ADVERTISEMENT

നാസയുടെ ജൂണോ പേടകം എടുത്ത, വ്യാഴത്തിന്റെ ചന്ദ്രൻ ഇയോയുടെ ചിത്രം പുറത്തുവിട്ട് നാസ. ഇയോയുടെ 1500 കിലോമീറ്റർ സമീപത്തുള്ള  മേഖലയിലേക്ക് പറക്കൽ നടത്തിയ ജൂണോ അവിടെവച്ചെടുത്ത ചിത്രമാണിത്. വ്യാഴത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ചന്ദ്രനാണ് ഇയോ. ഭൂമിയുടെ ചന്ദ്രനെക്കാൾ അൽപം വലുതാണ് ഇത്. വിഖ്യാത ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയാണ് ഇയോയെ കണ്ടെത്തിയത്.

സൗരയൂഥത്തിലെ ഏറ്റവും ശക്തമായ അഗ്നിപർവത പ്രവർത്തനങ്ങളുള്ളത് ഇയോയിലാണ്. നൂറിലേറെ അഗ്നിപർവതങ്ങൾ ഇവിടെയുണ്ട്. ഇരുപതിലധികം കിലോമീറ്റർ പൊക്കത്തിൽ പുകയും ചാരവും ലാവയും ഇവ വമിപ്പിക്കുന്നു. എവറസ്റ്റ് കൊടുമുടിയേക്കാൾ ഉയരമുള്ള പർവതങ്ങൾ ഇവിടെയുണ്ട്.

ഒരു ഗുരുത്വാകർഷണ വടംവലിയിലാണ് ഇയോ സ്ഥിതി ചെയ്യുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും ഗ്രഹത്തിന്‌റെ മറ്റു രണ്ടു ചന്ദ്രൻമാരായ യൂറോപ്പയും ഗാനിമീഡും ഇയോയ്ക്കു മേൽ ഗുരുത്വാകർഷണം ഏർപ്പെടുത്തുന്നുണ്ട്. ഭൂമിയുടെ ചന്ദ്രനെപ്പോലെ തന്നെ വ്യാഴവുമായി ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസത്തിൽ ഏർപ്പെട്ടിട്ടുണ്ട് ഇയോയും.. വ്യാഴത്തിൽ നിന്നാൽ ഇയോയുടെ ഒരു വശം മാത്രമേ എപ്പോഴും കാണാൻ സാധിക്കൂ.

ഇത്രയധികം അഗ്നിപർവതങ്ങൾ സജീവമായി നിലനിൽക്കുന്നതിനാൽ നേർത്തതും വിഷലിപ്തമായതുമായ അന്തരീക്ഷമാണ് ഇയോയ്ക്കുള്ളത്. സൾഫറിന്റെ ആധിക്യം ഇയോയുടെ അന്തരീക്ഷത്തിലുണ്ട്.

ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഗാനിമീഡ്, യൂറോപ്പ, കലിസ്റ്റോ തുടങ്ങിയ അനേകം ചന്ദ്രൻമാരും വ്യാഴത്തെ വലംവയ്ക്കുന്നു. വ്യാഴത്തിന്റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്. 

ജൂപ്പിറ്ററിലെ ഒരു ദിവസത്തിനു ഭൂമിയിലെ 10 മണിക്കൂറോളം ദൈർഘ്യമേ ഉള്ളൂ. ഗ്രഹത്തിന്റെ ഉൾക്കാമ്പിലെ താപനില 35,000 ഡിഗ്രി സെൽഷ്യസാണ്. ഗുരുത്വാകർഷണം കൂടിയതിനാൽ എന്തിനെയും വലിച്ചടുപ്പിക്കും. പലപ്പോഴും ഭൂമിക്കു നേരെ വരുന്ന ചില ഭീകരൻ ഛിന്നഗ്രഹങ്ങളെ ജൂപ്പിറ്റർ വഴിതിരിച്ചുവിട്ടിട്ടുണ്ട്. 1994ൽ നമുക്ക് നേരെ വന്ന ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രത്തെ പിടിച്ചെടുത്തത് ജൂപ്പിറ്ററാണ്. വ്യാഴത്തിന് ഒരു കാലത്ത് വലയങ്ങളുണ്ടായിരുന്നെന്നും ഇവ പിന്നീട് അപ്രത്യക്ഷമായതാണെന്നും ഇടയ്ക്ക് സിദ്ധാന്തങ്ങളുണ്ടായിരുന്നു. ഇന്നും മങ്ങിയ നിലയിലുള്ള വലയങ്ങൾ  കാണാം.

English Summary:

NASA releases incredible photo of Io

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com