ADVERTISEMENT

ആർഡി ബാനർജി എന്ന രഖൽ ദാസ് ബാനർജിയെ എത്ര പേരറിയുമെന്ന് അറിയില്ല. എന്നാൽ ഇന്ത്യാചരിത്രത്തെ തന്നെ മറ്റൊരു ദിശയിൽ കാണാൻ ലോകത്തെ പ്രേരിപ്പിച്ച ഒരു സംഭവം ആർഡി ബാനർജി വഴിയാണ് നടന്നത്. മോഹൻ ജൊദാരോ എന്ന മറഞ്ഞുകിടന്ന പ്രാചീന നഗരം കണ്ടെത്തിയത് അദ്ദേഹമാണ്. മോഹൻ ജൊദാരോ ഉൾപ്പെടുന്ന സിന്ധുനദീതട സംസ്കാരത്തെപ്പറ്റി നേരത്തെ തന്നെ അറിവുള്ളതാണ്. ഈ സംസ്കാരത്തെപ്പറ്റി ആദ്യം അറിവു ലഭിക്കുന്നത്, ആർക്കയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ദയാറാം സാഹ്നി ഹാരപ്പ നഗരം കണ്ടെത്തിയതോടെയാണ്. കൃത്യമായി പ്ലാൻ ചെയ്ത നഗരസംവിധാനങ്ങളും മലിനജലം ഒഴുക്കിക്കളയാനുള്ള കനാൽശൃംഖലയുമൊക്കെയുള്ള ഹാരപ്പ നഗരം 1921ൽ ആദ്യം കണ്ടെത്തിയപ്പോൾ പുരാവസ്തുഗവേഷകർ ഞെട്ടിപ്പോയി. ഇത്രയ്ക്കും വിപുലമായ ഒരു നഗരം ആരുമവിടെ പ്രതീക്ഷിച്ചിരുന്നില്ല. പിറ്റേവർഷമായിരുന്നു മോഹൻ ജൊദാരോയുടെ കണ്ടെത്തൽ. 

ബംഗാളിലാണ് ബാനർജി ജനിച്ചത്. കൽക്കട്ട സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ എംഎ നേടിയ ശേഷം അദ്ദേഹം ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ചേർന്നു.ബംഗാളി ഭാഷയുടെ ആദിമരൂപമായ പ്രോട്ടോ ബംഗാളി ആദ്യമായി പഠിച്ചതും ബാനർജിയാണ്. മോഹൻ ജൊദാരോ എന്ന വാക്കിനർഥം മരിച്ചവരുടെ കുന്നെന്നാണ്. .ഇന്ന് പാക്കിസ്ഥാനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന മോഹൻ ജൊദാരോ സിന്ധുനദീതട സംസ്കാരത്തിന്റെ പ്രബലകേന്ദ്രമായിരുന്നു.ആദിമകാലത്തെ ഏറ്റവും വികസിതമായ സാമൂഹിക വ്യവസ്ഥകളിലൊന്നായിരുന്നു സിന്ധുനദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരം. മോഹൻ ജൊദാരോ ആദ്യമായി കണ്ടെത്തിയിട്ട് 101 വർഷമാകുകയാണ് ഇപ്പോൾ.ഇന്നത്തെ പാക്കിസ്ഥാനിലും ഇന്ത്യയിലുമായി സിന്ധുനദീതട സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ വിവിധ നഗരങ്ങൾ താമസിയാതെ മറനീക്കി പുറത്തുവന്നു. ഗുജറാത്തിലെ ലോഥലും രാജസ്ഥാനിലെ കാലിബംഗാനുമൊക്കെ ഇതിൽ ഉൾപ്പെടും. 

മെസപ്പൊട്ടേമിയയിലും ഈജിപ്തിലുമൊക്കെ അക്കാലത്ത് നാഗരിക സംസ്കാരമുണ്ടായിരുന്നു. എന്നാൽ സിന്ധുനദീതട സംസ്കാരം സാങ്കേതിക ശേഷിയുടെ കാര്യത്തിൽ മുന്നിട്ടു നിന്നു. വീട്ടുപകരണങ്ങൾ, വീടുകളിൽ നിന്നുള്ള വെള്ളം കാനകളിലേക്ക് എത്തിക്കുന്ന സംവിധാനങ്ങൾ, സ്നാനഘട്ടം, ധാന്യപ്പുരകൾ എന്നിവയൊക്കെ സിന്ധു നദീതട സംസ്കാരത്തിൽപെട്ട നഗരങ്ങളിലുണ്ടായിരുന്നു. മോഹൻ ജൊദാരോ, ഹാരപ്പ എങ്ങനെയാണ് വാസയോഗ്യമല്ലാതായി നശിച്ചതെന്ന കാര്യത്തിൽ വിദഗ്ധർ തമ്മിൽ ഇന്നും ചർച്ചകൾ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ നിരവധി പ്രശ്നങ്ങളോ അല്ലെങ്കിൽ ശത്രുസേനകളുടെ ആക്രമണമോ അങ്ങനെയെന്തെങ്കിലുമൊക്കെയാകാം നഗരങ്ങളുടെ നാശത്തിനു കാരണമായതെന്ന് പൊതുവെ പല അഭിപ്രായങ്ങളുണ്ട്. 

കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ മാറ്റങ്ങളാണ് നഗരങ്ങളുടെ പതനത്തിനു വഴിവച്ചതെന്നു സിദ്ധാന്തം പിൽക്കാലത്ത് ഏറെ ശ്രദ്ധ നേടി. വരൾച്ചയോ പ്രകൃതിദുരന്തമോ അല്ലെങ്കിൽ പകർച്ച വ്യാധികളോ കാരണം ഇവിടെ താമസിച്ചിരുന്ന ജനസമൂഹം നശിച്ചിരിക്കാം അല്ലെങ്കിൽ അവർ താമസം മാറ്റിയിരിക്കാം എന്നായിരുന്നു ഇതു മുന്നോട്ടുവച്ചവർ പറഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com