ബേക്കറികൾ എല്ലാവരുടെയും, പ്രത്യേകിച്ച് കുട്ടികളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. പലതരം മധുരപലഹാരങ്ങളും മിഠായികളും നാവിൽ കൊതിയൂറുന്ന മറ്റ് ഒട്ടേറെ ഭക്ഷണസാമഗ്രികളുമൊക്കെ ഇവിടെയുണ്ട്. അർമേനിയയിലെ ഒരു പ്രാചീനമേഖലയിൽ പര്യവേക്ഷണം നടത്തിക്കൊണ്ടിരുന്ന പുരാവസ്തു ഗവേഷകർ ഇതിനിടയ്ക്ക് ഒരു വ്യത്യസ്തമായ കാഴ്ച കണ്ടു. ബ്രൗൺ നിറത്തിലുള്ള ചെളിയിൽ വെളുത്ത നിറമുളള എന്തോ വസ്തു. അർമേനിയയിലെ മെറ്റ്‌സമോർ പുരാവസ്തു മേഖലയിലായിരുന്നു ഗവേഷണം.
സംഭവം ചാരമാണെന്നാണ് ആദ്യം പര്യവേക്ഷകർ വിചാരിച്ചത്. എന്നാൽ കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ ഞെട്ടിക്കുന്ന ആ രഹസ്യം അവർക്കു മുന്നിൽ വെളിവായി. അതു ചാരമൊന്നുമല്ല, മറിച്ച് ഗോതമ്പുപൊടിയാണ്. 3000 വർഷം പഴക്കമുള്ള ഗോതമ്പ് പൊടിയായിരുന്നു അത്. പോളണ്ടിൽ നിന്നുള്ള ഒരു സംഘമാണ് പര്യവേക്ഷണം നടത്തിയത്. ഗോതമ്പ് പുരാവസ്തുമേഖലകളിൽ വളരെ അപൂർവമായാണ് കാണപ്പെടാറുള്ളതെന്ന് പോളിഷ് പര്യവേക്ഷകനായ ക്രിസ്റ്റോഫ് ജകൂബിയാക് പറയുന്നു. എന്നാൽ നിരവധി ചാക്കുകളിൽ സൂക്ഷിച്ച ഗോതമ്പ്‌പൊടി മെറ്റ്‌സമോറിൽ നിന്നു കണ്ടെത്തി.
ഇതെത്തുടർന്നാണ് തങ്ങൾ അപ്പോൾ പര്യവേക്ഷണം നടത്തിക്കൊണ്ടിരുന്ന വലിയ കെട്ടിടഘടന എന്താണെന്ന് പര്യവേക്ഷകർക്ക് മനസ്സിലായത്. 3000 വർഷം മുൻപ് അതൊരു വമ്പൻ ബേക്കറിയായിരുന്നു...അതിപ്രാചീനമായ ഒരു ബേക്കറി.1965ലാണ് മെറ്റ്‌സമോറിൽ പര്യവേക്ഷണം തുടങ്ങിയത്. ഇന്നും അതു തുടരുന്നു.
ആദ്യകാലത്ത് ഒരു പൊതുകേന്ദ്രമായ കെട്ടിടം പിൽക്കാലത്ത് ബേക്കറിയാക്കി മാറ്റിയതാകാമെന്ന് ഗവേഷകർ പറയുന്നു. ഫർണസുകളും മറ്റും ഇങ്ങോട്ടേക്ക് ധാരാളമായി ചേർക്കപ്പെട്ടു. ഗോതമ്പ് പൊടിയിൽനിന്നു ബ്രെഡ് നിർമിക്കുകയായിരുന്നു ഇവിടത്തെ പ്രധാന പ്രവൃത്തി. പിൽക്കാലത്ത് ഒരു തീപിടിത്തത്തിൽ ഈ ബേക്കറി കത്തി നശിച്ചെന്നും ഗവേഷകർ പറയുന്നു.അർമേനിയയുടെ ചരിത്രകേന്ദ്രമായ മെറ്റ്‌സമോർ, അർമേനിയൻ തലസ്ഥാനം യെരാവനിൽ നിന്നു 35 കിലോമീറ്റർ തെക്കായാണു സ്ഥിതി ചെയ്യുന്നത്. ബിസി നാലാം നൂറ്റാണ്ട് മുതൽ എഡി 17ാം നൂറ്റാണ്ടുവരെ ഇവിടെ തുടർച്ചയായി ജനവാസമുണ്ടായിരുന്നു.
Contet Summary : 3000 year old bakery found with sacks of preserved flour