ADVERTISEMENT

ഫ്രഞ്ച് വിപ്ലവത്തിനു ശേഷം കുറേക്കാലം കഴിഞ്ഞ് ഫ്രാൻസിന്റെ ചക്രവർത്തിയായി മാറിയ ആളാണ് നെപ്പോളിയൻ. തന്റെ ഭരണകാലത്ത് നിരവധി രാജ്യങ്ങൾ പിടിച്ചടക്കാനും മറ്റുമായി യുദ്ധങ്ങൾ നടത്തിയ നെപ്പോളിയൻ ലോകത്തെ ഏറ്റവും മികച്ച മിലിട്ടറി കമാൻഡർമാരിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. ഏകദേശം രണ്ടു നൂറ്റാണ്ടുമുൻപ് 1812ൽ നെപ്പോളിയൻ റഷ്യയിൽ അധിനിവേശം നടത്തി അധികാരം പിടിച്ചെടുക്കാൻ നോക്കി. 211 വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബർ 15നാണ് അദ്ദേഹത്തിന്റെ സൈന്യം റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്കു മാർച്ച് ചെയ്തത്.

 

Representative image. Photo Credits; Fer Gregory/ Shutterstock.com, Napoleon
Representative image. Photo Credits; Fer Gregory/ Shutterstock.com, Napoleon

പക്ഷേ റഷ്യൻ പ്രതിരോധം ശക്തമായതോടെ തോറ്റൊടുകയില്ലാതെ നിവൃത്തിയില്ലെന്ന സ്ഥിതി വന്നു. എന്നാൽ ഇതിനു മുൻപ് നെപ്പോളിയന്റെ സൈന്യം മോസ്‌കോയിൽ നിന്ന് വലിയ അളവിൽ സ്വർണവും മറ്റനേകം അമൂല്യവസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഇതും കൊണ്ട് അവർ ഫ്രാൻസിലേക്കു യാത്രയായി. നെപ്പോളിയന്റെ സൈന്യവും അദ്ദേഹവും ഫ്രാൻസിൽ തിരിച്ചെത്തി. പക്ഷേ സ്വർണം എത്തിയിരുന്നില്ല. എന്തോ കാരണങ്ങൾ കൊണ്ട് നെപ്പോളിയനും സേനാംഗങ്ങളും നിധി റഷ്യയിൽ എവിടെയോ ഉപേക്ഷിച്ച് തിരിച്ചുവന്നെന്നായിരുന്നു പിന്നീട് ഇതെക്കുറിച്ച് ഉയർന്ന അഭ്യൂഹം.

 

Photo : Joel Robine / AFP Photo
Photo : Joel Robine / AFP Photo

ഇരുന്നൂറു വർഷങ്ങൾ പിന്നിട്ടിട്ടും ഈ നിധി പല നിധിവേട്ടക്കാരുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതെവിടെയാണെന്ന് ഇപ്പോഴും ഒരു വിവരവുമില്ല. റഷ്യയിലെ സ്‌മോലെൻസ്‌ക് മേഖലയിലുള്ള സെംലേവോ തടാകത്തിനടുത്താണ് ഈ നിധിയുള്ളതെന്നായിരുന്നു ആദ്യമുയർന്ന അഭ്യൂഹം. ഈ സ്ഥലത്തിനു പേരിട്ടത് നെപ്പോളിയന്റെ വിശ്വസ്തനായ ഫിലിപ് ഡി സെഗൂറാണ്. നെപ്പോളിയന്റെ സൈന്യത്തിന്റെ ഒട്ടേറെ ആയുധങ്ങളും മറ്റു സാമഗ്രികളുമൊക്കെ ഇവിടെ നിന്നു കണ്ടെത്തിയതിനാൽ ഇവിടെത്തന്നെ നിധിയുണ്ടെന്ന് പലരും ഉറച്ചുവിശ്വസിച്ചു. എന്നാൽ തിരച്ചിലുകളൊന്നും നടത്തിയിട്ടും നിധി കണ്ടെത്തിയില്ല. 

 

സെംലേവോ ഒരു ട്രാപ്പാണെന്നും നിധിവേട്ടക്കാരുടെ വഴിതെറ്റിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും ചിലർ വിശ്വസിക്കുന്നു. നെപ്പോളിയൻ റഷ്യയിൽ നിന്നു ഫ്രാൻസിലേക്കു പോകവെ കടന്ന ബെറേസിന നദിയിലാണ് നിധിയെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇവിടെയെവിടെയുമല്ല, റഷ്യയുടെ അയൽരാജ്യമായ ബെലാറസിലെ റുഡ്‌ന്യയിലാണു നിധിയെന്നും വാദമുണ്ട്. ഇവിടെ ഒരു തടാകത്തിലേക്ക് ഒരു പാത ഫ്രഞ്ച് സൈന്യം പണ്ട് ഒരുക്കിയെന്നും പിന്നീട് അത് ഒഴുകിപ്പോയെന്നും ഈ സിദ്ധാന്തം വിശ്വസിക്കുന്നവർ പറയുന്നു. ഇന്നും ഇതിനായി തിരച്ചിൽ നടക്കുന്നുണ്ട്. 2019ലായിരുന്നു ഇതിനുവേണ്ടിയുള്ള പ്രശസ്തമായ തിരച്ചിൽ. അന്നും നിധി കിട്ടിയില്ല, അതെവിടെയുണ്ടെന്ന് ഇപ്പോൾ ആർക്കും അറിയില്ല.

 

യുക്രെയ്ൻ യുദ്ധം കനത്തതോടെ ലോകമെങ്ങും ചർച്ചാവിഷയം യുക്രെയ്‌നും റഷ്യയുമായി മാറി. ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന വമ്പൻ രാജ്യം. ഒട്ടേറെ കഥകളും കെട്ടുകഥകളും ചരിത്രവുമൊക്കെ ഈ രാജ്യത്തിനുണ്ട്. ഇപ്പോഴുള്ള റഷ്യ എട്ടു പതിറ്റാണ്ടുകളോളം സോവിയറ്റ് യൂണിയനായിരുന്നു. അതിനും മുൻപ് സാർ രാജവംശവും മറ്റ് അനവധി രാജവംശങ്ങളും റഷ്യ ഭരിച്ചു.

ഭ്രമിപ്പിക്കുന്ന ഒട്ടേറെ കഥകളുള്ള രാജ്യം കൂടിയാണു റഷ്യ. ഈ നിധിയും അത്തരമൊരു കഥയായി റഷ്യൻ പൊതുബോധത്തിൽ അടങ്ങിയിരിക്കുന്നു.

 

Content Highlight – Napoleon's gold |. Napoleon's treasure | Where is Napoleon's treasure | Search for Napoleon's treasure | Lost treasure of Napoleon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com