ADVERTISEMENT

ലോകത്തെക്കുറിച്ചുള്ള പുതുവിവരങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന് പുതിയ മേഖലകൾ പരിചയപ്പെടുത്തിയവയാണ് പഴയകാലത്തെ കപ്പൽ യാത്രകൾ. പുതിയ ലോകം എന്നു വിശേഷിപ്പിക്കപ്പെട്ട അമേരിക്കൻ വൻകരകൾ കണ്ടെത്താൻ ആദ്യപടിയൊരുക്കിയത് ഇറ്റാലിയൻ നാവികനായ ക്രിസ്റ്റഫർ കൊളംബസിന്റെ 4 യാത്രകളാണ്.യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പടിഞ്ഞാറൻ ദിശയിലൂടെ ഒരു കടൽപാത കണ്ടെത്താനുദ്ദേശിച്ച് കൊളംബസ് നടത്തിയ യാത്രകൾ കരീബിയൻ ദ്വീപുകളിൽ അവസാനിച്ചെങ്കിലും സമുദ്രയാന ചരിത്രത്തിൽ പുതുയുഗമാണ് പിറന്നത്.

1488ൽ കേപ് ഓഫ് ഗുഡ് ഹോപ് മുനമ്പ് കണ്ടെത്തിയ ബാർത്തലോമോ ഡയസ്, 1498ൽ കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോഡി ഗാമ .ലോക നാവിക ചരിത്രത്തിൽ സാഹസികരുടെ എണ്ണം വളരെയധികമുണ്ട്. ലോകം ചുറ്റിയുള്ള ആദ്യ സമുദ്രസഞ്ചാരം 1519 മുതൽ 1522 വരെയാണു നടന്നത്. മഗല്ലൻ– എൽക്കാനോ പര്യവേക്ഷണം എന്നറിയപ്പെടുന്ന ഇത് ലോകചരിത്രത്തിലെ നിർണായകമായ ഏടാണ്. ഫെർഡിനൻഡ് മഗല്ലൻ തുടങ്ങിവച്ച ഈ യാത്ര യുവാൻ എൽക്കാനോ പൂർത്തീകരിച്ചു.

1519ൽ 5 കപ്പലുകളിലുള്ള സംഘമായാണ് സ്പെയിനിലെ സെവില്ലെയിൽ നിന്നു യാത്ര തുടങ്ങിയത്. ട്രിനിഡാഡ്, സാൻ അന്റോണിയോ, വിക്ടോറിയ, കോൺസെപ്ഷൻ, സാന്റിയാഗോ എന്നിവയായിരുന്നു ആ കപ്പലുകൾ. മഗല്ലനും എൽക്കാനോയും ഉൾപ്പെടെ ആകെ 270 പേർ ആ സംഘത്തിലുണ്ടായിരുന്നു. ആഫ്രിക്കൻ തീരത്തിൽ കേപ് വേർഡെ മുനമ്പ്, സിയറ ലിയോൺ എന്നിവയ്ക്കു സമീപത്തുകൂടി പോയ സംഘം താമസിയാതെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പ്രവേശിച്ചു.1519 നവംബർ 29ന് അവർ ബ്രസീൽ തീരത്തെ സാന്റാ ലൂസിയയിലെത്തി (ഇന്നത്തെ റയോ ഡി ജനീറോ).

ഇതിനുശേഷം നാവികസംഘത്തിൽ കലാപമുണ്ടായെങ്കിലും മഗല്ലൻ ഇത് അടിച്ചമർത്തി. തെക്കോട്ട് യാത്ര തുടർന്ന സംഘത്തിന്റെ  സാന്റിയാഗോ എന്ന കപ്പൽ തകർന്നു. ശേഷിച്ച 3 കപ്പലുകൾ തെക്കൻ അമേരിക്കയിലെ ഒരു കടലിടുക്കിലൂടെ ശാന്ത സമുദ്രത്തിലേക്കു പ്രവേശിച്ചു. വലുപ്പമേറിയ ശാന്ത സമുദ്രത്തിൽ വച്ച് ഭക്ഷണം തീർന്നതിനാൽ എലികളെ ഭക്ഷിക്കാനും വെള്ളം തീർന്നതിനാൽ മലിനജലം കുടിക്കാനും നാവികർ നിർബന്ധിതരായി. 19 നാവികർ  മരിച്ചു.

ഗുവാം, ഫിലിപ്പീൻസ് തുടങ്ങിയ സ്ഥലങ്ങളിൽ പിന്നീട് മഗല്ലന്റെ സംഘമെത്തി. ഫിലിപ്പീൻസിലെ മക്ടാൻ ദ്വീപിൽവച്ച് ഗോത്രങ്ങളുമായി നടന്ന ഏറ്റുമുട്ടലിൽ മഗല്ലൻ അമ്പേറ്റു മരിച്ചു. സംഘത്തിന്റെ കോൺസെപ്ഷൻ എന്ന കപ്പൽ തീ കത്തി നശിച്ചു. ലക്ഷ്യസ്ഥാനമായ മലുക്കൂ ദ്വീപുകളിലെത്തിയ ശേഷം യാത്ര തുടർന്ന സംഘത്തിന്റെ ട്രിനിഡാഡ് എന്ന കപ്പൽ തകരാറിലുമായി. ഇന്ത്യൻ മഹാസമുദ്രത്തിൽ 9 ആഴ്ച സഞ്ചരിച്ച ശേഷം വിക്ടോറിയ കപ്പലിലെ സംഘാംഗങ്ങൾ ആഫ്രിക്കയിലെ ഗുഡ് ഹോപ് മുനമ്പു ചുറ്റി. യാത്ര തുടങ്ങി 3 വർഷത്തിനു ശേഷം 1522ൽ വിക്ടോറിയ കപ്പൽ സ്പെയിനിലെ സെവില്ലെയിൽ തിരിച്ചെത്തിയതോടെ ആദ്യ ലോകംചുറ്റിയുള്ള സമുദ്രസഞ്ചാരം പൂർത്തീകരിക്കപ്പെട്ടു. ആദ്യം യാത്ര തുടങ്ങിയ 270 പേരിൽ 18 പേർ മാത്രമാണ് തിരികെവന്നവരിലുണ്ടായിരുന്നത്.

EContent Highlight - First circumnavigation | Magellan-Elcano expedition | World history | Maritime adventure | Voyages of exploration | Wonder World | Padhippura | Manorama Online | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com