ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ മലയാളം കമന്റേറ്ററായി; ആവേശം പന്താടിയത് അജുവിന്റെ വാക്കുകളിൽ
Mail This Article
ഹരിപ്പാട് ∙ ഖത്തർ ലോകകപ്പിന്റെ വീര്യം ചോരാതെ മലയാളികളിൽ എത്തിച്ചത് അപ്പർ കുട്ടനാട്ടുകാരൻ. വീയപുരം മേൽപാടം വടക്കേയറ്റത്ത് അജു ജോൺ തോമസ് (28) ആണ് ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ മലയാളം കമന്റേറ്ററായി ശ്രദ്ധനേടിയത്. നെഹ്റു ട്രോഫി ഉൾപ്പെടെയുള്ള വള്ളംകളിയുടെ ആവേശം കരകളിൽ എത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് അജു ലോകകപ്പിനു കമന്ററി പറഞ്ഞത്.
ജിയോ സിനിമ ആപ്പിൽ ലോകകപ്പ് തൽസമയം സ്ട്രീം ചെയ്തപ്പോൾ മലയാളം കമന്റേറ്ററായിരുന്നു അജു. ഫിഫ ലോകകപ്പിന് കമന്ററി പറയാനുള്ള അവസരം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കല്യാണം കഴിഞ്ഞ് 3 ദിവസം കഴിഞ്ഞപ്പോഴാണ് മുംബൈയിലെ സ്റ്റുഡിയോയിൽ എത്താൻ ക്ഷണം ലഭിച്ചത്.
ഓരോ ദിവസത്തെയും മത്സരത്തിന് മുൻപ് ഇരു ടീമുകളെക്കുറിച്ചും കളിക്കാരെക്കുറിച്ചും ലഭിക്കാവുന്ന വിവരങ്ങൾ മുഴുവൻ ശേഖരിച്ചു. ഊണും ഉറക്കവുമൊഴിവാക്കി പഠിച്ചാണ് ഓരോ മത്സരത്തിനും തയാറെടുത്തത്. ഭാര്യ ലിൻസി കൂടെയില്ലായിരുന്നെങ്കിലും ഫുട്ബോൾ കളിക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ സഹായിച്ചെന്ന് അജു പറഞ്ഞു.
2016ൽ കരുവാറ്റ വള്ളംകളിക്ക് കമന്ററി പറഞ്ഞായിരുന്നു തുടക്കം. കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്ന പിതാവ് സന്തോഷ് ട്രോഫി ഫുട്ബോൾ കളിയുടെ കമന്റേറ്ററായിരുന്നു. കേരള പ്രീമിയർ ലീഗിലൂടെയാണ് ഫുട്ബോളിൽ ആദ്യമായി കമന്ററി പറയുന്നത്. കേരള വിമൻസ് ലീഗിലും കമന്ററി പറഞ്ഞു.
കേരള പ്രീമിയർ ലീഗിലെ കമന്ററി പ്രൊഡ്യൂസർമാരായ ജോസഫ്, ശ്രീജിത്ത് എന്നിവരാണു ഫിഫ ലോകകപ്പിൽ കമന്റേറ്ററാകുന്നതിനു വഴി തുറന്നത്. ബിജു ജോൺ-മോനി ദമ്പതികളുടെ മകനായ അജു മെക്കാനിക്കൽ എൻജിനീയറാണ്. ദുബായിൽ നഴ്സായി ജോലി ചെയ്യുന്ന ലിൻസിയാണ് ഭാര്യ. അജുവിന്റെ സഹോദരൻ അജോയും കമന്ററി രംഗത്തു സജീവമാണ്.