ADVERTISEMENT

പൈറേറ്റ്‌സ് ഓഫ് ദ കരീബിയൻ പരമ്പരയിലെ ചിത്രങ്ങൾ പലരും കണ്ടിട്ടുണ്ടാകുമല്ലോ. ക്യാപ്റ്റൻ ജാക്ക്‌സ്പാരോയെ പലർക്കുമറിയാം. ജാക്ക് സ്പാരോ സാങ്കൽപികമാണ്. എന്നാൽ ശരിക്കുമുള്ള കൊള്ളക്കാർ പലരുമുണ്ടായിരുന്നു. ബ്ലാക്ക് ബേഡ്, ക്യാപ്റ്റൻ കിഡ്, ഹെന്റി ഡ്രേക്ക്, ... അങ്ങനെ കുറേപ്പേർ. പുരുഷൻമാർ മാത്രമല്ല സ്ത്രീകളുമുണ്ട് കൊള്ളക്കാരിൽ.

 

കുപ്രസിദ്ധയായ വനിതാ കടൽക്കൊള്ളക്കാരിയായിരുന്നു ആനി ബോണി. ഒരു ഐറിഷ് ധനികന്റെ വിവാഹബന്ധത്തിലൂടെയല്ലാത്ത മകളായിരുന്നു ആനി. ഈ രഹസ്യവിവരം മറച്ചുവയ്ക്കാനായി പിതാവ് അവളെ പുരുഷ വേഷം കെട്ടിക്കുകയും തന്റെ ഓഫിസിലെ ക്ലർക് എന്ന വ്യാജേന നിർത്തുകയും ചെയ്തു.

പിൽക്കാലത്ത് വിവാഹിതയായ ആനി അമേരിക്കയിൽ താമസമാക്കി. എന്നാൽ പിന്നീട് കാലിക്കോ ജാക്ക് എന്ന കുപ്രസിദ്ധ കടൽക്കൊള്ളക്കാരനുമായി പരിചയത്തിലായ ആനി വിവാഹബന്ധം ഉപേക്ഷിച്ചു. പെട്ടെന്ന് ദേഷ്യം വരുമായിരുന്ന ആനിക്ക് തോക്കുപയോഗിക്കാൻ നല്ല പ്രാവീണ്യമായിരുന്നു.

ആനിയുടെ കൂട്ടുകാരിയായ മറ്റൊരു കുപ്രസിദ്ധ കടൽക്കൊള്ളക്കാരിയായിരുന്നു മേരി റീഡ്. ആനിബോണിയെ പോലെ തന്നെ പുരുഷവേഷം കെട്ടിയായിരുന്നു മേരിയുടെയും നടപ്പ്.

 

കാലിക്കോ ജാക്കിന്റെ കപ്പൽ ഒരിക്കൽ അധികാരികൾ പിടിക്കുകയും എല്ലാവരെയും തടവിലാക്കുകയും ചെയ്തു. എന്നാൽ ഗർഭിണികളാണെന്ന കാരണത്താൽ മേരിയും ആനിയും രക്ഷപ്പെട്ടു. കടൽക്കൊള്ളക്കാരുടെ ചരിത്രത്തിലെ കരുത്തുറ്റ വ്യക്തിത്വമായിരുന്നു ഗ്രേസ് ഒ മാലി. ബ്രിട്ടിഷ്, സ്പാനിഷ് കപ്പലുകളിലാണ് ഗ്രേസ് കൊള്ളയടികളിലധികവും നടത്തിയത്.

 

20 കപ്പലുകൾ ഉള്ള ഒരു കപ്പൽവ്യൂഹം ഗ്രേസിനുണ്ടായിരുന്നു. മുടി നീളം കുറയ്ക്കുന്നതിനാൽ ബാൾഡ് എന്ന വിളിപ്പേരിലും ഗ്രേസ് അറിയപ്പെട്ടു.

ഒട്ടേറെ വീരകഥകൾ ഗ്രേസിനെക്കുറിച്ചുണ്ട്. 1590ൽ ഗ്രേസിനു മേൽ ബ്രിട്ടിഷ് അധികാരികളുടെ പിടിവീണു. അന്ന് 63 വയസ്സ് പ്രായമുണ്ടായിരുന്നു അവർക്ക്.തന്നെ വിട്ടയയ്ക്കണമെന്ന് എലിസബത്ത് 1 റാണിയോട് ഗ്രേസ് നേരിട്ട് അപേക്ഷിച്ചു. താനിനി ഒരിക്കലും കടൽക്കൊള്ളയിൽ ഏർപെടില്ലെന്നും അവർ ശപഥം ചെയ്തു. ഗ്രേസ് വിട്ടയയ്ക്കപ്പെട്ടു. എന്നാൽ മരണം വരെ അവർ വാക്കുപാലിച്ചില്ല.

 

കടൽക്കൊള്ളക്കാരികൾക്കിടയിലെ കൊടുംഭീകരിയാണ് ചിങ് ഷി. പതിനെട്ടാം നൂറ്റാണ്ടിൽ തെക്കൻ ചൈനാക്കടലിനെ വിറപ്പിച്ച, ഭരിച്ച കടൽക്കൊള്ളക്കാരി. ചൈനയിലെ ശക്തമായ ക്വിങ് രാജവംശത്തിനു പോലും നിരന്തര തലവേദനയായിരുന്നു ഇവർ. 1775ൽ ചൈനീസ് നഗരമായ കാന്റണിലെ ഒരു ദരിദ്രകുടുംബത്തിലാണു ചിങ്ങിന്റെ ജനനം. 26 വയസ്സുള്ളപ്പോൾ ചൈനയിലെ കുപ്രസിദ്ധ കടൽക്കൊള്ളക്കാരനായ ഴെങ് യി അവളോട് വിവാഹാഭ്യർഥന നടത്തി. ചിങ് വിവാഹത്തിനു സമ്മതിച്ചു. പക്ഷേ ഒരു നിബന്ധന. ഴെങ്ങിന്റെ സ്വത്തുക്കളിൽ പാതി ചിങ്ങിനു കൊടുക്കണം, ഇനിയുള്ള കൊള്ളയടികളിൽ കിട്ടുന്ന ധനത്തിന്റെ പാതിയും. ഇതെല്ലാം അംഗീകരിക്കപ്പെട്ടു.

 

വിവാഹം കഴിഞ്ഞു.ചിങ്ങും ഴെങ്ങും റെഡ് ഫ്‌ളാഗ് എന്ന ഒരു കടൽക്കൊള്ളക്കാരുടെ സംഘത്തെ വാർത്തെടുത്തു. തെക്കൻ ചൈനാക്കടലിലൂടെ പോകുന്ന കപ്പലുകൾ ഇവരുടെ കൊള്ളയ്ക്കിരയായി. പോർച്ചുഗീസുകാരോട് ഏറ്റുമുട്ടി ജയിക്കാനും ഇവർക്കു കഴിഞ്ഞു. ഇതിനിടെ ഴെങ് മരിച്ചു. ചിങ് എല്ലാ അർഥത്തിലും കൊള്ളസംഘത്തിന്റെ അനിഷേധ്യ നേതാവായി. ചൈനീസ് കപ്പലുകളെ മാത്രമല്ല, കാന്‌റൺ വിട്ടു പോകുന്ന ഫ്രഞ്ച് , ബ്രിട്ടിഷ് കപ്പലുകളെയും ഇവർ കൊള്ളയടിച്ചു. തെക്കൻ ചൈനാക്കടലിന്റെ നാവികഭരണം ഇവർ ഏറ്റെടുത്തു തുടങ്ങി. കടന്നു പോകുന്ന കപ്പലുകൾക്ക് കരം വരെ ഏർപ്പെടുത്തി.

 

ഇതോടെ ചിങ്ങിനെ ഒതുക്കാനും സംഘത്തെ അമർച്ച ചെയ്യാനും  ഒരു വലിയ കപ്പൽപടയെ ചൈനീസ് ചക്രവർത്തി അയച്ചു. എന്നാൽ ഈ പട യുദ്ധത്തിൽ ദയനീയമായി പരാജയപ്പെട്ടു. ഇതിനിടെ പോർച്ചുഗീസ് നാവികസേനയുമായി ചിങ്ങിന്റെ സംഘം വീണ്ടും ഉരസി. ഇത്തവണ പ്രശസ്ത സൈനികനായ ക്യാപ്റ്റൻ ജോസ് പിന്റോ അൽക്കൊഫൊറാദോയുടെ നേതൃത്വത്തിലായിരുന്നു പോർച്ചുഗീസ് പട എത്തിയത്. എണ്ണത്തിൽ കുറവെങ്കിലും വളരെ മെച്ചപ്പെട്ട കപ്പലുകളും വെടിക്കോപ്പുകളും ഇവർക്കുണ്ടായിരുന്നു.പോർച്ചുഗീസുകാർ ചിങ്ങിന്റെ സംഘത്തെ ദയനീയമായി തറപറ്റിച്ചു. 

 

ശക്തി ക്ഷയിച്ചെന്നു ബോധ്യപ്പെട്ട ചിങ് കീഴടങ്ങുകയും ചൈനീസ് ചക്രവർത്തിയോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ചിങ്ങിനോട് ക്ഷമിച്ച ചക്രവർത്തി അവരെ മോചിതയാക്കുകയും ഇതുവരെ സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കാൻ അനുവദിക്കുകയും ചെയ്തു. ഇതോടെ കൊള്ളജീവിതം അവസാനിപ്പിച്ച ചിങ് ഷി, മക്കാവുവിലേക്ക് താമസം മാറ്റി.പിന്നീട് തന്റെ 69ാം വയസ്സിൽ അവർ മരിച്ചു.

Content Summary :Notorious Female Pirates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com