കോടിക്കണക്കിന് രൂപയേക്കാൾ മൂല്യമുള്ള ചെമ്പുനാണയം; ആ നാണയം ഗാന്ധിജി തന്നെ സൂക്ഷിച്ചു

Mail This Article
ചർക്ക സംഘ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ പല നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഗാന്ധിജി യാത്രകൾ നടത്തിയിരുന്നു. ഇത്തരമൊരു യാത്രയ്ക്കിടയിൽ അദ്ദേഹം ഒഡീഷയിലുമെത്തി.
ഒഡീഷയിൽ അദ്ദേഹത്തിന്‌റെ പ്രസംഗപരിപാടിയിൽ പങ്കെടുക്കാൻ അനേകം ആളുകളെത്തി. ഇക്കൂട്ടത്തിൽ പ്രായമായ ഒരു വനിതയുമുണ്ടായിരുന്നു. പ്രായാധിക്യത്താൽ കൂനിക്കൂടി നടന്ന ആ വനിതയുടെ തലമുടി മുഴുവൻ നരച്ചതായിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്.
പ്രസംഗത്തിനു ശേഷം ഗാന്ധിജി ഇരുന്ന സ്ഥലത്തേക്ക് ഈ വനിതയെത്തി. അവർ അദ്ദേഹത്തിനു സമീപമെത്തുകയും കൈകൂപ്പി മഹാത്മാവിനെ വന്ദിക്കുകയും ചെയ്തു. അതിനു ശേഷം തന്‌റെ സാരിയുടെ മടക്കിൽ വളരെ ഭദ്രമായി കെട്ടിവച്ചിരുന്ന ഒരു ചെമ്പുനാണയം പുറത്തെടുത്ത് ഗാന്ധിജിക്കു സമർപ്പിച്ചു. മഹാത്മാവ് വലിയ ആദരത്തോടെ ആ ചെമ്പുനാണയം ഏറ്റുവാങ്ങുകയും അതു തന്‌റെ കൈയിൽ തന്നെ സൂക്ഷിക്കുകയും ചെയ്തു.
അക്കാലത്ത് ചർക്ക സംഘ് പ്രവർത്തനങ്ങളുടെ ഫണ്ടുകൾ നിയന്ത്രിച്ചിരുന്നത് ജംനാലാൽ ബജാജ് എന്ന വ്യക്തിയായിരുന്നു. ചെമ്പുനാണയം താൻ സൂക്ഷിക്കാമെന്ന് ബജാജ് ഗാന്ധിജിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ നാണയം താൻ തന്നെ സൂക്ഷിക്കുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. ഇതുകേട്ട് ബജാജ് പൊട്ടിച്ചിരിച്ചു. കോടിക്കണക്കിനു രൂപയുടെ ഫണ്ടുകൾ സൂക്ഷിക്കുന്നയാളാണ് താൻ. ഈ ചെമ്പുനാണയത്തിന്‌റെ കാര്യത്തിൽ തന്നെ വിശ്വാസമില്ലേയെന്ന് ബജാജ് കളിയായി ഗാന്ധിജിയോട് ആരാഞ്ഞു.
എന്നാൽ ആ കോടിക്കണക്കിന് രൂപയേക്കാളെല്ലാം മൂല്യമുള്ളതാണ് ഈ ചെമ്പുനാണയമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. ലക്ഷക്കണക്കിന് രൂപയുള്ളവർ ആയിരമോ രണ്ടായിരമോ തുക സംഭാവന നൽകുന്ന പോലെയല്ല ഇത്. ഒരു പക്ഷേ ഈ ചെമ്പുനാണയമാകാം ആ മുതിർന്ന സ്ത്രീക്ക് ജീവിതത്തിൽ ആകെയുണ്ടായിരുന്ന സമ്പത്ത്. അതിനാൽ തന്നെ ഏറ്റവും വലിയ ത്യാഗങ്ങളിലൊന്നാണ് ഇതെന്ന് ഗാന്ധിജി ജംനാലാൽ ബജാജിനോട് വിശദീകരിച്ചു.
Content Highlights: Mahatma Gandhi | Copper coin | Handloom | Jamnalal Bajaj