ADVERTISEMENT

രണ്ടാം ലോകയുദ്ധത്തിന് അവസാനം കുറിച്ചതായിരുന്നു ഹിറ്റ്ലറിന്റെ ആത്മഹത്യ. ലോകത്ത് പല സംഭവങ്ങളെക്കുറിച്ചും പ്രചരിക്കാറുള്ളതുപോലെ തന്നെ ഒട്ടേറെ ഗൂഢവാദങ്ങൾ ഹിറ്റ്ലറിന്റെ മരണം സംബന്ധിച്ച് ഉയർന്നിട്ടുണ്ട്. ഇതിൽ ഏറെ കൗതുകകരമായ ഒന്നാണ് ഹിറ്റ്ലർ യാഥാർഥ്യത്തിൽ ആത്മഹത്യ ചെയ്തില്ലെന്നും മറിച്ച് ചന്ദ്രനിലേക്കു പോയെന്നുമുള്ളത്. ഹിറ്റ്ലറും നാത്സികളും വളരെയേറെ സാങ്കേതികമായ അറിവ് നേടിയിട്ടുണ്ടായിരുന്നെന്ന് ഇവർ പറയുന്നു.അതു കൊണ്ടുതന്നെ നേരത്തെ തന്നെ ഒരു രഹസ്യ ബങ്കർ അവർ ചന്ദ്രനിൽ പണികഴിപ്പിച്ചിരുന്നത്രേ. ലോകത്ത് തനിക്ക് എതിരായി കാറ്റ് വീശാൻ തുടങ്ങിയതോടെ ഹിറ്റ്ലർ നേരെ ചന്ദ്രനിലേക്കു വച്ചുപിടിച്ചത്രേ.

 

ചന്ദ്രനിലേക്കല്ല, മറ്റേതോ ഗ്രഹത്തിലേക്കാണ് ഹിറ്റ്ലർ പോയതെന്നും നിഗൂഢവാദമുയർത്തുന്നവരുണ്ട്. അന്യഗ്രഹജീവികളുമായി ഹിറ്റ്ലറിനു നല്ല ബന്ധമുണ്ടായിരുന്നെന്ന് അവർ പറയുന്നു. ഇതെല്ലാം രസകരമായ വിഡ്ഢിത്തങ്ങളായാണ് ചരിത്രകാരൻമാർ കണക്കാക്കുന്നത്. ചന്ദ്രനുമായി ബന്ധപ്പെട്ട് ഇത്തരം കെട്ടുകഥകൾ ധാരാളമുണ്ട്. ചന്ദ്രനെക്കുറിച്ചുള്ള കെട്ടുകഥകളിലും വ്യാജസിദ്ധാന്തങ്ങളിലും ഏറ്റവും പ്രശസ്തമായതാണ് ഹോളോ മൂൺ തിയറി. ചന്ദ്രൻ അകംപൊള്ളയായ ഒരു ഗോളമാണെന്നാണ് ഈ സിദ്ധാന്തം പ്രസ്താവിക്കുന്നത്. പൊള്ളയായ ചന്ദ്രന്റെ ഉള്ളിൽ അന്യഗ്രഹജീവികളുടെ വാസസ്ഥലങ്ങളാണത്രേ. ഇവിടെയിരുന്ന് ഇവർ ഭൂമിയെ നിരീക്ഷിക്കുകയാണെന്നാണ് സിദ്ധാന്തം പറയുന്നത്.

 

1901ലാണ് ഈ സിദ്ധാന്തത്തിനു വിത്തുപാകിയ സംഭവം നടന്നത്. വിഖ്യാത എഴുത്തുകാരനായ എച്ച്ജി വെൽസ് എഴുതിയ ഫസ്റ്റ് മെൻ ഇൻ ദ മൂൺ എന്ന നോവലിലാണ് ഇതിന് ആസ്പദമായ പ്രമേയം. സെലനൈറ്റ്‌സ് എന്നറിയപ്പെടുന്ന വലിയ ഉറുമ്പുപോലുള്ള അന്യഗ്രഹജീവികൾ ജീവിക്കുന്നയിടമാണ് ചന്ദ്രന ഉൾവശമെന്നായിരുന്നു നോവൽ പറഞ്ഞത്. പിൽക്കാലത്ത് എഡ്ഗാർ റൈസ് ബറോസ്, ഐസക് അസിമോവ് തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരും സമാനമായ പ്രമേയങ്ങൾ തങ്ങളുടെ കൃതികളിൽ അവതരിപ്പിച്ചു.

 

അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രനിലെത്തിയ യാത്രികർ, ചന്ദ്രനിൽ ഉടലെടുക്കുന്ന വിവിധ കമ്പനങ്ങൾ അളന്നിരുന്നു. ഇവ അളവിൽ വളരെക്കൂടുതലാണെന്നായിരുന്നു അവരുടെ അഭിപ്രായം. അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി വലിയ ഭാരമുള്ള റോക്കറ്റ് ഭാഗങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയതിനു ശേഷം ഒട്ടേറെ കമ്പനങ്ങൾ ഉടലെടുത്തിരുന്നു. അപ്പോളോ യാത്രികരുടെ ഭാഷയിൽ പറഞ്ഞാൽ മണിമുഴങ്ങുന്നതുപോലെയുള്ള കമ്പനങ്ങൾ ചന്ദ്രനിൽ സംഭവിച്ചിരുന്നത്രേ. ഇവ ഒട്ടേറെ സമയം നീണ്ടുനിന്നു. ഇതും ദുരൂഹതാ സിദ്ധാന്തത്തിന് ആക്കം കൂട്ടി. ചന്ദ്രൻ പൊള്ളയായതിനാലാണ് ഇങ്ങനെ കമ്പനങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്ന് ദുരൂഹതാ വാദക്കാർ പറഞ്ഞുപരത്തി.

 

അടുത്തിടെ ഹോളോ മൂൺ സിദ്ധാന്തം അടിസ്ഥാനപ്പെടുത്തി മൂൺഫാൾ എന്ന ഹോളിവുഡ് ചിത്രവും ഇറങ്ങി. ചന്ദ്രന്റെ വിദൂരവശത്തിനു സമീപം പറക്കുന്ന 2 അജ്ഞാത പേടകങ്ങളുടെ വിഡിയോ കഴിഞ്ഞവർഷം ഒരു ടിക് ടോക് താരം ഇട്ടതു വൈറലായി. ചന്ദ്രനു സമീപം ഏതാണ് ഈ പേടകങ്ങൾ എന്ന ചോദ്യത്തോടെ ടിക് ടോക്കിൽ ലാറി ലൂ എന്നയാളാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഉടനടി തന്നെ അൻപതു ലക്ഷത്തിലധികം ലൈക്കുകൾ ഈ വിഡിയോ നേടി. പകൽവെളിച്ചത്തിൽ പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് പോസ്റ്റ് ഇട്ടയാൾ സാക്ഷ്യപ്പെടുത്തുന്നു. വിഡിയോയിൽ ഒരു പേടകം നിൽക്കുന്നിടത്തു തന്നെ സ്ഥിരമായി നിൽക്കുന്നത് കാണാം. എന്നാൽ താരതമ്യേന വലുപ്പത്തിൽ ചെറുതായ മറ്റൊരു പേടകം ചന്ദ്രന്റെ വിദൂരവശത്തേക്ക് മറയുന്നതായാണു ദൃശ്യങ്ങളിലുള്ളത്.എവിടെ നിന്നാണ് ഈ വിഡിയോ എടുത്തതെന്ന് വ്യക്തമല്ല. വിഡിയോയിൽ എഡിറ്റിങ് നടന്നിരിക്കാനുള്ള സാധ്യത വിദഗ്ധർ പങ്കുവച്ചിരുന്നു.

 

ചന്ദ്രൻ അന്യഗ്രഹജീവികളുടെ ഒരു ചാരപേടകമാണെന്നതായിരുന്നു മറ്റൊരു വാദം. സ്കോട് സി വാറിങ് എന്ന വ്യക്തിയായിരുന്നു ഈ വാദത്തിനു പിന്നിൽ. ചന്ദ്രന്റെ പ്രതലത്തിലൊരുക്കിയ പ്രത്യേക ഡിസൈനുകളാൽ അതൊരു ബഹിരാകാശ വസ്തുവാണെന്നു തോന്നാം, എന്നാൽ യഥാർഥത്തിൽ ബഹിരാകാശ പേടകങ്ങൾ പോകുകയും വരികയും ചെയ്യുന്ന വമ്പൻ ചാരപേടകമാണിതെന്നായിരുന്നു വാറിങ് വാദിച്ചത്. ചന്ദ്രന്റെ ഒരു ഭാഗം നമുക്ക് ദൃശ്യമല്ലെന്നറിയാമല്ലോ. വിദൂരഭാഗം എന്നറിയപ്പെടുന്ന ഈ ഭാഗത്ത് അന്യഗ്രഹജീവികളുടെ ഒരു നഗരമുണ്ടെന്നു വരെ വാറിങ് പറഞ്ഞു. 

 

Content Highlight – Hitler conspiracy theory ​| Moon bunker theory | Hollow moon theory | Aliens on the moon | Moon mysteries | Lunar Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT