ADVERTISEMENT

സിംഹങ്ങളുടെയും കടുവകളുടെയും തറവാടായ ഇന്ത്യയിൽ കഴിഞ്ഞവർഷം ചീറ്റകളെത്തി. ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തിയത്. ലോകത്തുള്ള മൊത്തം ചീറ്റകളിൽ പകുതിയും ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ബോട്സ്വാനയിലുമാണ് താമസിക്കുന്നത്. ഇപ്പോഴിതാ അങ്ങനെ വന്നൊരു ചീറ്റയായ ആശയ്ക്ക് 3 കുട്ടികൾ പിറന്നെന്ന സന്തോഷവാർത്ത വെളിയിലെത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് അമ്മയും കുഞ്ഞുങ്ങളും, 1952ൽ ആണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം വന്നുപോയത്. വംശനാശ ഭീഷണിയുള്ള ജീവികളായി ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണക്കാക്കുന്ന ചീറ്റകളിൽ വെറും 7000 എണ്ണം മാത്രമാണ് ഇന്ന് ലോകത്തുള്ളത്.

ചീറ്റകളിലെ ഒരു വിഭാഗമായ ഏഷ്യാട്ടിക് ചീറ്റപ്പുലികളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വംശനാശം സംഭവിച്ചുപോയ ഒരേയൊരു ജീവിവിഭാഗമാണ് ചീറ്റകൾ.  ഏഷ്യാട്ടിക് ചീറ്റകൾ അറേബ്യൻ ഉപദ്വീപ് മുതൽ അഫ്ഗാനിസ്ഥാൻ വരെയുള്ളിടങ്ങളിൽ പണ്ട് കാണപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇറാനിൽ മാത്രമാണ് ഇവയുള്ളത്. അവിടെയും 12 എണ്ണം മാത്രമാണ് ശേഷിക്കുന്നത്.

മുൻപ് തന്നെ ഇന്ത്യയിൽ ചീറ്റകളെ തിരിച്ചെത്തിക്കാനായി ശ്രമങ്ങളുണ്ടായിരുന്നു. എഴുപതുകളിൽ ഇറാനിൽ നിന്ന് കുറച്ചു ചീറ്റയെ ഇന്ത്യയിലെത്തിക്കാൻ ഊർജിത ശ്രമം നടന്നു. അന്ന് ഇറാനിൽ 300 ചീറ്റകളുണ്ടായിരുന്നു. എന്നാൽ ഷാ ഭരണകൂടം അധികാരത്തിൽ നിന്നു നിഷ്കാസിതരായതോടെ ഈ പദ്ധതി മുടങ്ങി. 

ലോകത്തിലെ സവിശേഷ മൃഗങ്ങളിലൊന്നാണ് ചീറ്റകൾ. ലോകത്തിലെ ജീവികളിൽ ഏറ്റവും വേഗത്തിൽ ഓടാനുള്ള കഴിവാണ് ചീറ്റകളെ അദ്വിതീയരാക്കുന്നത്. മണിക്കൂറിൽ 80 മുതൽ 100 വരെ കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മനുഷ്യരുടെ സാധാരണ വേഗം മണിക്കൂറിൽ 13 കിലോമീറ്റർ എന്നതാണ്. ഏറ്റവുമുയർന്ന വേഗം മനുഷ്യർ കൈവരിച്ചിട്ടുള്ളത് മണിക്കൂറിൽ 43.99 എന്ന വേഗവും (ഉസൈൻ ബോൾട്ട്)

സിംഹം, കടുവ, ജാഗ്വർ പുലി, ലെപ്പേർഡ് പുലി തുടങ്ങിയ ജീവിലോകത്തെ വീരശൂരപരാക്രമികൾ അടങ്ങിയ മാർജാര കുടുംബത്തിൽപെട്ടതാണു ചീറ്റകൾ. പുലികളെ അനുസ്മരിപ്പിക്കുന്ന ആകാരവും ഇവയ്ക്കുണ്ട്. എന്നാൽ കുടുംബത്തിന്‌റെയും രൂപത്തിന്‌റെയും ഗാംഭീര്യമൊന്നും ചീറ്റകളുടെ ശബ്ദത്തിനില്ല. പക്ഷികളെപ്പോലെ ചിർപ് ശബ്ദമാണ് ഇവയുടെ കരച്ചിൽ. യൂട്യൂബിലോ മറ്റോ ചീറ്റകളുടെ കരച്ചിലിനായി ഒന്നു തിരഞ്ഞുനോക്കൂ, പക്ഷികളാണ് കരയുന്നതെന്ന് നമുക്ക് തോന്നിപ്പോകും.

ചീറ്റകൾ സാധാരണ ഈ ശബ്ദമാണ് പുറപ്പെടുവിക്കാറുള്ളതെങ്കിലും മറ്റ് പലതരം ശബ്ദങ്ങളും ഇവയുടെ കണ്ഠനാളികളിൽ നിന്നു വരാറുണ്ട്. സീൽക്കാരങ്ങളും ചെറിയ കുരപോലുള്ള ശബ്ദങ്ങളുമൊക്കെ ഇക്കൂട്ടത്തിൽപെടും. എന്നാൽ ഇവയൊന്നും സിംഹങ്ങളുടെയോ പുലികളുടെയോ കടുവകളുടേയോ ഗർജനവുമായി താരതമ്യപ്പെടുത്താനാവില്ല. ചീറ്റകൾക്ക് ഗർജനത്തിനുള്ള കഴിവില്ല.

ചീറ്റകൾ പൊതുവെ നാണംകുണുങ്ങികളായ മൃഗങ്ങളാണ്. സിംഹം പോലുള്ള ശക്തരായ മൃഗങ്ങളുമായി സംഘർഷം ഉടലെടുക്കുന്ന പക്ഷം ഇവ പൊരുതാനല്ല, മറിച്ച് ഓടിരക്ഷപ്പെടാനാണു ശ്രമിക്കുക. മനുഷ്യരെ ആക്രമിക്കാനും ചീറ്റയ്ക്ക് വലിയ താൽപര്യമില്ല. വനങ്ങളിലും മറ്റും ചീറ്റകൾ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും കുറവാണ്.

English Summary:

Breakthrough in India's Big Cat Saga: Cheetah Asha Delivers Trio of Cubs at Kuno Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com