പായ്വഞ്ചിയിൽ ഒറ്റയ്ക്ക് സമുദ്രം ചുറ്റിക്കറങ്ങിയ വനിത: കരുത്തിന്റെ പ്രതീകമായ കിഴ്സ്റ്റൻ

Mail This Article
ഗോൾഡൻ ഗ്ലോബ് റേസ് എന്നു കേട്ടിട്ടുണ്ടോ. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് മത്സരം വളരെ ശ്രദ്ധ നേടിയിരുന്നു. മലയാളിയായ അഭിലാഷ് ടോമി ഈ റേസിൽ രണ്ടാമത് ഫിനിഷ് ചെയ്തിരുന്നു. ഒന്നാം സ്ഥാനം നേടിയത് കിഴ്സ്റ്റൻ നോയിഷെയ്ഫർ എന്ന വനിതയായിരുന്നു. സാഹസികതയുടെ പര്യായമായ ആ പെൺകരുത്തിന്റെ കഥ കേട്ടാലോ. പായ്വഞ്ചികളുപയോഗിച്ച് പരിമിതമായ സൗകര്യത്തിൽ ലോകം ചുറ്റിക്കറങ്ങിയുള്ള മത്സരമാണ് ഗോൾഡൻ ഗ്ലോബ് റേസ്. മിനേഹാഹ ലെ എന്ന വഞ്ചിയിലാണ് കിഴ്സ്റ്റൻ നോയിഷെയ്ഫ് തീരമണഞ്ഞത്. ഇതാദ്യമായാണ് ഗോൾഡൻ ഗ്ലോബ് റേസിൽ ഒരു വനിത ഒന്നാമതായി ഫിനിഷ് ചെയ്യുന്നത്. 235 ദിനങ്ങളാണ് കടലിൽ കിഴ്സ്റ്റൻ ചെലവിട്ടത്. സമുദ്രത്തിൽ പലപ്പോഴും കാറ്റിന്റെ സഞ്ചാരപഥങ്ങൾ മിനേഹാഹയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ഇതെല്ലാം മറികടന്നായിരുന്നു കിഴ്സ്റ്റന്റെ ജൈത്രയാത്ര.
കുട്ടിക്കാലം മുതൽ തന്നെ ചെറുവഞ്ചികൾ തുഴയുന്നത് ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റന് ഒരു വിനോദമായിരുന്നു. 2006 മുതൽ തുഴച്ചിൽ കിഴ്സ്റ്റന്റെ കരിയറാണ്. ദീർഘകാലമായി ഇവർ സമുദ്രത്തെ കൂട്ടുപിടിക്കുന്നു. ഇതിനു മുൻപ് കിഴ്സ്റ്റന്റെ ഏറ്റവും ദൈർഘ്യമുള്ള പായ്‌വഞ്ചി യാത്ര പോർച്ചുഗലിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു. 2015 മുതൽ സ്കിപ് നോവാക് എന്ന പ്രസിദ്ധ ധ്രുവ, കടൽ പര്യവേക്ഷകന്റെ കീഴിൽ സൗത്ത് ജോർജിയ, അന്റാർട്ടിക്ക, ഫാക്‌ലാൻഡ് ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് പര്യവേക്ഷണ ദൗത്യങ്ങൾ കിഴ്സ്റ്റൻ നടത്തി.
അന്റാർട്ടിക് സമുദ്രത്തിന്റെ ഉൾമേഖലകളിൽ ഷൂട്ടിങ് നടത്തിയ നിരവധി സിനിമാ സംഘങ്ങൾക്ക് കിഴ്സ്റ്റൻ വഴികാട്ടിയായിട്ടുണ്ട്. നാഷനൽ ജ്യോഗ്രഫിക്കിന്റെ ‘വൈൽഡ് ലൈഫ് റിസറക്‌ഷൻ വിത്ത് ബെർട്ടി ഗ്രിഗറി’ എന്ന പരമ്പര ഇവരെ ഫീച്ചർ ചെയ്തിരുന്നു. ബിബിസി പുറത്തിറക്കിയ സെവൻ വേൾഡ്സ്, വൺ പ്ലാനറ്റ് എന്ന പര്യവേക്ഷണ പരമ്പരയുടെ അണിയറസംഘത്തിലും കിഴ്സ്റ്റൻ ഭാഗമായിരുന്നു. വെറും 22 വയസ്സുള്ളപ്പോൾ യൂറോപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക വരെ ഒറ്റ വർഷം കൊണ്ട് സൈക്കിളിൽ അവർ സഞ്ചരിച്ചു. ഏകദേശം പതിനയ്യായിരം കിലോമീറ്ററിനു മേൽ ദൂരമാണ് ഈ യാത്രയിൽ താണ്ടിയത്. സംഘർഷ മേഖലകളും കഠിന താപനിലയുള്ള ഊഷര ഭൂമികളും കടന്നായിരുന്നു ഈ സഞ്ചാരം.
ഗോൾഡൻ ഗ്ലോബ് റേസിൽ മറ്റൊരു മത്സരാർഥിയായ ടാപിയോ ലെറ്റിനെന്റെ ബോട്ട് മുങ്ങിയിരുന്നു.ഇദ്ദേഹത്തെ രക്ഷിക്കാനായി സെക്കൻഡിൽ 3.6 മീറ്റർ എന്ന വേഗത്തിൽ രാത്രിയിൽ യാത്ര ചെയ്ത് കിഴ്സ്റ്റനെത്തി. ലെറ്റിനെനെ ഡാര്യ ഗായത്രി എന്ന ഹോങ്കോങ് കപ്പലിൽ കയറ്റിവിട്ട ശേഷമാണ് കിഴ്സ്റ്റൻ യാത്ര തുടർന്നത്. ഒടുവിൽ ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തു.