പാഞ്ഞെത്തിയത് ലക്ഷം പേർഷ്യൻ സൈനികർ, എതിരിട്ട് 300 ഗ്രീക്ക് പടയാളികൾ; ചരിത്രമായ ചെറുത്തുനിൽപ്

battle-of-thermopylae
Representative image. Photo Credits: Zeferli/ istock.com
SHARE

അലക്സാണ്ടറുടെ പടയോട്ടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ.അതിനെക്കാൾ മുൻപ് ഗ്രീസിൽ നടന്ന ഒരു പ്രശസ്ത യുദ്ധമാണ് തെർമോപ്പിലി. ലക്ഷക്കണക്കിനു വരുന്ന പേർഷ്യൻ സൈന്യത്തെ അതിധീരമായി നേരിട്ട 300 സ്പാർട്ടക്കാരാണ് ഈ യുദ്ധത്തിൽ അണിനിരന്നത്. ആ യുദ്ധത്തിന്റെ കഥയൊന്നു കേട്ടാലോ. ഈ കഥ നടക്കുന്നത് 480 ബിസിയിൽ പ്രാചീന ഗ്രീസിലാണ്. അന്നു ഗ്രീസ് ഇന്നത്തേതു പോലെ ഒറ്റ രാജ്യമല്ല, ഗ്രീക്ക് സംസ്കൃതി പിന്തുടരുന്ന ഒട്ടേറെ രാജ്യങ്ങളുണ്ടായിരുന്നു മേഖലയിൽ. അവയിലൊന്നായിരുന്നു സ്പാർട്ട. ഗ്രീസിലെ എണ്ണം പറഞ്ഞ സൈനിക ശക്തി. സങ്കീർണമായ ഭരണവ്യവസ്ഥയായിരുന്നു സ്പാർട്ടയിൽ. 

അന്നത്തെ പ്രാചീന ലോകത്തിന്റെ അനിഷേധ്യ സാമ്രാജ്യത്വ ശക്തിയായിരുന്നു പേർഷ്യ. ഡാരിയസ് എന്ന വിശ്വവിഖ്യാതനായ ചക്രവർത്തിയുടെ കീഴിൽ പേർഷ്യ വൻ സാമ്രാജ്യമായി വളർന്നു. കീഴടങ്ങാനാവശ്യപ്പെട്ട് ദൂതുമായി പേർഷ്യക്കാർ സ്പാർട്ടയിലും ആതൻസിലുമെത്തിയെങ്കിലും അവർ കൂട്ടാക്കിയില്ല. ദൂതു ചെന്നവർ പൊട്ടക്കിണറുകളിലേക്ക് എറിയപ്പെട്ടു. ഇതിനിടെ ഡാരിയസിന്റെ കാലം കഴിഞ്ഞു. മകൻ സെർക്സീസ് ഒന്നാമൻ പുതിയ ചക്രവർത്തിയായി. പിതാവിന്റെ ലക്ഷ്യം സെർക്സീസ് ആവർത്തിച്ചു. ഗ്രീസിലെ മറ്റു പല നാട്ടുരാജ്യങ്ങളും അദ്ദേഹത്തിനു കീഴടങ്ങി സാമന്തൻമാരായി. എന്നാൽ സ്പാർട്ടയും ആതൻസും ഉൾപ്പെടെ ചില രാജ്യങ്ങൾ സെർക്സീസിനെ അംഗീകരിച്ചില്ല. പേർഷ്യയ്ക്കെതിരായ പ്രതിരോധത്തിന്റെ നേതൃസ്ഥാനം സ്പാർട്ട ഏറ്റെടുത്തു. 

battle-of-thermopylae

സ്പാർട്ടയെയും ആതൻസിനെയും ലക്ഷ്യം വച്ചുള്ള പടയോട്ടം സെർക്സീസ് വൈകാതെ തുടങ്ങി. വടക്കൻ ഗ്രീസ് പിടിച്ചടക്കിക്കൊണ്ട് പേർഷ്യൻ സൈന്യം തെക്കോട്ട് നീങ്ങി. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ആളുകൾ ആ വൻപടയിലുണ്ടായിരുന്നെന്നു കരുതപ്പെടുന്നു. പടയാളികൾക്കു പിന്തുണയുമായി ചുറ്റുമുള്ള ഇജീയൻ കടലിൽ കരുത്തുറ്റ പേർഷ്യൻ നാവികസേനയും നിലയുറപ്പിച്ചു. അക്കാലത്ത് സ്പാർട്ട ഭരിച്ചിരുന്ന രാജാവ് യുദ്ധവീരനും ധീരനുമായ ലിയോണിഡസാണ്. പേർഷ്യയ്ക്കെതിരെ വലിയ പ്രതിരോധം അദ്ദേഹം ഉയർത്തി. ആയുധം താഴെവയ്ക്കാൻ ആവശ്യപ്പെട്ട സെർക്സീസിന് ലിയോണിഡസ് ഒരു മറുപടി കൊടുത്തു... ‘മോലോൻ ലബേ’... ‘വാ വന്ന് എടുത്തുകൊണ്ട് പോകൂ’ എന്നർഥം. ലിയോണിഡസിന്റെ സംയുക്ത ഗ്രീക്ക് പടയിൽ 7000  പേരുണ്ടായിരുന്നു. 300 സ്പാർട്ടൻ സൈനികർ ഉൾപ്പെടെ.

ചൂടുകൂടിയ കവാടം എന്നർഥം വരുന്ന തെർമോപ്പിലി വടക്കൻ ഗ്രീസിലെ ഒരു ചുരമാണ്. ഒരുവശത്ത് കടുപ്പൻ മലനിരകളും മറുവശത്തു സമുദ്രവുമുള്ള ഇടുക്ക് ചുരം (ഇന്നു സമുദ്രം ഇവിടെ നിന്നു പിൻവലിഞ്ഞു). ഈ ചുരം കടന്നാൽ മാത്രമേ പേർഷ്യൻ സൈന്യത്തിന് ആതൻസിലേക്കു കടക്കാൻ കഴിയുമായിരുന്നുള്ളു. ഒരു ഫണലിന്റെ വായിലേക്ക് എത്ര കൂടിയ അളവിൽ വെള്ളം ഒഴിച്ചാലും അതിന്റെ ഇടുങ്ങിയ ഭാഗത്തുനിന്ന് കുറച്ചു വെള്ളമല്ലേ വരൂ.അതു പോലെയൊരു ഫണലായിരുന്നു തെർമോപ്പിലി. എത്ര വൻപട വന്നാലും കുറച്ചു പടയാളികൾക്കു മാത്രമായേ ചുരം കടന്നെത്താൻ കഴിയുമായിരുന്നുള്ളൂ.

ഈ ന്യൂനത മുതലെടുത്തായിരുന്നു ലിയോണിഡസിന്റെ യുദ്ധരീതി. ചുരം കടന്നെത്തിയ പതിനായിരത്തോളം പേർഷ്യൻ പടയാളികൾ ഗ്രീക്ക് സൈന്യത്തിന്റെ വാളിനിരയായി. പേർഷ്യൻ പടയിലെ ഏറ്റവും യുദ്ധവീര്യമുള്ള ‘ഇമ്മോർട്ടൽസ്’ എന്ന സേനാവിഭാഗത്തിനു പോലും ഗ്രീക്ക് സൈന്യത്തിന്റെ ചെറുത്തുനിൽപിനു മുന്നിൽ തരിപ്പണമാകാനായിരുന്നു വിധി. അജയ്യരെന്നു സ്വയം കരുതിപ്പോന്ന പേർഷ്യൻ സൈന്യത്തിന്റെ ആത്മവിശ്വാസം ഇടിഞ്ഞു തുടങ്ങി. പിന്തിരിഞ്ഞാലോ എന്നു വരെ സെർക്സീസ് ചിന്തിച്ചു തുടങ്ങി.

ഇതിനിടയിലാണ് തെർമോപ്പിലിയുടെ ഭൂപ്രകൃതി നന്നായി അറിയാവുന്ന എഫ്യാൽട്ടിസ് എന്ന ഗ്രീക്കുകാരൻ പേർഷ്യൻ പാളയത്തിലെത്തിയത്. ചുരം കടക്കാതെ തന്നെ ഗ്രീക്ക് സൈന്യം തമ്പടിച്ചിരിക്കുന്നിടത്ത് എത്താനുള്ള വഴി എഫ്യാൽട്ടിസ് പേർഷ്യക്കാർക്ക് കാട്ടിക്കൊടുത്തു. ആ വഴിയിലൂടെ പേർഷ്യൻ സൈന്യം ഗ്രീക്ക് യുദ്ധക്യാംപിലെത്തി. യുദ്ധം തുടങ്ങിയിട്ട് ഏഴു ദിവസമായിരുന്നു അപ്പോൾ. 300 സ്പാർട്ടൻ പടയാളികൾ ഒഴിച്ച് മറ്റ് സൈന്യങ്ങൾ തെർമോപ്പിലിയിൽ നിന്നു പിൻവാങ്ങി. തെസ്പിയൻസ് എന്ന ഗ്രീക്ക് പ്രദേശത്തെ 700 പടയാളികൾ കൂടി ലിയോണിഡസിനൊപ്പം നിന്നു.

കീഴടങ്ങാൻ ലിയോണിഡസിന്റെ ആത്മാഭിമാനം അനുവദിച്ചിരുന്നില്ല. അവർ യുദ്ധം തുടരുക തന്നെ ചെയ്തു. ഒടുവിൽ ഒരു പേർഷ്യൻ അസ്ത്രത്തിൽ ലിയോണിഡസ് വീരമൃത്യു വരിച്ചു, താമസിയാതെ 300 സ്പാർട്ടക്കാരും. ദേഷ്യം സഹിക്കാൻ വയ്യാതെ സെർക്സീസ് ലിയോണിഡസിന്റെ മൃതശരീരത്തിന്റെ തലവെട്ടിമാറ്റി. പക്ഷേ ആ യുദ്ധത്തോടെ ലിയോണിഡസ് ഗ്രീക്കുകാർക്കിടയിൽ ഒരു വികാരമായി മാറി. പിന്നീട് നടന്ന സലാമീസ് യുദ്ധത്തിൽ പേർഷ്യയെ അവർ കീഴടക്കി, അധിനിവേശത്തിന് അന്ത്യം കുറിച്ചു. 2006ൽ തെർമോപ്പിലി യുദ്ധത്തിന്റെ കഥ ‘300 ’എന്ന പേരിൽ സിനിമയായി പുറത്തിറങ്ങിയിരുന്നു.

Content Sumary : Battle of Thermopylae

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA