ADVERTISEMENT

ഐസ്‌ലൻഡിൽ ഭൂചലനങ്ങളും ഇടയ്ക്കിടെയുള്ള അഗ്നിപർവതവിസ്ഫോടനങ്ങളും തുടരുകയാണ്. കഴിഞ്ഞിടെ ഈ നഗരത്തിനു സമീപം പൊട്ടിത്തെറിച്ച മൗണ്ട് ഫാഗ്രഡസ്ജാൽ  എന്ന അഗ്നിപർവതം ലാവാപ്രവാഹം പുറപ്പെടുവിച്ചു. ഗ്രിൻഡാവിക് നഗരത്തെ ഒഴിപ്പിക്കണമെന്ന തീരുമാനം അതിനു മുൻപേ അധികൃതർ എടുത്തിരുന്നു. അഗ്നിപർവത സ്ഫോടനത്തിനു മുൻപ് തന്നെ മുന്നറിയിപ്പെന്നവണ്ണം ചെറുഭൂചലനങ്ങളുണ്ടായതായിരുന്നു കാരണം.

നാലായിരത്തോളം ആളുകൾ പാർത്തിരുന്ന പട്ടണമാണ് ഗ്രിൻഡാവിക്. പട്ടണം ഇപ്പോൾ ഒരു പ്രേതപ്പട്ടണത്തിനു സമാനമായി. ആരും ഇന്നിവിടെയില്ല. ഇനി തങ്ങളുടെ വാസസ്ഥലത്തേക്കു പോകാൻ പറ്റുമോയെന്ന ആശങ്കയിലാണ് പട്ടണവാസികൾ. ഗ്രിൻഡവിക്കിനെ ഹൈറിസ്ക് മേഖലയായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐസ്ലൻഡിൽ തുടർച്ചയായി ഭൂചലനങ്ങൾ അനുഭവപ്പെടുന്നത് ലോകമെങ്ങും കഴിഞ്ഞദിവസങ്ങളിൽ വാർത്തയായിരുന്നു.  ചില സയൻസ് ഫിക്ഷൻ സിനിമകളിലൊക്കെ കാണുന്നപോലെ റോഡുകളൊക്കെ പൊട്ടിമാറി ഗർത്തങ്ങളാകുന്ന കാഴ്ചയും രാജ്യത്തുണ്ട്. 13ന് 12 മണിക്കൂറിനുള്ളിൽ രാജ്യത്ത് സംഭവിച്ചത് 900 ഭൂചലനങ്ങളാണ്. ഭൂചലനഭീഷണിക്ക് പണ്ടേ പേരുകേട്ടതാണ് ഐസ്‌ലൻഡ്. 2021ൽ ഒരാഴ്ച രാജ്യത്ത് സംഭവിച്ചത് 18000ൽ അധികം ഭൂചലനങ്ങളാണ്. 

വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ ദ്വീപ രാജ്യമാണ് ഐസ്‌ലൻഡ്. വെറും നാലുലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്‌ലൻഡ് യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യമാണ്. ജനസംഘ്യയിൽ മൂന്നിൽ രണ്ടു ഭാഗവും തലസ്ഥാനമായ റെയ്ക്ജാവിക്കിലും പരിസരപ്രദേശങ്ങളിലുമാണ് ജീവിക്കുന്നത്. ആളുകൾ തിങ്ങിപ്പാർക്കുന്ന റെയ്ക്ജാനീസ് മേഖലയിൽ മൗണ്ട് ഫാഗ്രഡസ്ജാലിനൊപ്പം മൗണ്ട് കേയ്‌ലിർ  എന്ന അഗ്നിപർവതവും ഭീഷണിയുയർത്തുന്നതാണ്. ഐസ്‌ലൻഡിന്റെ തലസ്ഥാന നഗരമായ റെയ്ക്ജവീക്കിനു തൊട്ടടുത്തുള്ള മേഖലയാണ് റെയ്ക്ജാനീസ്. 

2010ൽ ഐസ്‌ലൻഡിൽ മറ്റൊരു മേഖലയിൽ സംഭവിച്ച അഗ്നിപർവത വിസ്‌ഫോടനത്തിൽ വലിയ പൊട്ടിത്തെറി നടക്കുകയും തീയും പുകയും ആകാശത്തേക്കുയരുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് ലോകവ്യാപകമായി നൂറുകണക്കിന് വിമാനങ്ങൾ നിർത്തിവച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. യൂറോപ്പിൽ നടന്ന ഒരു ചാംപ്യൻഷിപ് മൽസരത്തിൽ പങ്കെടുക്കാൻ ലിവർപൂൾ ഫുട്‌ബോൾ ടീം ഇതു മൂലം തടസ്സം നേരിട്ടതൊക്കെ അന്നു വാർത്തയായിരുന്നു.

ഭൗമപ്ലേറ്റുകളുടെ അതിർത്തിയായ മിഡ് അറ്റ്‌ലാന്‌റിക് റിഡ്ജിൽ സ്ഥിതി ചെയ്യുന്നതിനാൽ ഐസ്‌ലൻഡിൽ ഭൂചലനസാധ്യത എപ്പോഴുമുണ്ട്. രാജ്യത്തിന്റെ ഉപരിതലത്തിനു താഴെ ഭൂഗർഭ പർവതങ്ങളുമുണ്ട്. ഇവ വടക്കനമേരിക്കൻ, യൂറേഷ്യൻ പ്ലേറ്റുകളെ എപ്പോഴും തമ്മിൽ അകറ്റാനായി സമ്മർദ്ദം ചെലുത്തിക്കൊണ്ടുമിരിക്കുകയാണ്. ഇതിനാലാണ് ഭൂചലന സാധ്യത എപ്പോഴും ഐസ്‌ലൻഡിൽ ശക്തമായി നിലനിൽക്കുന്നത്. ഭൂചലന പ്രവണത കൂടുതലുള്ളതിനാൽ, ഇതു സംബന്ധിച്ച വകുപ്പുകളും നെറ്റ്​വർക്കുകളും രക്ഷാസേനകളുമൊക്കെ വളരെ ഊർജിതമാണ് ഐസ്‌ലൻഡിൽ.

English Summary:

Volcanic Eruption Turns Bustling Town into Iceland's Newest Ghost Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com