇതിൽ കുളിക്കാനിറങ്ങിയ അലക്സാണ്ടറുടെ സൈനികർ തിരിച്ചു കയറിയപ്പോൾ തമ്മിൽ തമ്മിൽ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. അവരെല്ലാം വർഷങ്ങൾ പിന്നോട്ടുപോയി യുവാക്കളായി മാറിയിരുന്നു. ഇതൊരു ഫ്രഞ്ച് കെട്ടുകഥയാണ്.

ജപ്പാനിലെ ചില നാടോടിക്കഥകളിൽ ഫൗണ്ടൻ ഓഫ് യൂത്തിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. വളരെ കൗതുകരമായ ഒരു സംഗതി കൂടിയുണ്ട്. ഫൗണ്ടൻ ഓഫ് യൂത്ത് ഇന്ത്യയിലാണുള്ളതെന്നും ഇന്ത്യയിൽ കേരളത്തിലെ കൊല്ലത്താണ് ഇതു സ്ഥിതി ചെയ്യുന്നതെന്നും ഒരു വിവിരണമുണ്ട്. ഇംഗ്ലിഷ് പര്യവേക്ഷകനായി അവതരിപ്പിക്കപ്പെടുന്ന സർ ജോൺ മൺഡെവില്ലിയുടെ ഫ്രഞ്ച് ഭാഷയിലുള്ള സഞ്ചാരസാഹിത്യത്തിൽ പൊലോംബെ എന്നൊരു സ്ഥലത്ത് എത്തിയതായും ഇവിടെ വിവിധ സുഗന്ധദ്രവ്യങ്ങളുടെ മണമുള്ള ഒരു കിണറുള്ളതായും പറയുന്നു. ഒരു മലയുടെ അടിവാരത്തായിരുന്നു ഈ കിണർ. ഇതിൽ നിന്നു വരുന്ന വെള്ളം കുടിച്ചാൽ എല്ലാ അസുഖങ്ങളും മാറുമത്രേ. സ്ഥിരമായി കുടിക്കുന്നവർക്ക് നിത്യയുവത്വവും ലഭിക്കും. ഇന്നത്തെ കാലത്തെ കൊല്ലമാണ് അന്ന് പൊലോംബെ എന്നറിയപ്പെട്ടിരുന്നതെന്ന് വാദമുണ്ട്. എന്നാൽ ഇങ്ങനെയൊരു കിണർ അവിടെയുള്ളതായി എവിടെയും തെളിവുകളില്ല. മൺഡെവില്ലി എന്ന പര്യവേക്ഷകനും യഥാർഥത്തിൽ ഉണ്ടായിരുന്നതായി ചരിത്രകാരൻമാർക്ക് ഉറപ്പില്ല. എന്നാൽ ഈ പുസ്തകത്തിന് യൂറോപ്പിൽ ധാരാളം ആരാധകരുണ്ടായി. കൊളംബസിനെപ്പോലും ഈ കൃതി സ്വാധീനിച്ചിരുന്നു.

ഫൗണ്ടൻ ഓഫ് യൂത്തുമായി ചേർന്നുകേൾക്കുന്ന ഏറ്റവും പ്രശസ്തമായ പേര് സ്പാനിഷ് പര്യവേക്ഷകനായ യുവാൻ പോൺസ് ഡി ലിയോണിന്റേതാണ്. ക്രിസ്റ്റഫർ കൊളംബസ് കരീബിയൻ മേഖലയിലേക്കു നടത്തിയ ആദ്യ കപ്പൽ യാത്രയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കരീബിയയിലെത്തിയ യുവാന്റെ അധീനതയിൽ ബെമെനി എന്നൊരു ദ്വീപ് നൽകപ്പെട്ടിരുന്നു.ഫ്ലോറിഡയിലും അദ്ദേഹം പര്യവേക്ഷണങ്ങൾ നടത്തി. ഇതെല്ലാം ഫൗണ്ടൻ ഓഫ് യൂത്ത് തേടിയാണെന്ന് പിൽക്കാലത്ത് പ്രചാരണങ്ങളുണ്ടായി. എന്നാൽ അങ്ങനെയൊന്നുമുള്ള ഒരു ചരിത്രരേഖകളും കണ്ടെത്തപ്പെട്ടിട്ടില്ല. 

Content summary : Mythical fountain of youth

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA