ADVERTISEMENT

കൂട്ടുകാരെ നിങ്ങൾ കടൽ കണ്ടിട്ടില്ലേ? കടലിൽ നിറയെ ഉപ്പുരസമുള്ള വെള്ളമാണെന്ന് നമുക്കറിയാം. എന്നാൽ കടൽ ജലത്തിൽ അടങ്ങിയിട്ടുള്ള സ്വർണത്തെപ്പറ്റി അറിയുമോ? സമുദ്രജലത്തിൽ വ്യാപകമായി സ്വർണം അടങ്ങിയിട്ടുണ്ട്. സമുദ്രജലം ഒരു ലീറ്റർ എടുത്താൽ വളരെ ചെറിയ അളവിലായിരിക്കും സ്വർണമുള്ളത്. എന്നാൽ മൊത്തം സമുദ്രത്തിലെ ജലം കണക്കാക്കുമ്പോൾ ഏകദേശം 2 കോടി ടൺ സ്വർണമാണ് സമുദ്രജലത്തിൽ. 1872ൽ ബ്രിട്ടിഷ് രസതന്ത്രജ്ഞനായ എഡ്വേഡ് സോൻസ്റ്റാഡാണ് ഇക്കാര്യം കണ്ടെത്തിയത്. അതിനു ശേഷം പലരും ഇതു കണ്ടെടുക്കാനായി വലിയ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതെങ്ങനെ വേർതിരിച്ചെടുക്കാമെന്ന് ആർക്കും ഒരൂഹവുമില്ല. ഒന്നുമാത്രമറിയാം. വലിയ ചെലവും അധ്വാനവുമുള്ള കാര്യമാണിത്.

കടലിലടങ്ങിയ സ്വർണം അറിഞ്ഞല്ലോ. ഇനി കടലിൽ മറഞ്ഞ കുറച്ച് നിധികളെക്കുറിച്ച് അറിഞ്ഞാലോ? കൊളംബിയൻ തീരത്ത് 1708ൽ ഒരു സ്പാനിഷ് കപ്പൽ കരീബിയൻ തകർന്നു. സ്വർണവും വെള്ളിയും മരതകങ്ങളുമൊക്കെ ഉൾപ്പെടെ ഏകദേശം 2000 കോടി രൂപയുടെ മൂല്യമുള്ള നിധി ഈ കപ്പൽചേതത്തിൽ ഉറങ്ങുന്നുണ്ടെന്നു കൊളംബിയൻ അധികൃതർ പറയുന്നു. ഏകദേശം 3 നൂറ്റാണ്ടിനു മുൻപ് നടന്ന ഈ കപ്പൽചേതത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് കൊളംബിയ സർക്കാർ. ആളില്ലാ റോബട്ടിക് പേടകങ്ങളെ കടലിനുള്ളിലേക്കു വിട്ടാണു പരിശോധന നടത്താനും നിധി തിരിച്ചെടുക്കാനും ശ്രമിക്കുന്നത്.

കപ്പൽച്ചേതങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് സാൻ ഹോസെ സംഭവം. അന്നത്തെ തെക്കൻ അമേരിക്കൻ കോളനികളിൽ നിന്ന് നൂറിലധികം സ്റ്റീൽ പെട്ടികളിൽ വിലപിടിപ്പുള്ള വസ്തുക്കൾ നിറച്ച് സ്പെയിനിലേക്കു പുറപ്പെട്ടതാണ് കപ്പൽ. 200 ടൺ ഭാരമുള്ള സ്വർണനാണയങ്ങൾ മാത്രം ഈ കപ്പലിലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. അന്നു കടലിൽ പ്രതിയോഗികളുമായി നടന്ന പോരാട്ടത്തിൽ കപ്പൽ തകരുകയും നിധിയുൾപ്പെടെ കടലിൽ മുങ്ങുകയും ചെയ്തു. പിന്നീട് ഒരുപാട് കാലം ഈ നിധി ദുരൂഹതയിൽ മറഞ്ഞുകിടന്നു. 2015ൽ സ്വന്തം കടൽമേഖലയിൽ ഈ കപ്പൽച്ചേതമുണ്ടെന്നു കൊളംബിയ പറഞ്ഞു. ഇതു സ്ഥിതി ചെയ്യുന്ന സ്ഥലം ഇന്നും രഹസ്യമാണ്.

ഈ കപ്പലിനോട് സമാനമായ നിലയിൽ ചരിത്രമുള്ള മറ്റൊരു കപ്പലുണ്ട്. അതിന്റെ പേരാണ് ലൂട്ടിൻ. 225 വർഷം മുൻപാണു ജർമനിയിലേക്കു പോയ ബ്രിട്ടിഷ് കപ്പലായ എച്ച്എംഎസ് ലൂട്ടിൻ മുങ്ങുന്നത്. ടൺകണക്കിനു സ്വർണവും വെള്ളിയും കയറ്റിയ കപ്പലായിരുന്നു അത്. ഇന്നും കപ്പലിലെ അമൂല്യനിധി കണ്ടെടുത്തിട്ടില്ല. ഇതിനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ആഴങ്ങളിലെവിടെയോ ലൂട്ടിനിലെ കാണാപ്പൊന്ന് സാഹസികരെയും കാത്തിരിക്കുന്നെന്ന് നിധിവേട്ടയ്ക്കു പുറപ്പെടുന്നവർ വിശ്വസിക്കുന്നു.

‌ബ്രിട്ടിഷ് ചരിത്രത്തിലെ കുപ്രസിദ്ധനായ രാജാവാണ് കിങ് ജോൺ.ഫ്രാൻസുമായുള്ള യുദ്ധത്തിൽ തോറ്റ ജോണിന് അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ നല്ലൊരു പങ്ക് നഷ്ടമായി. തുടർന്ന് കിരീടം തെറിച്ചു. 1215ൽ മാഗ്നാ കാർട്ട ഉടമ്പടിയിൽ ഇദ്ദേഹം ഒപ്പു വച്ചതോടെ രാജകുടുംബത്തിന്റെ ഏകാധിപത്യത്തിനും മങ്ങലേറ്റു. 1216 ആയപ്പോഴേക്കും ഭരണത്തിൽ ജോൺ തീരെ ദുർബലനായി. വലിയ സമ്പത്തുമായി സ്ഥലം വിട്ട ജോണിന്റെ നിധി കടൽത്തീരത്താഴ്ന്നുപോയെന്നാണ് കഥ. ഇന്നുമതിനായി തിരച്ചിൽ തകൃതിയാണ്.

English Summary:

Hidden Wealth Beneath the Waves: The Challenge of Accessing the Earth's Sunken Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com