ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് കെട്ടിടം എവിടെയാണ്.അതു യുഎസിലോ റഷ്യയിലോ ബ്രിട്ടനിലോ അല്ല. അത് കിഴക്കൻ യൂറോപ്യൻ രാജ്യം റുമാനിയയിലെ ബുച്ചാറെസ്റ്റിൽ സ്ഥിതി ചെയ്യുന്ന പാലസ് ഓഫ് പാർലമെന്റാണ്. പെന്റഗൺ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഭരണസ്ഥാപനവുമാണ് ഈ കമനീയമായ കെട്ടിടം. 1984ൽ അന്നത്തെ റുമാനിയൻ ഏകാധിപതി നിക്കൊളായ് ചൗഷസ്കുവാണ് ഈ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. മൂന്നരലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കെട്ടിടത്തിൽ ഇന്നും നിർമാണം പൂർത്തീകരിച്ചിട്ടില്ല. 3000 മുറികളുണ്ട് കൊട്ടാരസമാനമായ ഈ പാർലമെന്റ് കെട്ടിടത്തിൽ.ബുച്ചാറെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഡീലുൽ സ്പിറി എന്ന കുന്നിനു മുകളിലായാണ് ഈ പാർലമെന്റ് സ്ഥിതി ചെയ്യുന്നത്.

ലോകത്തിൽ ഏറ്റവും ഭാരമേറിയ കെട്ടിടമാണ് പാലസ് ഓഫ് പാർലമെന്റെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശഭാരം നാനൂറു കോടിയിലധികം വരും. റുമാനിയയിലെ രാഷ്ട്രീയക്കാരിയും ശിൽപകലാവിദഗ്ധയുമായ ആൻക പെട്രസ്കുവാണ് ഈ കെട്ടിടത്തിന്റെ രൂപകൽപന നിർവഹിച്ചത്. വെറും 28 വയസ്സ് പ്രായമുള്ളപ്പോഴാണ് ആൻകയ്ക്ക് ഈ ചുമതല വന്നു ചേർന്നത്. എഴുന്നൂറിലധികം ആർക്കിടെക്റ്റുമാർ ഈ കെട്ടിടത്തിന്റെ പൂർത്തീകരണത്തിനായി നിലകൊണ്ടിരുന്നു. ഇരുപതിനായിരം മുതൽ ഒരുലക്ഷം വരെ തൊഴിലാളികളും ഇതിന്റെ നിർമാണത്തിനായി തുടർച്ചയായി ജോലി ചെയ്തു.
റുമാനിയയുടെ സെനറ്റ്, ചേംബർ ഓഫ് ഡപ്യൂട്ടീസ് , 3 മ്യൂസിയം, ഒരു രാജ്യാന്തര കോൺഫറൻസ് സെന്റർ എന്നിവ ഈ പാർലമെന്റിലുണ്ട്. 1989ൽ നടന്ന ജനകീയ വിപ്ലവത്തിനു ശേഷം പീപ്പിൾസ് ഹൗസ് എന്ന പേരിലാണ് ഈ കെട്ടിടം അറിയപ്പെട്ടു പോകുന്നത്. 400 കോടി യൂറോ മൂല്യമുള്ളതാണ് ഈ കെട്ടിടം. ഇവിടെ വിവിധാവശ്യങ്ങൾക്കായി വേണ്ട വൈദ്യുതിക്ക് പോലും 60 ലക്ഷം യുഎസ് ഡോളറിനുമേൽ ചെലവാകുമെന്നാണ് കണക്ക്.
Content Summary : Palace of Parliament, Bucharest, Romania