ADVERTISEMENT

22 വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാംതീയതിയാണ് ലോകവ്യാപാരഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്. മൂവായിരത്തോളം ആളുകളാണ് അന്നു മൂന്നു സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻലാദൻ,യുഎസിന്റെ സൈനിക കരുത്ത് പെരുപ്പിച്ചുകാണിക്കപ്പെട്ട ഒന്നാണെന്നു വിശ്വസിച്ചിരുന്നു. വിയറ്റ്നാം യുദ്ധത്തിലും കൊറിയൻ യുദ്ധത്തിലുമൊക്കെ അമേരിക്കയ്ക്കു നഷ്ടങ്ങളാണുണ്ടായതെന്നും അതിനാൽ തന്നെ അവരുടെ സൈന്യം വെറും കടലാസുപുലികൾ ആണെന്നുമായിരുന്നു ലാദന്റെ വാദം. തൊണ്ണൂറുകൾ മുതൽ തന്നെ അൽഖ്വയ്ദ യുഎസിനെതിരെ ഭീകരാക്രമണങ്ങൾ നടത്തിയിരുന്നു. 1992ൽ യെമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന ഹോട്ടലുകളിൽ നടത്തിയ സ്ഫോടനവും1995ൽ സൗദി അറേബ്യയിലെ റിയാദിൽ യുഎസ് സൈനിക പരിശീലനകേന്ദ്രത്തിനു സമീപം നടത്തിയ കാർ ബോംബ് സ്ഫോടനവും 1998ൽ കെനിയയിലെ നയ്റോബിയിലും ടാൻസാനിയയിലെ ദാറുസ്സലാമിലും യുഎസ് എംബസികൾക്കു നേ‍ർക്കു നടത്തിയ സ്ഫോടനങ്ങളുമെല്ലാം ഇക്കൂട്ടത്തിൽ പെട്ടിരുന്നു. 

 

ഉസാമ ബിൻലാദനാണ് 9–11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കുപ്രസിദ്ധനെങ്കിലും ഈ ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായി യുഎസ് വിലയിരുത്തുന്നത് ഖാലിദ് ഷെയ്ഖ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003ൽ അറസ്റ്റിലായ ഇയാൾ പിന്നീട് ഗ്വാണ്ടനാമോ തടവറയിലേക്ക് അയയ്ക്കപ്പെട്ടു,.പാക്കിസ്ഥാനിൽ നിന്നുള്ള ഖാലിദ് യുഎസിലെ നോർത്ത് കാരലീന സർവകലാശാലയിൽ നിന്നു വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1996ൽ അഫ്ഗാനിസ്ഥാനിലെ തോറ ബോറ മലകളിൽ വച്ചാണ് ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉസാമ ബിൻ ലാദനുമായി കൂടിക്കാഴ്ച നടത്തുന്നത്.വിമാനങ്ങൾ ഉപയോഗിച്ചു യുഎസിലെ പ്രധാനകേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതി ഖാലിദ് ലാദനോടു വിശദീകരിച്ചു. ലാദൻ സമ്മതം മൂളുകയും ചെയ്തു.

 

ദിവസങ്ങളെല്ലാം നേരത്തെ ഭീകരർ തീരുമാനിച്ചിരുന്നു. സെപ്റ്റംബർ 11ന് ഭീകരർ മൂന്ന് എയർപോർട്ടുകളിൽ നിന്നായി 4 വിമാനങ്ങൾ റാഞ്ചി.ബോസ്റ്റണിൽ നിന്നുള്ള ആദ്യ വിമാനം രാവിലെ എട്ടരയോടെ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചുകയറി. എന്നാൽ ഏതോ വിമാന അപകടം നടന്നതായാണ് ആളുകൾക്കു തോന്നിയത്. ഒരു ഭീകരാക്രമണത്തിന്റെ സാധ്യത ആരും പ്രതീക്ഷിച്ചിരുന്നതു പോലുമുണ്ടായിരുന്നില്ല. എന്നാൽ ആദ്യവിമാനം ഇടിച്ച് 17 മിനിറ്റുകൾക്കു ശേഷം സൗത്ത് ടവറിലേക്ക് ബോസ്റ്റണിൽ നിന്നുള്ള മറ്റൊരു വിമാനമായ യുണൈറ്റഡ‍് എയർലൈൻസ് 175 കൂടി ഇടിച്ചുകയറിയതോടെ അപായമണി മുഴങ്ങി.

 

ഇതിനിടെ പെന്റഗണിലും ആക്രമണമം നടന്നു . അമേരിക്കൻ എയർലൈൻസ് 77 എന്ന വിമാനമായിരുന്നു പെന്റഗൺ ആക്രമിച്ചത്. നാലാമതൊരു എയർക്രാഫ്റ്റ് പെൻസിൽവേനിയയിലെ ഷാങ്ക്സ്‌വില്ലിയിൽ ഇടിച്ചിറങ്ങി.വിമാനം റാ‍ഞ്ചിയ ഭീകരരോട് യാത്രക്കാർ ഗംഭീര ചെറുത്തുനിൽപ്പു നടത്തിയതിനാൽ ഇതു ലക്ഷ്യം കണ്ടില്ല. പത്തുമണിയോടെ വേൾഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറും അരമണിക്കൂറിനു ശേഷം വടക്കൻ ഗോപുരവും വീണു. പുകയും പൊടിയും ചാരവും ന്യൂയോർക്കിൽ മേഘങ്ങൾ പോലെ ഉയർന്നുപൊങ്ങി. 2750 പേർ ന്യൂയോർക്കിലും, 184പേർ പെന്റഗണിലും 40 പേർ പെൻസിൽവേനിയയിലും മരിച്ചെന്നാണു കണക്ക്. ആക്രമണത്തിനു വന്ന 19 ഭീകരരും കൊല്ലപ്പെട്ടു. 2001 ഒക്ടോബർ ഏഴിന് അമേരിക്ക തിരിച്ചടി തുടങ്ങി. 20 വർഷങ്ങളോളം നീണ്ട അഫ്ഗാൻ യുദ്ധത്തിനു തുടക്കമാകുകയായിരുന്നു. ഡിസംബർ ആറോടെ താലിബാൻ ശക്തികേന്ദ്രവും പ്രഭവസ്ഥലവുമായ കാണ്ഡഹാർ നഗരം താലിബാനു നഷ്ടമായി. താമസിയാതെ കാബൂളും. 2011ൽ പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളിസങ്കേതത്തിൽ താമസിച്ചിരുന്ന ബിൻ ലാദനെ യുഎസ് സ്പെഷൽ ഫോഴ്സ് വധിച്ചു.

 

Content Highlight - September 11 terrorist attacks ​| World Trade Center collapse | Osama bin Laden | Khalid Sheikh Mohammed |  9-11 anniversary

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com