ADVERTISEMENT

ആദ്യത്തെ ബഹിരാകാശയാത്ര നടത്തിയ മൃഗം ലെയ്ക എന്ന നായയാണ്. എന്നാൽ ബഹിരാകാശ ‘മൃഗ’യാത്രികരിലെ താരം അന്നും ഇന്നും ഹാം തന്നെ. 1961ൽ അമേരിക്ക കേപ് കാനവറലിൽ നിന്നു നടത്തിയ മെർക്കുറി പദ്ധതിയിലാണു ഹാം എന്ന പതിന്നാലുവയസ്സുകാരൻ ചിമ്പാൻസി ബഹിരാകാശത്തേക്കു പുറപ്പെട്ടത്. രണ്ടു വയസ്സു മുതൽ ഈ പദ്ധതിക്കായി ഹാമിനെ പരിശീലിപ്പിച്ചുവരികയായിരുന്നു. ബഹിരാകാശദൗത്യത്തിൽ പ്രകടിപ്പിച്ച അച്ചടക്കവും ബുദ്ധിശക്തിയും ലോകം മുഴുവൻ ഹാമിന് ആരാധകരെ സൃഷ്ടിച്ചു. ‘ആസ്ട്രോചിമ്പ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഈ ചിമ്പാൻസിയുടെ പേരിൽ ഒട്ടേറെ സയൻസ് ഫിക്ഷൻ നോവലുകൾ, ഡോക്യുമെന്ററികൾ, ചലച്ചിത്രങ്ങൾ എന്നിവ നിർമിക്കപ്പെട്ടു. ബഹിരാകാശ യാത്ര കഴിഞ്ഞു തിരികെയെത്തിയ ഹാം പിന്നീടുള്ള 17 വർഷങ്ങൾ അമേരിക്കയിലെ വിവിധ മൃഗശാലകളിൽ കഴിഞ്ഞു. 

2018ൽ അതുവരെയുണ്ടായതിൽ ഏറ്റവും വലിയ റോക്കറ്റ് വിക്ഷേപണങ്ങളിലൊന്ന് ഫ്ലോറിഡയിലെ (യുഎസ്) കെന്നഡി സ്പെയ്സ് സെന്ററിൽ നടന്നു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പെയ്സ് എക്സ് കമ്പനിയുടെ ‘ഫാൽക്കൻ ഹെവി’ റോക്കറ്റ് അന്നു ബഹിരാകാശത്തേക്കു കുതിച്ചുയർന്നു. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരനായ റോക്കറ്റാണു ഹെവി എന്ന വസ്തുത നിലവിലുണ്ടെങ്കിലും അന്നത്തെ വിക്ഷേപണത്തിൽ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ നേടിയതു റോക്കറ്റ് വഹിച്ചു കൊണ്ടുപോയ ടെസ്ല റോഡ്സ്റ്റർ സ്പോർട്സ് കാറും അതിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന ‘സ്റ്റാർമാൻ’ എന്ന മനുഷ്യരൂപമുള്ള പാവയുമാണ്.വളരെയേറെ ഗൗരവമേറിയ ഒരു മേഖലയാണു ബഹിരാകാശ ഗവേഷണം . എന്നാൽ റോക്കറ്റ് വിക്ഷേപണത്തിൽ സ്റ്റാർമാനെ വിട്ടതുപോലെയുള്ള തമാശകളും ഇവിടെ സജീവമാണ്.

ഭക്ഷണപദാർഥങ്ങളും ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. വർഷം 2001, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഒരു പാഴ്സൽ എത്തി. വളരെ സൂക്ഷ്മമായ രീതിയിൽ പായ്ക്ക് ചെയ്ത് എത്തിയ പാഴ്സലിൽ ഉണ്ടായിരുന്നത് ഒരു പീത്സയായിരുന്നു. ഒരു പ്രമുഖ പീത്സ കമ്പനിയും റഷ്യയുടെ ബഹിരാകാശ ഏജൻസിയും തമ്മിലുള്ള ധാരണയുടെ ഭാഗമായി ആയിരുന്നു ഈ വിചിത്രമായ ‘പീത്സ ഡെലിവറി.’ അന്നു ബഹിരാകാശത്തുണ്ടായിരുന്ന റഷ്യൻ ബഹിരാകാശയാത്രികനായ യുറി ഉസാച്ചോവ് കൈയിൽ പീത്സ കഷണവുമായി നിൽക്കുന്ന ചിത്രം വാർത്തകളിൽ ഇടംനേടി.

കൂടാതെ ആവശ്യത്തിനും അനാവശ്യത്തിനും ഒട്ടേറെ വസ്തുക്കൾ ബഹിരാകാശം ചുറ്റിയടിച്ചിട്ടുണ്ട്. 1965ൽ സോവിയറ്റ് ബഹിരാകാശയാത്രികർ കൊണ്ടുപോയതു മൂന്നു ബാരലുകളുള്ള ഒരു ഷോട്ഗണ്ണാണ്. 2008ലെ ഡിസ്കവറി മിഷനിൽ കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമായ ‘ബസ് ലൈറ്റ് ഇയർ’ ശൂന്യാകാശം സന്ദർശിച്ചു. അമേലിയ ഇയർഹാർട്ടിന്റെ സ്കാർഫ്, കുറച്ചു മൺകുടങ്ങൾ, ഒരു സാക്സോഫോൺ തുടങ്ങിയവയെല്ലാം ബഹിരാകാശ യാത്ര നടത്തി ജനങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com