ടഗോർ സൃഷ്ടിച്ച വിശ്വഭാരതി: പ്രതിഭകൾക്ക് ജന്മമേകിയ ശാന്തിനികേതനിലെ വിദ്യാകേന്ദ്രം
Mail This Article
യുനെസ്‌കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനവും അതിപ്രശസ്തവുമായ ശാന്തിനികേതൻ. ബംഗാളിലെ ബീർഭൂം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സർവകലാശാലകേന്ദ്ര പട്ടണത്തെ ലോകപൈതൃകപ്പട്ടികയിൽ ഉൾക്കൊള്ളിക്കാനായി നീണ്ടനാളുകളായി ഇന്ത്യ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ സൗദി അറേബ്യയിൽ ചേർന്ന യുനെസ്‌കോ ലോക പൈതൃക കമ്മിറ്റിയുടെ 45ാം സെഷനിലാണ് തീരുമാനം എടുത്തത്. മാസങ്ങൾക്ക് മുൻപ് ഇക്കാര്യത്തിൽ ഇന്റർനാഷനൽ കൗൺസിൽ ഓണ്‍ മോണുമെന്റ്‌സ് ആൻഡ് സൈറ്റ്സ് എന്ന രാജ്യാന്തര ഉപദേശക സമിതിയുടെ ശുപാർശ ഇതിനു ലഭിച്ചിരുന്നു. ഇവിടെയാണ് പ്രശസ്തമായ വിശ്വഭാരതി സർവകലാശാല ഒരു നൂറ്റാണ്ട് മുൻപ് കവി രവീന്ദ്രനാഥ ടഗോർ പണികഴിപ്പിച്ചത്.
കൊൽക്കത്തയിൽ നിന്ന് 152 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടൗണാണ് ശാന്തിനികേതൻ. രബീന്ദ്രനാഥ ടഗോറിന്റെ പിതാവായ ദേവേന്ദ്രനാഥാണ് ശാന്തിനികേതൻ സ്ഥാപിച്ചത്. ജാതിമതഭേദമന്യേ എല്ലാവർക്കും വരാനും ധ്യാനിക്കാനുമുള്ള ഇടമായിട്ടാണ് ഇതു സ്ഥാപിച്ചത്. മഹർഷി എന്നുമറിയപ്പെട്ടിരുന്ന ദേവേന്ദ്രനാഥ് ടഗോർ ഇന്ത്യൻ നവോത്ഥാനത്തിലെ ഒരു പ്രമുഖ വ്യക്തിത്വമാണ്.
20 ഏക്കറോളം ഭൂമി ദേവേന്ദ്രനാഥ് സ്ഥിരവാടകയ്ക്ക് എടുത്തു. അവിടെ ഒരു അതിഥിമന്ദിരം പണികഴിപ്പിച്ച ദേവേന്ദ്രനാഥ് ശാന്തിനികേതൻ എന്ന് അതിനു പേരുനൽകി. പിന്നീട് അതിരുന്ന സ്ഥലത്തിനും അതേപേര് ലഭിച്ചു.
അക്കാലത്ത് ശാന്തിനികേതനു സമീപത്തുള്ള ഭൂബൻഡംഗ എന്ന ഗ്രാമത്തിൽ കൊള്ളക്കാരുടെയും കവർച്ചക്കാരുടെയും ശല്യമുണ്ടായിരുന്നു.എന്നാൽ പിൽക്കാലത്ത് ഭൂബൻഡംഗയിലെ കൊള്ളത്തലവൻ ദേവേന്ദ്രനാഥുമായി അനുനയത്തിലായി. കൊള്ളപ്രവൃത്തികൾ ഉപേക്ഷിച്ച അവർ ശാന്തിനികേതൻ വികസിപ്പിക്കാനായി ദേവേന്ദ്രനാഥിനൊപ്പം പ്രവർത്തിച്ചു.
രവീന്ദ്രനാഥ് ടാഗോർ തന്റെ പതിനേഴാം വയസ്സിലാണ് ആദ്യമായി ശാന്തിനികേതനിലെത്തുന്നത്. അദ്ദേഹം പിൽക്കാലത്ത് വിശ്വഭാരതി സർവകലാശാല ഇവിടെ സ്ഥാപിച്ചു. 1951ൽ ദേശീയ പ്രാധാന്യമുള്ള ഒരു സർവകലാശാലയായി ഇതു മാറി. അമർത്യ സെൻ, സത്യജിത് റേ, ഇന്ദിര ഗാന്ധി, മഹാറാണി ഗായത്രി ദേവി, മഹാശ്വേത ദേവി,റാം കിങ്കർ ബൈജ് തുടങ്ങി ഒട്ടേറെ പ്രതിഭകൾ ശാന്തിനികേതനിൽ പഠിച്ചിട്ടുണ്ട്.
ഇന്ന് ശാന്തിനികേതനിലേക്ക് പ്രതിവർഷം 12 ലക്ഷം ആളുകളാണ് സന്ദർശകരായെത്തുന്നത്. മുൻകാലങ്ങളിൽ മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു തുടങ്ങിയ നിരവധി പ്രമുഖർ ശാന്തിനികേതൻ സന്ദർശിച്ചിട്ടുണ്ട്.
Content Highlight - Visva Bharati University | Santiniketan UNESCO World Heritage | Rabindranath Tagore | Santiniketan history and culture | Famous personalities of Santiniketan