ADVERTISEMENT

അമേരിക്കൻ വൻകരയിൽ പ്രാചീനകാലത്തു നിലനിന്ന മായൻ സംസ്‌കാരത്തിന്റെ ഐതിഹ്യങ്ങളിലുള്ള അധോഭൂമിയുടെ കവാടം കണ്ടെത്തിയെന്ന് ഒരു കൂട്ടം പര്യവേക്ഷകർ. പ്രാചീന മായൻ വംശജർ പുണ്യമായി കരുതിപ്പോന്ന ജലാശയത്തിന്റെ അടിത്തട്ടിലാണ് ഇതു കണ്ടെത്തിയതെന്നും ഇവർ പറഞ്ഞു. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിലെ കാരക്കോൾ എന്ന മേഖലയിലാണ് ഈ ജലാശയം.

ഇതോടൊപ്പം തന്നെ നിരവധി അസ്ഥികളും 3000 വർഷം മുൻപ് മായൻമാർ സൃഷ്ടിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബെലീസിൽ നിന്ന് ഇതാദ്യമായാണ് ഫോസിൽ ശേഷിപ്പുകൾ കണ്ടെടുക്കുന്നത്. മായൻമാരുടെ സങ്കൽപത്തിലെ അധോഭൂമി സിബാൽബ എന്ന പേരിലാണ് അറിയപ്പെട്ടത്. ഭൂമിയിലും ഗുഹകളിലും വെള്ളത്തിലുമുള്ള ദ്വാരങ്ങൾ ഈ ഭൂമിയിലേക്കുള്ള കവാടങ്ങളാണെന്നു കരുതി ഇവർ ആരാധിച്ചുപോന്നു. 

വിലപിടിപ്പുള്ള വസ്തുക്കൾ മായൻമാർ ഇവിടെ നേർച്ചയായി നൽകിയിരുന്നു. ഇതുവരെ നടത്തിയ ഡൈവിങ് ശ്രമങ്ങളിൽ ഇത്തരം വിലപിടിപ്പുള്ള നേർച്ചകളൊന്നും കണ്ടെത്തിയില്ലെന്ന് പര്യവേക്ഷകർ പറയുന്നു. എന്നാൽ ഈ ജലാശയത്തിൽ അവയുണ്ടായിരിക്കാമെന്നാണ് പര്യവേക്ഷകരുടെ വിശ്വാസം. കൂടുതൽ നൂതനമായ ഉപകരണങ്ങളുമായി ഇവിടെ വീണ്ടും തിരച്ചിൽ നടത്താൻ ഒരുങ്ങുകയാണ് അവർ.

ഗ്വാട്ടിമാല, കരീബിയൻ കടൽ, മെക്‌സിക്കോ എന്നിവയുമായി അതിർത്തി പങ്കിടുന്ന മധ്യ അമേരിക്കൻ രാഷ്ട്രമാണ് ബെലീസ്. 1500ബിസിയിലാണ് മായൻ സംസ്‌കാരം ഇങ്ങോട്ടേക്ക് എത്തിയത്. ഇത് 1200 എഡി വരെ നിലനിന്നു.1492ൽ കൊളംബസിന്റെ യാത്രകളോടനുബന്ധിച്ചാണ് പ്രദേശത്ത് യൂറോപ്യൻ ബന്ധം ഉടലെടുത്തത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് ബ്രിട്ടന്റെ കോളനിയായി. ഇംഗ്ലിഷ് ഭാഷയ്ക്ക് ഔദ്യോഗിക സ്ഥാനമുള്ള ഒരേയൊരു മധ്യഅമേരിക്കൻ രാജ്യമാണ് ബെലീസ്.

മായൻ സംസ്‌കാരത്തിന്റെ നിരവധി സാംസ്‌കാരിക അവശേഷിപ്പുകൾ ഇന്നും ബെലീസിലുണ്ട്. ഇവിടത്തെ കായോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാരകോൾ മായൻ സംസ്‌കാരത്തിന്‌റെ പ്രബലമായ ഒരു നഗരകേന്ദ്രമായിരുന്നു. വിസ്മൃതിയിലാണ്ടുപോയ കാരകോൾ 1937ലാണ് കണ്ടെത്തപ്പെട്ടത്.

 

Content Summary : Fossils and artifacts found in Belize's sacred Mayan pools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com