ADVERTISEMENT

അമേരിക്കയിലെ സാൻ ഡിയേഗോ പട്ടണത്തിൽ നിന്നുള്ള ഡിജെ ആയ റാൻഡി വില്യംസ് ഇപ്പോൾ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് സ്ലോജമസ്താനിന്റെ സുൽത്താൻ എന്ന പേരിലാണ്. റാൻഡി സ്വന്തമായി ഉണ്ടാക്കിയ രാജ്യമാണ് സ്ലോജമസ്താൻ. നിരന്തര യാത്രികനായ റാൻഡി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും താൻ സന്ദർശിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഇനി എങ്ങോട്ടും പോകാനില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്ന നാളുകളിലാണ് എങ്കിൽ പുതിയ ഒരു രാജ്യം നിർമിച്ചേക്കാമെന്ന് തീരുമാനിക്കുന്നത്. കാലിഫോർണിയയിലെ മരുഭൂമിയിൽ 11.07 ഏക്കർ ഭൂമി വാങ്ങിയാണ് റാൻഡി പുതിയ രാജ്യം നിർമിച്ചത്. 

സ്ലോജമസ്താൻ എന്നു രാജ്യത്തിനു പേരും നൽകി റാൻഡി. ഡബ്ലാൻഡിയയാണ് ഈ പുതിയ രാജ്യത്തിന്റെ തലസ്ഥാനം. സ്വന്തമായി പാസ്‌പോർട്ടും നാണയവും പതാകയും തന്റെ രാജ്യത്തിനായി റാൻഡി ഏർപ്പെടുത്തിയിട്ടുണ്ട്. 5000 പൗരൻമാരും തന്റെ രാജ്യത്തുണ്ടെന്നു റാൻഡി അവകാശപ്പെടുന്നു. ലോകത്ത് ഇതുപോലെ സ്വന്തമായി രാജ്യം സ്ഥാപിച്ച പലരുമുണ്ട്. മൈക്രോനേഷനുകൾ എന്നാണ് ഇത്തരം രാജ്യങ്ങൾ അറിയപ്പെടുന്നത്. തമാശകളും പ്രതിഷേധവും കുസൃതിയുമൊക്കെ ഇഴകലർന്നു കിടക്കുന്നതാണ് മൈക്രോനേഷനുകളുടെ ചരിത്രം. ഇക്കൂട്ടത്തിലെ ഏറ്റവും പ്രശസ്തമായ മൈക്രോനേഷനാണ് ഹട്ട് റിവർ രാജ്യം. നമുക്ക് ചിരപരിചിതമായ ഓസ്‌ട്രേലിയയിലാണ് ഇതു സ്ഥിതി ചെയ്തിരുന്നത്. 1970ൽ ലിയോണാഡ് കാസ്ലി എന്നയാളാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പെർത്ത് നഗരത്തിന് 500 കിലോമീറ്റർ വടക്കായി ഹട്ട് റിവർ രാജ്യം സ്ഥാപിച്ചത്. കർഷകനായിരുന്നു കാസ്ലി. 

 

ആയിടയ്ക്ക് ഓസ്‌ട്രേലിയ ധാന്യവിൽപനയിൽ തീരുവ ഏർപ്പെടുത്തിയത് കാസ്ലിയെ ചൊടിപ്പിച്ചു. തുടർന്നാണ് 75 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണം വരുന്ന സ്ഥലം പുതിയ രാജ്യമായി കാസ്ലി പ്രഖ്യാപിച്ചത്. കാസ്ലി രാജ്യത്തിന്റെ രാജകുമാരനായി സ്വയം അവരോധിച്ചു. ഭാര്യ ഷേർളിയെ രാജകുമാരിയുമാക്കി. അവിടെത്തീർന്നില്ല കാര്യങ്ങൾ. ഒരു സ്വതന്ത്രരാജ്യം പോലെ ഹട്ട് റിവർ രാജ്യം പ്രവർത്തിക്കാൻ തുടങ്ങി. കാസ്ലിയുടെ കീഴിലുള്ള രാജകീയമായ സർക്കാർ ഡ്രൈവിങ് ലൈസൻസും പാസ്‌പോർട്ടും വീസയുമൊക്കെ കൊടുക്കാൻ തുടങ്ങി. സ്വന്തം പണവും അടിച്ചിറക്കാൻ തുടങ്ങി. ഈ രാജ്യത്തിനു സ്വന്തമായി പതാകയുണ്ടായിരുന്നു. യുഎസിലും ഫ്രാൻസിലും ഉൾപ്പെടെ വിദേശകാര്യ ഓഫിസുകളും അവർ തുറന്നു. കാര്യങ്ങൾ പോയൊരു പോക്ക് നോക്കണേ!

 

ഒരിക്കൽ ഓസ്‌ത്രേലിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനും ഹട്ട് റിവർ മടിച്ചില്ല. 1977ൽ ആയിരുന്നു അത്. കരമടയ്ക്കാൻ നികുതി ഓഫിസ് കാസ്ലിയെ വിളിച്ച് പറഞ്ഞത് അദ്ദേഹത്തിന് അത്ര ഇഷ്ടപ്പെട്ടില്ല. തുടർന്ന് യുദ്ധം പ്രഖ്യാപിച്ചു. പക്ഷേ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴാണ് തന്റെ രാജ്യത്തിനു സൈന്യമൊന്നുമില്ലല്ലോയെന്ന് കാസ്ലി ഓർത്തത്. ഏതായാലും യുദ്ധം നടന്നില്ല. കാസ്ലിയുടെ ചെറുരാജ്യം സാമാന്യം ഭേദപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമായി വികസിച്ചു. ലോകത്തിന്റെ പല കോണുകളിൽ നിന്നും ഹട്ട് റിവർ രാജ്യത്തിനെയും അവിടത്തെ രാജകുടുംബത്തെയും കാണാൻ ആളുകൾ ഒഴുകി. എന്നാൽ പല വിനോദസഞ്ചാര കേന്ദ്രങ്ങളെയും പോലെ ഹട്ട് റിവറും കോവിഡ് കാലത്തിന്റെ ആഘാതത്തിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത പ്രതിസന്ധി നേരിട്ടു. ഒടുവിൽ കനത്ത തുക നികുതിയും മറ്റു ബാധ്യതകളുമൊക്കെയായതോടെ ഇതു പൂട്ടി. എന്നാൽ വെറുതെ പൂട്ടിയെന്നല്ല, ഓസ്‌ട്രേലിയയ്ക്കു തങ്ങൾ കീഴടങ്ങിയെന്നാണ് കാസ്ലിയുടെ ബന്ധുക്കൾ പറയുന്നത്. ലോകത്തെ ഏറ്റവും വികസിതമായ യുഎസിലും ധാരാളം മൈക്രോനേഷനുകളുണ്ട്. മൊളോസിയ, ടലോസ തുടങ്ങിയവ ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ്.

 

Content Summary : US RJ and traveller creates his own country Republic of Slowjamastan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com