ADVERTISEMENT

കായംകുളം ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ 101 വയസ്സുകാരനായ കെ.എ.ബെക്കറിൽ മിന്നിമറയുന്നത് സ്വാതന്ത്യ പുലരിയുടെ ജ്വലിക്കുന്ന സ്മരണകൾ.1938ൽ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് സ്വാതന്ത്യ സമര മുഖത്തെത്തിയത്. പൊലീസ് ലാത്തി ചാർജിൽ കൊടിയ മർദനത്തിന് വിധേയനായെങ്കിലും സമരമുഖത്ത് നിന്ന് പിൻമാറിയില്ല.1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിലും 1945ലും 1947ലും അറസ്റ്റ് വരിച്ചു ജയിലിലടച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ചരിത്ര മുഹൂർത്ത വേളയിൽ ബെക്കർ ജയിലിൽ കഴിയുകയായിരുന്നു.‍ 

1947 ഓഗസ്റ്റ് 16ന് ആണ് ഇദ്ദേഹം ജയിൽമോചിതനാകുന്നത്. ജയിലിൽ പുറത്തിറങ്ങുമ്പോൾ നാടെങ്ങും സ്വാതന്ത്ര്യ പുലരിയുടെ ആഘോഷം അലയടിക്കുകയായിരുന്നു. ഗാന്ധിജിയെ നേരിൽകണ്ട അനുഭവം നിറകണ്ണുകളോടെയാണ് ഓർമിക്കുന്നത്. സ്വാതന്ത്ര്യസമരത്തെ എതിർത്തവരും അധികാരമോഹികളും സ്വാതന്ത്ര്യാനന്തരം കോൺഗ്രസിലെത്തിയതിൽ ബെക്കറിനെ പോലെയുള്ളവർ ദുഖിതരായിരുന്നു. തുടർന്ന് കോൺഗ്രസ് വിട്ടു. 1947ൽ കായംകുളത്ത് രൂപപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി സെല്ലിലെ നാലു പേരിൽ ഒരാളായി മാറി. 1954ലെ ട്രാൻസ്പോർട്ട് സമരത്തിലും സജീവമായി പങ്കെടുത്തു.‍

1956ൽ കായംകുളം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1964ലെ പാർട്ടി പിളർപ്പോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വം പുതുക്കിയില്ല. എന്നാൽ, ഇന്നും 73 വർഷം പഴക്കം വരുന്ന തന്റെ മെംബർഷിപ്പ് രേഖ നിധി പോലെ സൂക്ഷിക്കുന്നുണ്ട്. പെരിങ്ങാല പടിപ്പുരക്കൽ വീട്ടിൽ കാസിയാരു കുഞ്ഞിന്റെയും മൈമൂനയുടേയും രണ്ടാമത്തെ മകനായി 1922ൽ ആണ് ജനനം. കായംകുളം ചേരാവള്ളി സൗഹൃദം വീട്ടിൽ ഇളയ മകനോടും ഭാര്യയോടും ഒപ്പം വിശ്രമ ജീവിതം നയിക്കുന്നു. വാർധക്യത്തിന്റെ കൊടിയ അവശതകൾക്കിടയിലും സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. കാർത്തികപ്പള്ളി താലൂക്ക് ആസ്ഥാനത്ത് ഇന്നലെ ദേശീയ പതാക ഉയർത്തിയത് ഇദ്ദേഹമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com