വില 25 കോടി, ഇത് വെറുമൊരു ബസ് അല്ല! സഞ്ചരിക്കുന്ന ആഢംബരക്കൊട്ടാരം
Mail This Article
റോഡിൽ പലയിനം വാഹനങ്ങളുണ്ട്. കാറുകൾ, ബൈക്കുകൾ വാനുകൾ അങ്ങനെയങ്ങനെ അനേകം. ഇക്കൂട്ടത്തിൽ പ്രത്യേകതയുള്ള ബസുകൾ പോലെയുള്ള വാഹനങ്ങളാണ് റീക്രിയേഷനൽ വെഹിക്കിൾ അഥവാ ആർവി. മോട്ടോർഹോം, കാംപർവാൻ, കാരവൻ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. റീക്രിയേഷനൽ വെഹിക്കിൾ വിഭാഗത്തിൽ ഉൾപ്പെടുന്ന ബസുകളിൽ വലിയ വിലയുള്ള ഒന്നാണ് മാർച്ചി മൊബൈൽ എലമെന്റ് പലാസോ എന്ന വാഹനം. ലോകത്തിലെ ഏറ്റവും വിലകൂടിയതും ആഢംബര സൗകര്യങ്ങളുള്ളതുമായ ബസുകളിലൊന്നുംകൂടിയാണ് ഇത്. 25 കോടി രൂപയ്ക്കുമേലാണ് ഇതിന്റെ വില.
ഭാവികാലഘട്ടത്തിലേക്കെന്ന രീതിയിൽ നിർമിക്കപ്പെട്ട ഈ ബസ് കണ്ടാൽ ഹോളിവുഡ് സിനിമകളിലും മറ്റുമുള്ള ഒരു ബസ് മാതിരി തോന്നും. ഒരു ബഹിരാകാശവാഹനമാണോ അത്യാധുനിക ബോട്ടാണോ എന്നൊക്കെ സംശയം തോന്നാം.
ഏവിയേഷൻ, യാട്ട്, മോട്ടർസ്‌പോർട്ട്‌സ് ഡിസൈനുകൾ കൂട്ടിയിണക്കിയാണ് ഈ ബസിന്റെ നിർമാണം. ലൂഞ്ച് ഏരിയ, കിച്ചൻ, ബാത്ത്‌റൂം, മാസ്റ്റർ ബെഡ്‌റൂം തുടങ്ങിയ സൗകര്യങ്ങൾ ഈ ബസിലുണ്ട്. ഈ ബസിലുള്ള മൾട്ടിമീഡിയ സംവിധാനം യാത്രകൾ വളരെ ആസ്വാദ്യകരമാക്കുന്നതാണ്. രണ്ട് 42 ഇഞ്ച് എൽഇഡി സ്‌ക്രീനുകൾ, വയർലെസ്, സാറ്റലൈറ്റ് ടിവി, ഓഡിയോ സിസ്റ്റം, പ്രകാശനിയന്ത്രണ സംവിധാനം തുടങ്ങിയവ ഈ ബസിലുണ്ട്.
732 ചതുരശ്രമീറ്ററാണ് ഈ വാഹനത്തിന്റെ വിസ്തീർണം. ഇതിനുള്ളിൽ ബാർ, പാർട്ടി സൗകര്യങ്ങളുമുണ്ട്. 13.7 മീറ്റർ നീളവും 4 മീറ്റർ പൊക്കവുമുള്ളതാണ് ഈ ആഢംബര വാഹനം. പ്രത്യേക കാർബൺ ഫൈബർ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഈ വാഹനം സ്ഥിരതയും സംരക്ഷണവും നൽകുന്നു. ഈ വണ്ടിയിലെ മാസ്റ്റർ ബെഡ്റൂമും കിടക്കയും കമനീയമാണ്. കിങ് സൈസ് വലുപ്പത്തിലുള്ള ബെഡാണ് ഇതിലുള്ളത്.