ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്നു. ബ്രസീലുൾപ്പെടെ പലരാജ്യങ്ങളിലായി പരന്നുകിടക്കുകയാണ് ഈ മഴക്കാടുകൾ. അത്യപൂർവമായ ജൈവ- വന്യജീവി സമ്പത്തും മരങ്ങളും സസ്യങ്ങളുമൊക്കെ ഇവിടെയുണ്ട്. ഇപ്പോഴിതാ ആമസോൺ കാട്ടിനുള്ളിൽ 2500 വർഷം പഴക്കമുള്ള നഗരശൃംഖല കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആയിരം ചതുശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലധികം  മേഖലയിലാണ് ഇതു വ്യാപിച്ചുകിടക്കുന്നത്.

ആമസോണിന്റെ ഭാഗമായ കിഴക്കൻ ഇക്വഡോറിലെ ഉപാനോ താഴ്‌വരയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ആദിമ റോഡുകളാൽ ബന്ധിക്കപ്പെട്ട 5 നഗരങ്ങളാണിവിടെ സ്ഥിതി ചെയ്യുന്നത്. ആമസോൺ മേഖലയി‍ൽ പെടുന്ന ബൊളീവിയൻ കാടുകൾക്കുള്ളിൽ ഒരു വൻനഗരം കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരത്തിന്റെ ശേഷിപ്പുകൾ ഹെലിക്കോപ്റ്ററിൽ ലേസർ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പര്യവേക്ഷണത്തിലാണു തെളിഞ്ഞത്. ബൊളീവിയയിലെ ലാനോസ് ഡി മോജോസ് മേഖലയിലാണ് ഈ ആദിമനഗരം. ആദിമ തെക്കൻ അമേരിക്കൻ സംസ്കാരങ്ങളുടെ മുഖമുദ്രയായ പിരമിഡുകൾ, കനാലുകൾ, പ്രത്യേക ദിശയിൽ നിർമിക്കപ്പെട്ട കെട്ടിടങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ടായിരുന്നു.

ഇവിടെ പാർത്തിരുന്ന കാസറബെ എന്ന ആദിമ നാഗരിക ഗോത്രമാണ് ഇവ നിർമിച്ചത്. എഡി 500 മുതൽ 1400 വരെയുള്ള കാലയളവിലാണ് ഈ ഗോത്ര സംസ്കൃതി ഇവിടെ പ്രബലമായിരുന്നത്. ഇന്നത്തെ കാലത്തെ ആമസോൺ വനത്തിന്റെ 1700 ചതുരശ്ര മൈലുകളോളം വിസ്തീർണത്തിൽ ഇവർ അധിവാസമുറപ്പിച്ചിരുന്നു. ലേസറുകൾ ഉപയോഗിച്ചുള്ള ലിഡാർ (ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ്) സാങ്കേതികവിദ്യയാണ് ഹെലികോപ്റ്ററുകളിൽ നിന്നു പര്യവേക്ഷകർ പ്രയോഗിച്ചത്. ഓട്ടമാറ്റിക് കാറുകളിലും മറ്റും ഗതിനിർണയിക്കാൻ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് ഇതും. ഒരു ലക്ഷ്യത്തിലേക്ക് അടിക്കുന്ന ലേസർ രശ്മികൾ തിരികെ എത്താനെടുക്കുന്ന സമയം കണക്കാക്കിയാണു ലിഡാറിന്റെ പ്രവർത്തനം. ഈ മാനദണ്ഡമുപയോഗിച്ച് ഒരു മേഖലയുടെ ഘടന മനസ്സിലാക്കി ചിത്രമെടുക്കും.

ആർക്കയോളജി, പര്യവേക്ഷണ മേഖലകളിൽ ഇപ്പോഴിത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും കൊടുംകാടുകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിലും. ഇതിനു ശേഷം ആമസോണിൽ നിന്ന് 24 മനുഷ്യനിർമിത ഘടനകൾ കണ്ടെത്തിയിരുന്നു. എർത്ത്‌വർക്ക്‌സ് എന്നറിയപ്പെടുന്ന ഈ ഘടനകൾ ഒരുകാലത്ത് ആമസോണിൽ താമസിച്ചിരുന്ന ആദിമജനത അവശേഷിപ്പിച്ച അടയാളങ്ങളാണ്. 500 മുതൽ ആയിരം വർഷങ്ങൾ മുൻപ് വരെ ആമസോണിൽ താമസിച്ചിരുന്ന ജനസമൂഹങ്ങളാണ് എർത്ത്‌വർക്‌സ് നിർമിച്ചത്. കിണറുകൾ, കുളങ്ങൾ, പാതകൾ, ഭൗമഘടനകൾ എന്നിങ്ങനെ പലതരത്തിലായാണ് എർത്ത് വർക്ക്‌സ്.

ആമസോൺ മഴക്കാടിന്റെ ദൃശ്യം (ഫയൽ ചിത്രം)
ആമസോൺ മഴക്കാടിന്റെ ദൃശ്യം (ഫയൽ ചിത്രം)

മതപരമായ ചടങ്ങുകൾ, പ്രതിരോധാവശ്യം എന്നിവയ്ക്കായാണ് ഈ ഘടനകളിൽ പലതും നിർമിച്ചത്. ആമസോണിലേക്ക് യൂറോപ്പിൽ നിന്നുള്ള കൊളോണിയൽ സഞ്ചാരികൾ എത്തുന്നതിനു മുൻപുള്ള ജനസമൂഹങ്ങൾ എങ്ങനെയായിരുന്നെന്ന സൂചനകൾ ഇവ നൽകുന്നു.  ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എർത്ത് വർക്ക്‌സ് കണ്ടെത്തുന്നത്. ആമസോൺ കാടുകൾ വലിയ വിസ്തീർണമുള്ളവയാണ്. ഇവ മുഴുവൻ ലിഡാർ ഉപയോഗിച്ച് നിരീക്ഷിക്കുക അസാധ്യമാണ്. അതിനാൽ തന്നെ പതിനായിരത്തിലധികം ഇത്തരം ഘടനകൾ കണ്ടെത്താനാകാതെ കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ടാകുമെന്ന് ഗവേഷകർ അന്ന് പറഞ്ഞിരുന്നു.

English Summary:

Revolutionary discovery: Ancient city found hidden in Amazon jungle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com