ADVERTISEMENT

നമ്മുടെ ഐഎസ്ആർഒ ചന്ദ്രനിൽ ചന്ദ്രയാൻ 3 ദൗത്യം വിക്ഷേപിക്കുകയും സൂര്യനെ നിരീക്ഷിക്കാനായി ആദിത്യ എൽ1 ദൗത്യം വിക്ഷേപിക്കുകയും ചെയ്തല്ലോ. സൗരയൂഥത്തെക്കുറിച്ചുള്ള പഠനത്തിൽ സഹായകരമായ ദൗത്യങ്ങളാണിവ. ആകാശഗംഗയുടെ ഭാഗമായ നക്ഷത്ര-ഗ്രഹ സംവിധാനമാണ് നമ്മുടെ സൗരയൂഥം. ഹീലിയോപോസ് എന്ന സാങ്കൽപികരേഖയാണ് ഇതിന്റെ അതിർത്തി. അതിനപ്പുറം ഇന്റർസ്റ്റെല്ലാർ എന്ന മേഖല. സൗരയൂഥത്തിൽ ഭൂമിയൊഴിച്ചുള്ള മറ്റു ഗ്രഹങ്ങളുടെ വിശേഷങ്ങൾ നോക്കിയാലോ

സൂര്യനോട് ഏറ്റവുമടുത്ത ഗ്രഹമാണ് ബുധൻ അഥവാ മെർക്കുറി. ഒരു പാതിയിൽ എപ്പോഴും പകലും മറുപാതിയിൽ എപ്പോഴും ഇരുട്ടും. ധ്രുവങ്ങളിൽ ഐസിന്റെ ശേഖരം. പകൽ 430 ഡിഗ്രി ചൂടും (വെള്ളം തിളയ്ക്കാൻ വേണ്ടതിന്റെ നാല് ഇരട്ടിയിലധികം) രാത്രിയിൽ -180 ഡിഗ്രി തണുപ്പുമാണ് മെർക്കുറിയിൽ. ആകാശത്തു നോക്കിയാൽ ആദ്യം കാണുന്നത് സൂര്യനെ. ഭൂമിയിൽ കാണുന്ന സൂര്യന്റെ രണ്ടര ഇരട്ടി വലുപ്പമുണ്ടാവും. മെർക്കുറിയുടെ ആകാശം നല്ലതുപോലെ കറുത്തിരിക്കും. ഭൂമിയിൽ നമുക്ക് ചാടാൻ പറ്റുന്നതിന്റെ മൂന്നിരട്ടിപൊക്കത്തിൽ ഇവിടെ ചാടാൻ പറ്റും.

മലകളും കുന്നുകളും കുഴികളും അഗ്‌നിപർവതങ്ങളുമൊക്കെ നിറഞ്ഞ ഗ്രഹമാണ് ശുക്രൻ. ഇവയൊഴിച്ച് ഒരു വലിയ പ്രദേശം സമതലമാണ്. നല്ല കട്ടിയുള്ള അന്തരീക്ഷമാണ്. ഭൂമിയിൽ വെള്ളത്തിലിറങ്ങിയിട്ട് നമ്മൾ കൈ ചലിപ്പിച്ചാൽ എങ്ങനെയിരിക്കും, അതുപോലെയാണ് ഇവിടെ വായുവിൽ കൈചലിപ്പിച്ചാൽ തോന്നുക. അന്തരീക്ഷത്തിന്റെ 92 ശതമാനവും കാർബൺ ഡൈഓക്‌സൈഡാണ്. 465 ഡിഗ്രിയാണ് ചൂട്.  ഓറഞ്ച് നിറമാണ് ഇവിടത്തെ ആകാശത്തിന്.നമ്മുടെ മറ്റൊരു അയൽഗ്രഹമായ ചുവന്ന ഗ്രഹമാണ് ചൊവ്വ. 24 മണിക്കൂറിൽ അൽപം അധികമാണ് ചൊവ്വയിലെ ഒരു ദിവസം. ഭൂമിയിലെ 687 ദിവസങ്ങൾ ചേർന്നതാണ് ഒരു ചൊവ്വാവർഷം.

മഞ്ഞുകാലത്ത് -126 ഡിഗ്രി വരെ താഴുന്ന ചൊവ്വയിലെ താപനില വേനലിൽ 20 ഡിഗ്രി വരെ ഉയരും.  ഇടയ്ക്കിടെ താപനില മാറുന്നതുമൂലം കരുത്തുറ്റ പൊടിക്കാറ്റ് സാധാരണം. ഭൂമിയെക്കാളും കടുപ്പം കുറഞ്ഞതാണ് അന്തരീക്ഷം. ആകാശം എപ്പോഴും തെളിഞ്ഞതാണ്, പൊടി മൂലം നേരിയ ചുവപ്പ് നിറമുണ്ടാകും. രാത്രിയിൽ ഇവിടെ നിന്നു നോക്കിയാൽ  ആകാശം മുഴുവൻ നക്ഷത്രങ്ങളാണ്, ചൊവ്വയുടെ ചന്ദ്രൻമാരായ ഫോബോസിനെയും ഡീമോസിനെയും കാണാനും പറ്റും.

ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. 95 വരെ ചന്ദ്രൻമാരുണ്ട്. ഗാനിമീഡ്, യൂറോപ്പ, ലോ, കലിസ്റ്റോ എന്നിവരാണ് പ്രമുഖൻമാർ. ജൂപ്പിറ്ററിലെ ഒരു ദിവസത്തിനു ഭൂമിയിലെ 10 മണിക്കൂറോളം ദൈർഘ്യമേ ഉള്ളൂ. വാതകങ്ങൾ നിറഞ്ഞ ഗ്രഹമാണ് ശനി (സാറ്റേൺ). അമോണിയയാണ് പ്രധാന വാതകം. ഉൾഭാഗത്തെ താപനില  21,000 ഡിഗ്രി സെൽഷ്യസ്.11 ഭൗമമണിക്കൂറുകളാണ് ശനി ദിവസത്തിന്റെ ദൈർഘ്യം. ശനിക്ക് 145  ചന്ദ്രൻമാരുണ്ട്. ടൈറ്റനും എൻസെലാദസുമാണ്  പേരുകേട്ടവർ. സ്വന്തമായി അന്തരീക്ഷമുള്ള അപൂർവ ചന്ദ്രനാണ് ടൈറ്റൻ.

ഭൂമിയുടെ 15 ഇരട്ടി ഭാരവും നാലിരട്ടി വലുപ്പവുമുള്ള ഗ്രഹമാണ് യുറാനസ്. സൗരയൂഥത്തിലെ ഏറ്റവും കൂളായ ഗ്രഹം. -216 ഡിഗ്രി സെൽഷ്യസാണ് താപനില. 17 ഭൗമമണിക്കൂർ ചേരുമ്പോൾ ഇവിടെ ഒരു ദിവസമാകും.ഭൂമിയിലെ 84 വർഷങ്ങൾ ചേരുന്നതാണ് ഇവിടത്തെ ഒരുവർഷം. 27 ചന്ദ്രൻമാരെ കാണാം. മണിക്കൂറിൽ 900 കിലോമീറ്ററിലധികം വേഗത്തിൽ വീശിയടിക്കുന്ന മഞ്ഞുകാറ്റുകൾ ഗ്രഹത്തിലുണ്ട്.

സൗരയൂഥത്തിന്റെ അവസാന ഗ്രഹം നെപ്റ്റിയൂണാണ്. ഭൂമിയുടെ 17 ഇരട്ടി ഭാരം. നല്ല നീലനിറം. യുറാനസിനെയും സാറ്റേണിനെയും ജൂപ്പിറ്ററിനെയും പോലെ ഇതും ഒരു വാതകഭീമനാണ്. 16 മണിക്കൂറും ആറു മിനിറ്റുമാണ് ഇവിടത്തെ ദിവസങ്ങളുടെ ദൈർഘ്യം. നെപ്റ്റിയൂണിൽ 'ഗ്രേറ്റ് ഡാർക് സ്‌പോട്ട്' എന്നൊരു സ്ഥലമുണ്ട്. മണിക്കൂറിൽ 2500 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുന്ന സ്ഥലമാണ് ഇത്. 14 ചന്ദ്രൻമാരിൽ ഏറ്റവും പ്രശസ്തനാണ് ട്രീറ്റൺ.

Content Highlight  – Solar System study ​| Chandrayaan 3 mission | Aditya L1 mission | Planets in the solar system | Characteristics of Mercury, Venus, Mars, Jupiter, Uranus, and Neptune | Wonder World

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com