ADVERTISEMENT

ഭൂമിയിലെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന സീലാൻഡിയയുടെ വിശദമായ മാപ്പ് ശാസ്ത്രജ്​ഞർ തയാറാക്കി. ന്യൂസീലൻഡ് എന്ന ദ്വീപരാജ്യം സീലാൻഡിയയുടെ ഇന്നത്തെ ശേഷിപ്പാണ്. നിലവിൽ ഭൂമുഖത്ത് ന്യൂസീലൻഡും ന്യൂ കാലിഡോണിയ എന്ന മറ്റൊരു ദ്വീപും മാത്രമേ ഈ ഭൂഖണ്ഡത്തിന്റേതായി നിലനിൽക്കുന്നുള്ളൂ. ബാക്കിയുള്ള 94 % കരയും സമുദ്രത്തിനടിയിലാണ്. ന്യൂസീലൻഡ്, ഓസ്ട്രേലിയ, ന്യൂ കാലിഡോണിയ തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ളവരാണ് മാപ്പ് തയാറാക്കിയ വിദഗ്ധർ. ഈ ഭൂഖണ്ഡത്തിന്റെ കൃത്യമായ അതിർത്തികൾ കണ്ടെത്താനും സവിശേഷതകൾ നിർണയിക്കാനുമുള്ള ശ്രമം നേരത്തെ ഗവേഷകർ തുടങ്ങിയിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സർവകലാശാലയിൽ നിന്നുള്ള ഈ ഗവേഷകർ 28 ദിവസം പിന്നിട്ട വമ്പൻ സമുദ്രപര്യവേക്ഷണം ഇതിനായി 2021ൽ നടത്തി. 37000 ചതുരശ്ര കിലോമീറ്ററോളം ഇവർ മാപ്പും ചെയ്തിരുന്നു.

 

ഏകദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഭൂഖണ്ഡമായിരുന്നു സീലാൻഡിയ.യൂറോപ്പിന്റെ പകുതിയോളം വരും ഇതിന്റെ വിസ്തീർണം. 2017ലാണ് ഇതിനു ഭൂഖണ്ഡപദവി ലഭിക്കുന്നത്. തെക്കൻ ശാന്തസമുദ്രത്തിന് 3500 അടിയോളം ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കൃത്യമായി ഇതിന്‌റെ അതിരുകൾ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു.

 

17ാം നൂറ്റാണ്ടിൽ തന്നെ  തന്നെ യൂറോപ്യൻമാർ ഇങ്ങനെയൊരു ഭൂഖണ്ഡം ഭൂമിയുടെ തെക്കേയറ്റത്തുണ്ടാകുമെന്ന് കണക്കുകൂട്ടിയിരുന്നു. ഓസ്‌ട്രേലിയ ആ സമയത്തു തന്നെ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും  ഇതല്ലാതെ മറ്റൊരു ഭൂഖണ്ഡം കൂടിയുണ്ടെന്നായിരുന്നു അവരുടെ വിശ്വാസം. ടെറാ ഓസ്‌ട്രേലിസ് എന്നായിരുന്നു അവർ ഈ സാങ്കൽപിക ഭൂഖണ്ഡത്തിനു നൽകിയ പേര്.

 

1642ൽ ആബെൽ ടാസ്മാൻ എന്ന ഡച്ച് നാവിക പര്യവേക്ഷകൻ ഈ ഭൂഖണ്ഡം തേടി യാത്ര തുടങ്ങി. ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നിന്നു തുടങ്ങിയ കടൽയാത്രയ്ക്ക് അവസാനം ന്യൂസീലൻഡിന്റെ സൗത്ത് ഐലൻഡിൽ ടാസ്മാൻ എത്തിച്ചേർന്നു. അന്നവിടെ തദ്ദേശീയ ജനതയായ മവോരി ഗോത്രമാണ് ഉണ്ടായിരുന്നത്. അവർ ടാസ്മാനും സംഘത്തിനും നേർക്ക് വലിയ ആക്രമണം അഴിച്ചുവിട്ടു. തന്റെ കപ്പൽ ഇറങ്ങിയ സ്ഥലത്തിനു കൊലപാതകികളുടെ ഉൾക്കടൽ (മർഡറേഴ്‌സ് ബേ) എന്നു പേരിട്ട ശേഷം ന്യൂസീലൻഡിൽ കാൽ കുത്താതെ ടാസ്മാൻ മടങ്ങി.

 

1895ൽ സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ജയിംസ് ഹെക്ടർ  ന്യൂസീലൻഡിനെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയ ശേഷം ദ്വീപ് പഴയകാലത്ത് ഒരു വലിയ കരയുടെ ഭാഗമായിരുന്നെന്ന് തന്റെ ഡയറിയിൽ കുറിച്ചു.

1995ൽ ഭൗമശാസ്ത്രജ്ഞനായ ബ്രൂസ് ല്യൂയെൻഡിക്കാണു ന്യൂസീലാൻഡിയ എന്ന എട്ടാം ഭൂഖണ്ഡത്തെക്കുറിച്ചുള്ള ആശയം ആദ്യം പുറത്തിറക്കിയത്. ന്യൂസീലൻഡിനും ഓസ്‌ട്രേലിയയ്ക്കും സമീപം നടത്തിയ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.

 

ഭൂമിയുടെ ആദ്യദശയിൽ പാൻജിയ എന്ന ഒറ്റ വൻകരയാണുണ്ടായിരുന്നത്. ഇതു പിന്നീട് ലോറേഷ്യ എന്നും ഗോണ്ട്‌വാന എന്നും രണ്ട് ഭൂഖണ്ഡങ്ങളായി മാറി. ഇന്നത്തെ ആഫ്രിക്ക, അന്‌റാർട്ടിക്ക, തെക്കൻ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവയും ഇന്ത്യൻ, അറേബ്യൻ ഉപഭൂഖണ്ഡങ്ങളും ഉൾപ്പെട്ടതായിരുന്നു ഗോണ്ട്‌വാന. എന്നാൽ എട്ടരക്കോടി വർഷം മുൻപ് ഗോണ്ഡ്‌വാനയിൽ നിന്ന് ഓസ്‌ട്രേലിയയും സീലാൻഡിയയും ഉൾപ്പെട്ട കരഭാഗം വേർപെട്ട് തെക്കോട്ടു നീങ്ങി. ഇതിന്റെ തുടർച്ചയായി 5 കോടി വർഷം മുൻപ് സീലാൻഡിയ കടലിലേക്ക് അന്തർഗമിച്ചു എന്നാണു ശാസ്ത്രജ്ഞരുടെ വിശ്വാസം.

 

Content Highlight – Zealandia continent ​| Eighth continent on earth | Map of Zealandia | New Zealand continent | Zealandia boundaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT