ചൊവ്വയിലേക്കുള്ള വണ്ടി, റോക്കറ്റുകളുടെ മഹാരാജാവ്; സ്റ്റാർഷിപ് ഒക്ടോബറിൽ പറന്നേക്കും

HIGHLIGHTS
  • റോക്കറ്റുകളുടെ മഹാരാജാവ് എന്നു വിശേഷിപ്പിക്കാവുന്നതാണു സ്പേസ്എക്സിന്റെ സ്റ്റാർഷിപ്
  • വർഷങ്ങളായി സ്പേസ് എക്സ് ഈ റോക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു
discover-the-future-of-space-travel-with-spacex-starship-rocket
Photo credits: SpaceX
SHARE

ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുൾപ്പെടെ മനുഷ്യരെയെത്തിക്കുമെന്ന ദീർഘകാല ലക്ഷ്യത്തോടെയുള്ള സ്റ്റാർഷിപ് റോക്കറ്റ് ഒക്ടോബറിൽ പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്കു പറന്നേക്കുമെന്ന് അഭ്യൂഹം. 120 മീറ്റർ പൊക്കമുള്ള ഈ റോക്കറ്റ് ഏപ്രിൽ 20ന് വിക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും കത്തിപ്പോയി. വർത്തമാന കാല റോക്കറ്റുകളുടെ മഹാരാജാവ് എന്നു വിശേഷിപ്പിക്കാവുന്നതാണു സ്പേസ്എക്സിന്റെ സ്റ്റാർഷിപ് . വർഷങ്ങളായി സ്പേസ് എക്സ് ഈ റോക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിഎഫ്ആർ അഥവാ ബിഗ് ഫാൽക്കൺ റോക്കറ്റ് എന്നായിരുന്നു ഇതിന് ആദ്യം നൽകിയ പേര്. പിന്നീട് ഇത് സ്റ്റാർഷിപ് എന്നാക്കി മാറ്റി.

ശീതയുദ്ധകാലത്ത് അമേരിക്കൻ ദൗത്യങ്ങളുടെ കുന്തമുനയായിരുന്നു സാറ്റേൺ ഫൈവ് എന്ന റോക്കറ്റ്. 118 ടൺ ഭാരം വഹിക്കാൻ കഴിവുള്ള ഈ റോക്കറ്റ് ചരിത്രദൗത്യങ്ങളായ അപ്പോളോ, സ്കൈലാബ് തുടങ്ങിയവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. മൂന്നു സ്റ്റേജുകളായി ലഭിക്കുന്ന ഊർജത്തിൽ ബഹിരാകാശത്തെത്തിച്ച റോക്കറ്റിനു പക്ഷേ വിക്ഷേപണച്ചെലവു വലിയ പ്രശ്നമായിരുന്നു. 1973നു ശേഷം സാറ്റേൺ ഫൈവ് നാസ ഉപയോഗിച്ചിട്ടില്ല. സാറ്റേൺ ഫൈവിന്റെ അതേ ശ്രേണിയിലുള്ളതാണ് ബിഎഫ്ആർ. 150 ടൺ വഹിക്കാനുള്ള ശേഷി ഇതിനെ ഇതുവരെയുള്ള റോക്കറ്റുകളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നു. 

ഭൂമിയും മറ്റു ഗ്രഹങ്ങളും തമ്മിൽ ഗതാഗതബന്ധം സാധ്യമാക്കുന്ന ഇന്റർപ്ലാനറ്ററി ട്രാൻസ്‌പോർട്ട് സിസ്റ്റംസ് (Interplanetory Transport Systems ഐടിഎസ്) എന്ന സ്പേസ് എക്സിന്റെ വലിയ പദ്ധതിയിൽ നിർണായക സ്ഥാനമുള്ള റോക്കറ്റാണ്സ്പേസ് ഷിപ്. സ്പേസ് എക്സിന്റെ സ്വപ്ന ലക്ഷ്യങ്ങളിൽ ഒന്നായ ചൊവ്വാക്കോളനിയുടെ സ്ഥാപനത്തിലും ഈ റോക്കറ്റ് സഹായകമാകും. ബഹിരാകാശത്ത് കറങ്ങിനടക്കുന്ന സ്പേസ് ഡെബ്രി എന്നറിയപ്പെടുന്ന ബഹിരാകാശ മാലിന്യം  വൃത്തിയാക്കേണ്ടത് ഭാവിയുടെ ആവശ്യമാണ്. ഇതിനുള്ള സംവിധാനങ്ങൾ വഹിക്കാനും സ്റ്റാർഷിപ്  റെഡി.‘ഫുൾ ടാങ്ക്’ ഇന്ധനം നിറച്ചാൽ ചന്ദ്രനിലേക്കു പോകാനും തിരിച്ചെത്താനും സ്റ്റാർഷിപ്പിനു കഴിയും. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലേക്കുള്ള ലഗേജും ഭാവിയിൽ സ്റ്റാർഷിപ് വഹിച്ചേക്കും. എല്ലാറ്റിനും ഇണങ്ങിയ സമ്പൂർണ റോക്കറ്റ്. അതാകും സ്റ്റാർഷിപ്.

85 ടൺ ഭാരമുള്ള റോക്കറ്റിന് ഇന്ധനവാഹക ശേഷി-1100 ടൺ.

ഏറ്റവും വിശേഷപ്പെട്ടത് റോക്കറ്റിന്റെ മുകളിലുള്ള പേയ്ലോഡ് ബേയാണ്. ബഹിരാകാശത്തേക്കുള്ള 'പാക്കേജ്' (മനുഷ്യർ, ഉപഗ്രഹങ്ങൾ, യാത്രികരുടെ ലഗേജ് ഒക്കെ) വഹിക്കുന്നത് ഇവിടെയാണ്. എട്ടുനില കെട്ടിടത്തിന്റെ പൊക്കമുണ്ട് ഈ സ്ഥലത്തിന്. 40 കാബിനുകൾ അടങ്ങുന്ന ബേ പരമാവധി 120 യാത്രികരെ വഹിക്കും. 240 ടൺ മീഥെയ്നും 860 ടൺ ദ്രവീകൃത ഓക്സിജനുമാണ് സ്റ്റാർഷിപ്പിന്റെ വമ്പൻ ഇന്ധനടാങ്കുകളിൽ സൂക്ഷിക്കാനാകുന്നത്. 

ഭൂരിഭാഗം വിക്ഷേപണ വാഹനങ്ങളും ഒറ്റത്തവണത്തെ ഉപയോഗത്തിനുള്ളതാണെങ്കിൽ സ്റ്റാർഷിപ്പിന്റെ ഓരോ ഭാഗവും, ഭൂമിയിൽ നിന്നുള്ള ആദ്യത്രസ്റ്റ് കൊടുക്കുന്ന ബൂസ്റ്റർ റോക്കറ്റുകളാകട്ടെ, ചൊവ്വയിലേക്കു കടക്കുന്ന സ്പെയ്സ്ക്രാഫ്റ്റാകട്ടെ, പലതവണ ഉപയോഗിക്കാൻ കഴിയും. ആദ്യഘട്ട നിർമാണച്ചെലവു കൂടുതലാണെങ്കിലും വിക്ഷേപണങ്ങൾ വർധിക്കുന്നതോടെ സ്റ്റാർഷിപ് വലിയ ലാഭത്തിലേക്കു നയിക്കുമെന്നാണു സ്പെയ്സ് എക്സ് പ്രതീക്ഷിക്കുന്നത്.

ചന്ദ്ര, ചൊവ്വ യാത്ര പോലുള്ള സ്വപ്നപദ്ധതിക്കു പുറമേ ഭൂമിയിലെ യാത്രയ്ക്കും സ്റ്റാർഷിപ് ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താമെന്നു പറയുന്നത് സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ്. ഇൻട്രാ എർത്ത് ട്രാവൽ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. എപ്പോഴും എവിടെയും എത്രയും പെട്ടെന്ന് എത്താൻ കഴിയുക എന്നൊരു സൗകര്യമാകാം സമീപഭാവിയിൽ സ്റ്റാർഷിപ് റോക്കറ്റ് യാഥാർഥ്യമാക്കുന്നത്. കേരളത്തിൽ നിന്നു ന്യൂയോർക്കിലോ ദുബായിലോ ഒക്കെ പോയി ജോലി ചെയ്തു തിരികെ വന്ന് വീട്ടിൽ നിന്ന് അത്താഴം കഴിക്കുന്ന ഒരു കാലമാകാം അന്നു വരിക.

Content Highlight - Starship rocket | Mars colonization | Space debris cleanup | Interplanetary Transport Systems | Intra-Earth Travel

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS